'ഐഎംഎ പുനര്‍ചിന്തനം നടത്തണം'; ഡോക്ടര്‍മാരുടെ സമരത്തില്‍ പ്രതികരിച്ച് ഇപി ജയരാജന്‍
ഡോക്ടര്‍മാരുടെ പണിമുടക്ക് മറ്റ് സര്‍വീസ് സംഘടനകളെ പോലെയോ തൊഴിലാളി സംഘടനകളെ പോലെയോ നടത്തപ്പെടേണ്ടതല്ല.

കണ്ണൂര്‍: ഡോക്ടറെ മര്‍ദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കിനെ വിമര്‍ശിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഡോക്ടര്‍മാരുടെ പണിമുടക്ക് മറ്റ് സര്‍വീസ് സംഘടനകളെ പോലെയോ തൊഴിലാളി സംഘടനകളെ പോലെയോ നടത്തപ്പെടേണ്ടതല്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
ഐ.എം.എ പോലുള്ള സംഘടനകള്‍ ഈ കാര്യത്തില്‍ വലിയ ജാഗ്രത കാണിക്കുകയും ആലോചന നടത്തുകയും ചെയ്യണം. ഡോക്ടര്‍മാരുടെ പ്രശ്നങ്ങള്‍ വലിയ ഗൗരവത്തോടെ എടുക്കുകയും അതിന് വേഗത്തില്‍ പരിഹാരം കാണുകയും ചെയ്യാറുണ്ട് എന്നതാണ് കേരളത്തിലെ അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ ഫി ജയരാജന്റെ വാക്കുകളിലേക്ക്
ഡോക്ടര്‍മാരുടെ പണിമുടക്ക് മറ്റ് സര്‍വീസ് സംഘടനകളെ പോലെയോ തൊഴിലാളി സംഘടനകളെ പോലെയോ നടത്തപ്പെടേണ്ടതല്ല. ഡോക്ടര്‍മാരുടെ സേവനം എന്നത് ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണ്. ഒട്ടനവധി പ്രശ്നങ്ങളും വിമര്‍ശനങ്ങളും ഡോക്ടര്‍മാര്‍ക്ക് ഉണ്ടായേക്കാം. പലപ്പോഴും ഡോക്ടര്‍മാര്‍ക്ക് നേരെ ചിലര്‍ അതിക്രമങ്ങളും നടത്താറുണ്ട്. എന്നാല്‍ അതിന്റെ ഭാഗമായി പണിമുടക്ക് നടത്തുന്നതോ രോഗ ചികിത്സാ രംഗത്ത് മാറി നില്‍ക്കുന്നതോ നീതീകരിക്കാവുന്ന നടപടിയല്ല.
സാധാരണ ട്രേഡ്യൂണിയനുകളെ പോലെ പണിമുടക്കിയ കാര്യത്തില്‍ ഐ.എം.എ പുനര്‍ചിന്തനം നടത്തണം. ഇത്തരത്തിലുള്ള സമരങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രതപാലിക്കാനും കഴിയണം. സ്വകാര്യ മേഖലയിലേയും പൊതുമേഖലയിലേയും ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പണിമുടക്കിയാല്‍, പണിമുടക്കുന്നതിന് കാരണമായ പ്രശ്നങ്ങള്‍ ന്യായമാണെങ്കില്‍ പോലും നിരവധിയായ ആളുകളുടെ ജീവല്‍പ്രശ്നമാണത്. അതുകൊണ്ട് ഡോക്ടര്‍മാരുടെ ഇത്തരം പണിമുടക്കുകള്‍ ഒഴിവാക്കേണ്ടതാണ്.
ഐ.എം.എ പോലുള്ള സംഘടനകള്‍ ഈ കാര്യത്തില്‍ വലിയ ജാഗ്രത കാണിക്കുകയും ആലോചന നടത്തുകയും ചെയ്യണം. ഡോക്ടര്‍മാരുടെ പ്രശ്നങ്ങള്‍ വലിയ ഗൗരവത്തോടെ എടുക്കുകയും അതിന് വേഗത്തില്‍ പരിഹാരം കാണുകയും ചെയ്യാറുണ്ട് എന്നതാണ് കേരളത്തിലെ അനുഭവം. ഡോക്ടര്‍മാരുടെ സമരം ഗവണ്‍മെന്റിന് എതിരായിട്ടുളളതോ സാധാരണക്കാരായ രോഗികള്‍ക്ക് എതിരോയിട്ടുള്ളതോ അല്ല എന്നറിയാം. പക്ഷേ ഇത്തരം സമരങ്ങളില്‍ ദുരിതമനുഭവിക്കുന്നത് സര്‍ക്കാരുകളോ അക്രമികളോ അല്ല, സാധാരണക്കാരായ ജനങ്ങളും രോഗികളുമാണ്. അതിനെ അതിന്റെ ഗൗരവത്തില്‍ കണ്ടില്ല. സമരങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളെ കുറിച്ചും ആലോചിക്കുന്നതും നല്ലതാണ്.












Click it and Unblock the Notifications