ജലീലാണ് ശരി; ബന്ധുക്കള്‍ക്ക് ജോലിക്ക് പോയിക്കൂടേ എന്ന് ജയരാജന്‍, കളിയാക്കലെന്ന് ബിജെപി
കണ്ണൂര്‍: മന്ത്രി കെടി ജലീലിനെതിരായ ബന്ധു നിയമന ആരോപണത്തില്‍ മന്ത്രിയെ പിന്തുണച്ച് ഇപി ജയരാജന്‍. നേരത്തെ ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് മന്ത്രി സ്ഥാനം നഷ്ടമായ വ്യക്തിയാണ് ഇപി ജയരാജന്‍. വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് പിന്നീട് അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചെത്തിയത്.

ബന്ധുവായതിനാല്‍ ഏതെങ്കിലും ഉദ്യോഗസ്ഥന് ഡെപ്യൂട്ടേഷനില്‍ ജോലിക്ക് പോയിക്കൂടാ എന്നുണ്ടോ എന്ന് ജയരാജന്‍ ചോദിച്ചു. വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തുകയാണ്. ജലീലിന്റെ നിലപാട് തികച്ചും ശരിയാണെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മന്ത്രി ജലീല്‍ നല്‍കിയ വിശദീകരണം വിശ്വാസകരമല്ലെന്ന് ബിജെപി വക്താവ് എംഎസ് കുമാര്‍ പറഞ്ഞു. യോഗ്യരെ കിട്ടാത്തതിനാലാണ് ബന്ധുവിന് നിയമനം നല്‍കിയതെന്നാണ് മന്ത്രി പറയുന്നത്. അത് വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരെ കളിയാക്കുന്നതിന് തുല്യമാണെന്നും കുമാര്‍ പറഞ്ഞു.
ബന്ധുനിയമന വിവാദത്തില്‍ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി മന്ത്രി കെടി ജലീല്‍ രാവിലെ മാധ്യമങ്ങളെ കണ്ടിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹതിമാണെന്ന് പറഞ്ഞ അദ്ദേഹം, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ എടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ നീക്കം നടത്തിയപ്പോഴാണ് വിവാദം തലപൊക്കിയതെന്ന് പറഞ്ഞു. താന്‍ മുന്‍കൈയ്യെടുത്ത് ബന്ധുവിനെ നിയമിച്ചിട്ടില്ല. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാനാണ് മുന്‍കൈയ്യെടുത്തത്. തന്റെ ബന്ധുവാണെന്ന ഒറ്റകാരണം കൊണ്ട് യോഗ്യതയുള്ള ഒരാളെ ഒഴിവാക്കാന്‍ സാധിക്കുമോ എന്നും കെടി ജലീല്‍ ചോദിക്കുന്നു.












Click it and Unblock the Notifications