കസ്തൂരി രംഗനില്‍ കരട് വിജ്ഞാപനം
ദില്ലി:കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 112 പേജുള്ള വിജ്ഞാപനത്തില്‍ കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.
ജനവാസമേഖലകളേയും കാര്‍ഷിക മേഖലകളേയും പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടാണ് വിജ്ഞാപനം. കേരളത്തില്‍ ആകെ 3114 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശപ്രദേശം അല്ലാതാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. അന്തിമ വിജ്ഞാപനം തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പുറത്തിറക്കാവൂ എന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കരട് വിജ്ഞാപനത്തില്‍ രണ്ട് മാസത്തിനുളളില്‍ പൊതു ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ട്. കേരളത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിജ്ഞാപനം പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് മേല്‍ കടുത്ത സമ്മര്‍ദ്ദമായിരുന്നു ചെലുത്തിയിരുന്നത്. തുടര്‍ന്നാണ് മാര്‍ച്ച് 4 ന് ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചത്. എന്നാല്‍ കരട് വിജ്ഞാപനത്തില്‍ കുറഞ്ഞ ഒന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന നിലപാടായിരുന്നു കേരള കോണ്‍ഗ്രസിന്.
2013 നവംബര്‍ 13നാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതേ തുടര്‍ന്ന് കേരളത്തിലെ മലയോര മേഖലകളില്‍ വന്‍ പ്രതിഷേധ സമരമായിരുന്നു അരങ്ങേറിയത്.












Click it and Unblock the Notifications