'മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന വിളി അഹംഭാവം നിറഞ്ഞത്'; ചെന്നിത്തലക്കെതിരെ ഇ പി ജയരാജൻ
തിരുവനന്തപുരം: നിയമസഭയിൽ രമേശ് ചെന്നിത്തലയുടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന ആവർത്തിച്ചുള്ള വിളിയിൽ പ്രതികരിച്ച് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. മിസ്റ്റ്‍ ചീഫ് മിനിസ്റ്റർ എന്ന വിളി അഹംഭാവം നിറഞ്ഞതാണെന്നും ഇതിന് മരുന്നില്ലെന്നും ഇ പി പറഞ്ഞു.
' എനിക്ക് തോന്നിയ കാര്യം നിയമസഭിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൊള്ളില്ല എന്നാണ്. പ്രതിപക്ഷ നേതാവാകുന്നതിന് കഴിവുള്ള ആളല്ല സതീശൻ. ഞാൻ തന്നെയാണ് പ്രമാണി, എനിക്കാണ് പ്രതിപക്ഷ നേതാവിന്റെ പ്രാപ്തിയെന്ന് കോൺഗ്രസുകാരെ ബോധ്യപ്പെടുത്താനാണ് ഇത്തരത്തിലുള്ള പ്രയോഗങ്ങൾ ഉപയോഗിക്കുന്നത് , ഇ പി പറഞ്ഞു.

ഇന്ന് വിദ്യാർത്ഥികളെ നേരിടുന്ന ഗൗരവമേറിയ വിഷയമാണ് അവിടെ ചർച്ച ചെയ്യേണ്ടിയിരുന്നത്. അതിന് പകരം മുഖ്യമന്ത്രിയെ ഈ രീതിയിൽ അഭിസംബോധന ചെയ്യുന്നു എന്നത് അത് വിളിക്കുന്നവരുടെ ഔചിത്യമാണ്. സോണിയ ഗാന്ധിയുടെ അടുത്ത് ഇത്തരം വാക്കുകൾ പ്രയോഗിക്കുമോ. രാഹുൽ ഗാന്ധിയുടെ അടുത്ത് പ്രയോഗിക്കുമോ. അപ്പോൾ ഈ പ്രയോഗം സദുദ്ദേശപരമല്ല. അത് വി ഡി സതീശനെ ചെറുതാക്കാനും പ്രമാണിത്തം കാണിക്കാനുമുള്ള നിലപാടിന്റെ ഭാഗമായി വന്നതാണ്, ഇ പി പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന ആവർത്തിച്ചുള്ള വിളിയിൽ മുഖ്യമന്ത്രി പ്രകോപിതനായിരുന്നു. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിച്ച് ഓരോ ചോദ്യവും ചോദിച്ചുകൊണ്ടിരുന്നാൽ താൻ അപ്പപ്പോൾ മറുപടി പറയണമെന്നാണോ എന്ന് ചോദിച്ച് മുഖ്യമന്ത്രി എഴുന്നേറ്റിരുന്നു.
' മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് പറഞ്ഞ് ഇദ്ദേഹം കുറേ ചോദ്യങ്ങൾ ചോദിച്ച് കൊണ്ടിരിക്കുകയാണ്.
ഓരോന്നിനും ഞാൻ ഇടയ്ക്കിടെ ഉത്തരം പറഞ്ഞുകൊണ്ടിരിക്കണോ, വേണമെങ്കിൽ അതാകാം. അതാണ് ഉദ്ദേശിക്കുന്നതെങ്കിൽ. യൂത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് പറഞ്ഞില്ല.
സമൂഹം നേരിടുന്ന ഒരു വിപത്തിനെ നേരിടുന്ന രീതിയിലാണോ അദ്ദേഹം സംസാരിച്ച് കൊണ്ടിരിക്കുന്നത്. അതാണോ ശരിയായ രീതി. യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിയണം. ഇന്ന് നാട് നേരിടുന്ന പ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ കഴിയണം, ഇടയ്ക്ക് മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് പറഞ്ഞ് ചോദ്യം മാത്രം പോര. നാടിന്റെ പ്രശ്നം എന്താണെന്ന് മനസ്സിലാക്കണം, ' മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications