ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം, മന്ത്രിമാരോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രിമാർക്ക് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പിഎസ്സി നിയമന വിവാദം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിമാർക്ക് മുഖ്യമന്ത്രി പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്.
500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പി.എസ്. സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രിസഭായോഗത്തിൽ ആണ് മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാർക്ക് മന്ത്രിമാർ നിർദ്ദേശം നൽകണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

സീനിയോറിറ്റി തർക്കം, കോടതി കേസുകൾ എന്നിവ കാരണം പ്രമോഷൻ നടത്താൻ തടസ്സമുള്ള കേസുകളിൽ പ്രമോഷൻ തസ്തികകൾ പി.എസ്. സിക്ക് റിപ്പോർട്ട് ചെയ്യേണ്ട തസ്തികകളിലേക്ക് ഡീ കേഡർ ചെയ്യാൻ നിലവിൽ ഉത്തരവുണ്ട്. വേക്കൻസികൾ ഉണ്ടാകുന്ന മുറക്ക് പി. എസ്. സിക്ക് റിപ്പോർട്ട് ചെയ്യാൻ കർശനമായ നിർദ്ദേശങ്ങൾ നിലവിലുണ്ട്. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന വകുപ്പ് മേധാവികൾക്കും നിയമന അധികാരികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.












Click it and Unblock the Notifications