'അവരെഴുതിയ കുറിപ്പിൽ വടുക്കെട്ടുപോയെന്ന് കരുതിയ പഴയ മുറിപ്പാടുകളിൽനിന്ന് ചോര പൊടിയുന്നത് ഞാൻ കണ്ടു'
തിരുവനന്തപുരം: റെക്കോർഡുകൾ തീർത്ത് മുന്നേറുമ്പോഴും എമ്പുരാൻ സിനിമയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഘപരിവാർ അനുകൂലികൾ സിനിമയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഒടുവിൽ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സിനിമ റീഎഡിറ്റ് ചെയ്ത് പുതിയ പതിപ്പ് ഇന്ന് മുതൽ തിയറ്റുകളിൽ പ്രദർശിപ്പിക്കും. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
മോഹൻലാൽ അറിയാതെയാണ് വിവാദമായ രംഗങ്ങൾ എടുത്തതെന്ന് ഉൾപ്പെടെ ആരോപണം ഉയർന്നു. ഇതിന് പിന്നാലെ പൃഥ്വിരാജിന് എതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് അമ്മ മല്ലിക സുകുമാരനും രംഗത്തെത്തി. എന്നാൽ മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിന് താഴെയും രൂക്ഷമായ വിമർശനം ഉയർന്നു.

ഇപ്പോൾ മല്ലിക സുകുമാരനെ പിന്തുണത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. എമ്പുരാനെ കുറിച്ചുള്ള രാഷ്ട്രീയവിവാദങ്ങളിൽ അവരുടെ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതും വ്യക്ത്യധിക്ഷേപങ്ങൾ നടത്തുന്നതും ശക്തമായി എതിർക്കുന്നുവെന്ന് ശാരദക്കുട്ടി പറഞ്ഞു.
കഴിവും അറിവും സിദ്ധിയും പക്വതയും ഉള്ള മക്കളെ വളർത്തിയെടുത്ത്, അവരെ ജീവിക്കാൻ വിട്ടിട്ട് സ്വന്തം കരിയറിൽ ശ്രദ്ധ പുലർത്തി ജീവിക്കുന്ന വ്യക്തിയാണവർ. പക്ഷേ മക്കളെ ആരെങ്കിലും ദുരുദ്ദേശത്തോടെ തൊട്ടാൽ അവർ സർവ്വശക്തിയുമെടുത്ത് എതിർത്ത് മക്കൾക്കൊപ്പം നിൽക്കും, ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശാരദക്കുട്ടി കുറിച്ചു. എത്രനേരം സ്വകാര്യസംഭാഷണം നടത്തിയാലും തമാശക്കു പോലും മറ്റൊരാളെ വേദനിപ്പിക്കുന്ന ഭാഷ മല്ലികചേച്ചി പറയില്ലെന്നും എന്നാൽ എന്നും പറയേണ്ടത് പറഞ്ഞു മാത്രം ജീവിച്ചു വിജയിച്ച കുടുംബമാണ്. ഇനിയും അങ്ങനെ തന്നെയേ അവർക്കു കഴിയൂവെന്നും ശാരദകുട്ടി പറഞ്ഞു. എത്ര ഉന്നത നിലയിലുള്ളവർക്കും അപവാദങ്ങൾ വേദനയുണ്ടാക്കുമെന്നും ശാരദക്കുട്ടി കുറിച്ചു.
ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ്:
എന്തെല്ലാം പ്രകോപനങ്ങളുണ്ടാക്കിയാലും ഒടുവിൽ നമ്മൾ ചേച്ചീ എന്നൊന്ന് സ്നേഹത്തോടെ വിളിച്ചാൽ കണ്ണുനിറഞ്ഞ് കെട്ടിപ്പിടിക്കും മല്ലികച്ചേച്ചി എന്ന് ഞാൻ വിളിക്കുന്ന മല്ലികാ സുകുമാരൻ. കഴിവും അറിവും സിദ്ധിയും പക്വതയും ഉള്ള മക്കളെ വളർത്തിയെടുത്ത്, അവരെ ജീവിക്കാൻ വിട്ടിട്ട് സ്വന്തം കരിയറിൽ ശ്രദ്ധ പുലർത്തി ജീവിക്കുന്ന വ്യക്തിയാണവർ.
പക്ഷേ മക്കളെ ആരെങ്കിലും ദുരുദ്ദേശത്തോടെ തൊട്ടാൽ അവർ സർവ്വശക്തിയുമെടുത്ത് എതിർത്ത് മക്കൾക്കൊപ്പം നിൽക്കും. മല്ലികാസുകുമാരനെ ഞാൻ പ്രത്യേകിച്ച് സപ്പോർട്ട് ചെയ്യേണ്ട കാര്യമൊന്നുമില്ല. കാരണം, കടലിൽ തുഴഞ്ഞവർ തോട് കണ്ടാൽ ഭയപ്പെടില്ല എന്നറിയാം.
എങ്കിലും, അനിയത്തീ എന്നു മാത്രം വിളിച്ച് എന്നോട് സംസാരിക്കുന്ന മല്ലികച്ചേച്ചിക്ക് ഒപ്പമുണ്ടെന്ന് പറഞ്ഞാലേ ഇന്നെനിക്ക് സമാധാനമാകൂ.
ഇന്നവരെഴുതിയ കുറിപ്പിൽ അവർ തുഴഞ്ഞ തുഴച്ചിലിൻ്റെ, വടുക്കെട്ടുപ്പോയെന്ന് നമ്മൾ കരുതിയ പഴയ മുറിപ്പാടുകളിൽ നിന്ന് ചോര പൊടിയുന്നത് ഞാൻ കണ്ടു. എത്ര ഉന്നത നിലയിലുള്ളവർക്കും അപവാദങ്ങൾ വേദനയുണ്ടാക്കും.
എത്രനേരം സ്വകാര്യസംഭാഷണം നടത്തിയാലും തമാശക്കു പോലും മറ്റൊരാളെ വേദനിപ്പിക്കുന്ന ഭാഷ മല്ലികചേച്ചി പറയില്ല. എന്നാൽ എന്നും പറയേണ്ടത് പറഞ്ഞു മാത്രം ജീവിച്ചു വിജയിച്ച കുടുംബമാണ്. ഇനിയും അങ്ങനെ തന്നെയേ അവർക്കു കഴിയൂ.
എമ്പുരാനെ കുറിച്ചുള്ള രാഷ്ട്രീയവിവാദങ്ങളിൽ അവരുടെ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതും വ്യക്ത്യധിക്ഷേപങ്ങൾ നടത്തുന്നതും ശക്തമായി എതിർക്കുന്നു. എപ്പോഴും നിങ്ങൾക്കും കുടുംബത്തിനും ഒപ്പമുണ്ട് ചേച്ചീ.
എസ്. ശാരദക്കുട്ടി
ഇന്നലെയാണ് എമ്പുരാനുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ ഉയരുന്ന വിമർശനങ്ങൾ മറുപടിയുമായി മല്ലികാ സുകുമാൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. എമ്പുരാൻ സിനിമയിൽ മോഹൻലാലും ആന്റണി പെരുമ്പാവൂരും കാണാത്ത ഒരു രംഗം പോലും ഇല്ലെന്നും ചിലർ ഈ വിഷയത്തിൽ മനപൂർവ്വം തെറ്റിദ്ധാരണ പരത്തുകയാണെന്നും മല്ലികാ സുകുമാരൻ പറഞ്ഞിരുന്നു. പൃഥ്വിരാജിനെ വിമർശിച്ച മേജർ രവിക്കും മല്ലിക സുകുമാരൻ മറുപടി നൽകി. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ ഒരിക്കലും പറയില്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞു.
അതേ സമയം വിവാദങ്ങൾ ശക്തമാകുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്. 'ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്.
അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു, എന്നാണ് അദ്ദേഹം പറഞ്ഞത്.
മോഹൻ ലാൽ പങ്കുവെച്ച കുറിപ്പ് പൃഥ്വിരാജ് ഷെയർ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ പൃഥ്വിരാജിനെതിരെയുള്ള വിമർശനം ശക്തമായി.'' നീയൊക്കെ കൂടി ഞങ്ങൾ മലയാളികളുടെ മാനം കളഞ്ഞല്ലോ.... അയാളും പടവും കണ്ടിട്ടില്ല ഒന്നു അറിഞ്ഞുകൂടാ പാവം ആദ്യം തന്നെ പേടിച്ചു വിറങ്ങലിച്ച് പനിപിടിച്ച് അകത്തു കയറി.... നീയാണെങ്കിൽ അത് ഷെയർ ചെയ്തു.
നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയും വെച്ച് കെട്ടി നടക്കുന്നവരെ വെച്ച് പടം പിടിച്ചാൽ ഇതല്ല ഇതിനപ്പുറം സംഭവിക്കും, നിനക്ക് ഇനിയും മതിയായില്ലേ. ഏട്ടനെ ഒരു മൂലയ്ക്കു ആക്കി പിന്നെയും മുറുമുറുപ്പ് ആണല്ല രായപ്പാ, മലയാളികളുടെ മഹാ നടനെ ബലിയാടാക്കിയ അഹങ്കാരിയായ നടൻ, നിലപാടില്ലാത്ത പതിനായിരം മനുഷ്യരുടെ കൂടെ നിൽക്കുന്നതിനേക്കാൾ നല്ലതാണ് നിലപാടുള്ള അര മനുഷ്യൻറെ കൂടെ നിൽക്കുന്നത് എന്നിങ്ങനെ പോകുന്നു പൃഥ്വിരാജിന് എതിരായുള്ള കമൻറുകൾ
അതേ സമയം, വിവാദ ഭാഗങ്ങൾ വെട്ടി മാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയറ്ററുകളിലേക്ക് എത്തും. വൈകിട്ടോടെയായിരിക്കും പുതിയ പതിപ്പ് പ്രദർശനത്തിന് എത്തുക. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടി മാറ്റിയാണ് പുതിയ പതിപ്പ് എത്തുക. ചിത്രത്തിലെ ബജ്റംഗി എന്ന വില്ലന്റെ പേര് മാറ്റിയേക്കും എന്നാണ് പറയുന്നത്
ഒരു വശത്ത് വിവാദഗങ്ങൾ ശക്തമാകുമ്പോഴും ചിത്രം ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ഇന്ത്യയ്ക്ക് പുറത്ത് ഒരു കോടി ഡോളറാണ് ( ഏകദേശം 85 കോടി ഇന്ത്യൻ രൂപ ) ചിത്രം നേടിയത്. അതേ സമയം സിനിമ റിലീസ് ചെയ്ത് 48 മണിക്കൂരികമാണ് 100 കോടി ക്ലബിൽ ഇടംനേടിയത്. ആദ്യ ദിനവും വമ്പൻ റെക്കോർഡ് ആണ് സിനിമ നേടിയത്. അഡ്വാൻസ് സെയിൽസിലും എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. 58 കോടി രൂപയിലേറെയാണ് അഡ്വാൻസ് ടിക്കറ്റ് സെയിൽസിലൂടെ ചിത്രം നേടിയത്.
മാർച്ച് 27 നാണ് ആഗോള റിലീസായി എമ്പുരാൻ എത്തിയത്. ശ്രീ ഗോകുലം മൂവീസ്, ആശീർ വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മുരളീ ഗോപിയാണ് എഴുതിയത്.












Click it and Unblock the Notifications