മാവേലി സ്റ്റോറുകളിൽ സ്റ്റോക്കുണ്ട്; അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി
സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ ഉന്നയിക്കപ്പെട്ട പരാതിക്ക് മറുപടി പറയവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.
മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഒന്നും ഇല്ലെന്ന ചില മാധ്യമങ്ങളിലെ വാർത്ത ശരിയല്ല. മാസാവസാനത്തോടെ ചില സാധനങ്ങൾ സാധാരണഗതിയിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോഴും സംഭവിച്ചിട്ടുള്ളത്. അടുത്ത ആഴ്ച, ഓഗസ്റ്റ് ആരംഭത്തിൽ പുതിയ സ്റ്റോക്ക് എത്തുന്നതോടെ എല്ലാ മാവേലി സ്റ്റോറുകളിലും എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്ന ഉപഭോക്താക്കൾ ബില്ല് ചോദിച്ചു വാങ്ങാൻ മന്ത്രി പ്രത്യേക നിർദേശം നൽകി. ബിൽ ചോദിച്ചു വാങ്ങിയില്ലെങ്കിൽ റേഷൻ ഉപഭോക്താക്കൾക്ക് അർഹമായി കിട്ടേണ്ട അരിയും മറ്റ് സാധനങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.

തൃശ്ശൂർ ജില്ലയിൽ ഇറച്ചി തൂക്കം കുറച്ചാണ് വിൽക്കുന്നത് എന്ന പരാതി ലഭിച്ചതിനെത്തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എം.ആർ.പി സ്റ്റിക്കർ പതിപ്പിച്ചു: നെസ്‌ലെ കമ്പനിക്ക് 50,000 രൂപ പിഴയിട്ട് ലീഗൽ മെട്രോളജി
പാക്കേജുകളിൽ എം.ആർ.പി സ്റ്റിക്കർ പതിപ്പിച്ചതിന് മൾട്ടി നാഷണൽ കമ്പനിയായ നെസ്‌ലെയ്ക്ക് ലീഗൽ മെട്രോളജി വകുപ്പ് 50,000 രൂപ പിഴയിട്ടു. കമ്പനിയുടെ ഇറക്കുമതി ചെയ്ത കോഫീ മേറ്റുകളിലാണ് എം.ആർ.പി സ്റ്റിക്കർ പതിപ്പിച്ചിരുന്നത്. മഞ്ചേരിയിലെ സൂപ്പർമാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് പാക്കേജുകൾ പിടിച്ചെടുത്ത്. പരിശോധനയിൽ ഡെപ്യൂട്ടി കൺട്രോളർ സുജ എസ് മണി, ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് കെ. മോഹനൻ, പി.വി ബിജോയി എന്നിവർ പങ്കെടുത്തു.
പാക്കേജിൽ നിയമപ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതിരിക്കുന്നതും എം.ആർ.പി മായ്ക്കുക. മറയ്ക്കുക, തിരുത്തുക, കൂടിയ വിലയുടെ സ്റ്റിക്കർ പതിക്കുക, എം.ആർ.പിയേക്കാൾ അധികവില ഈടാക്കുക എന്നിവ കുറ്റകരവും ശിക്ഷാർഹവുമാണ്. പാക്കേജുകളിൽ രേഖപ്പെടുത്തേണ്ടതായ പ്രഖ്യാപനങ്ങൾ പ്രിന്റ് ചെയ്യുകയോ എല്ലാ പ്രഖ്യാപനങ്ങളും ഉൾകൊള്ളിച്ച ലേബൽ പതിക്കുകയോ ചെയ്യണം. എം.ആർ.പി പോലെയുള്ള ഏതെങ്കിലും ഒരു പ്രഖ്യാപനം മാത്രം രേഖപ്പെടുത്താൻ വേണ്ടി സ്റ്റിക്കറുകൾ ഉപയോഗിക്കുവാനും പാടില്ല. അളവുതൂക്ക ഉപകരണങ്ങൾ, പാക്കേജുകൾ സംബന്ധിച്ചുള്ള പരാതികൾ 'സുതാര്യം' മൊബൈൽ ആപ്പ് വഴി അറിയിക്കാമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺഡ്രോളർ അറിയിച്ചു.












Click it and Unblock the Notifications