തോമസ് ഐസകിന് ശേഷം മന്ത്രി ഇപി ജയരാജന് കൊവിഡ്! പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വ്യവസായ മന്ത്രി ഇപി ജയരാജനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇത് രണ്ടാമത്തെ മന്ത്രിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ധനമന്ത്രി ടിഎം തോമസ് ഐസകാണ് സംസ്ഥാനത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മന്ത്രി.
Recommended Video
ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മന്ത്രിസഭയിലുളളവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. കഴിഞ്ഞ ആഴ്ചയാണ് മന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും പങ്കെടുത്തിരുന്നു. അത് കഴിഞ്ഞ് രണ്ട് ദിവസത്തിനകം കൊവിഡ് സ്ഥിരീകരിച്ചു.

സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത 6 മന്ത്രിമാര്‍ അടക്കമുളളവര്‍ തുടര്‍ന്ന് നിരീക്ഷണത്തിലേക്ക് മാറി. മന്ത്രി ഇപി ജയരാജനും നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. കണ്ണൂരിലെ വീട്ടിലാണ് മന്ത്രി ഉണ്ടായിരുന്നത്. മന്ത്രിയുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി ഇപി ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് അറിയുന്നത്. അതേസമയം തനിക്ക് ശ്വാസം മുട്ടല്‍ അടക്കമുളള ചെറിയ പ്രശ്‌നങ്ങള്‍ ഉളളതായി ഇപി ജയരാജന്‍ തന്നെ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച മന്ത്രി തോമസ് ഐസക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് ചികിത്സയില്‍ കഴിയുന്നത്. അദ്ദേഹത്തിന്റെയും ആരോഗ്യനില തൃപ്തികരമാണ്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകൾ നേരാനുമായി ധാരാളം സുഹൃത്തുക്കൾ ട്വിറ്ററിലൂടെയും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. അസുഖം ഏറെ ഭേദമായിട്ടുണ്ട്. രണ്ടു പ്രശ്നങ്ങൾ പൊതുവായിട്ടുണ്ട്. ഡയബറ്റിക്സ് അൽപം കൂടുതലാണ്. ആദ്യമായി ഇൻസുലിൻ വേണ്ടിവന്നു. ചെറിയ ശ്വാസം മുട്ടലുണ്ട്. അതുകൊണ്ട് ഫോൺ വിളികൾ കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ദയവായി ഫോൺ ഒഴിവാക്കുക. എടുക്കാൻ കഴിയില്ല.. അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കിൽ മെസേജ് അയച്ചാൽ മതി. തീർച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കും''.












Click it and Unblock the Notifications