മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ടെന്‍ഷനുണ്ട്, റിസ്ക് ഏരിയയാണ്: ഇപി ജയരാജനോട് റോബിന്‍ രാധാകൃഷ്ണന്‍
കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയിലാണെന്ന റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയായിരുന്നു ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടത്.
ലിബിയയിലെ ഡാം തകര്‍ന്ന പശ്ചാത്തലത്തിലായിരുന്നു മുല്ലപ്പെരിയാർ സംബന്ധിച്ച ന്യൂയോക്ക് ടൈംസിന്റെ റിപ്പോർട്ട്. ലോകത്തെ ഏറ്റവും അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന ഡാമുകളില്‍ പ്രധാനപ്പെട്ട ഒന്ന് മുല്ലപ്പെരിയാര്‍ ആണെന്നാണ് ഇന്റര്‍നാഷണല്‍ റിവേഴ്‌സിന്റെ പഠനം ഉദ്ധരിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
മുല്ലപ്പെരിയാർ വിഷയത്തില്‍ ന്യൂയോർക്ക് ടൈംസില്‍ വന്ന ഈ റിപ്പോർട്ട് എല്‍ ഡി എഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ഇപി ജയരാജന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 താരമായ റോബിന്‍ രാധാകൃഷ്ണന്‍. കേരള മാഗസിന്‍റെ പുരസ്കാരദാന ചടങ്ങില്‍ വെച്ചായിരുന്നു റോബിന്റെ പ്രതികരണം.

'എനിക്ക് ഇ പി ജയരാജന്‍ സാറിനോട് ഒരു അപേക്ഷയുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മുല്ലപ്പെരിയാര്‍ ഡാം കുറച്ച് റിസ്ക് ഏരിയയില്‍ ആണെന്ന് പറയുന്നുണ്ട്. ഇടുക്കി, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബാധിക്കുമെന്ന് കേട്ടു. ഞാന്‍ തിരുവനന്തപുരത്തുകാരനാണെങ്കിലും എറണാകുളത്താണ് താമസിക്കുന്നത്. ഈയൊരു കാര്യത്തില്‍ ടെന്‍ഷന്‍ ഉണ്ട്.' റോബിന്‍ പറയുന്നു.
ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധമാണെന്ന് ഒരു ഡോക്ടര്‍ എന്ന നിലയില്‍ പറയാറുണ്ട്. ഒരു പ്രശ്നം വന്ന് അത് പരിഹരിക്കുന്നതിനേക്കാള്‍ നല്ലത് മുന്‍കൂര്‍ ആയി അതിന് എന്തെങ്കിലും നടപടി എടുത്തുകഴിഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും സ്വസ്ഥമായി ഉറങ്ങാന്‍ പറ്റുമായിരുന്നു'. റോബിന്‍ കൂട്ടിച്ചേർത്തു
ബിസിനസ് കേരള അച്ചീവ്മെന്റ് അവാർഡ് 2023 യില്‍ എന്റെ ഭാര്യയായ ആരതിക്ക് യങ് വുമണ്‍ ക്രിയേറ്റീവ് എൻറ്റ്റപ്രനർ അവാർഡ് ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും താരം അഭിപ്രായപ്പെട്ടു. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ പുള്ളിക്കാരിക്ക് ഒരു അവാർഡ് ലഭിക്കുമെന്ന് ന്യൂഇയറിന് ഒരു അഭിമുഖം കൊടുത്തപ്പോള്‍ ഒരു ആഗ്രഹം പോലെ ഞാന്‍ പറഞ്ഞു. എന്റെ ഏറ്റവും വലിയ ആഗ്രഹം ഇവിടെ സാധിച്ചു. ഇതൊരു തുടക്കമാകട്ടേയെന്നും റോബിന്‍ പറഞ്ഞു.
ആരതിക്കും ഇനിയും ഒരുപാട് അവാർഡുകള്‍ ലഭിക്കട്ടെ. എപ്പോഴും മികച്ച പിന്തുണയുമായി ഞാന്‍ കൂടെയുണ്ടാകും. ആരതിയുടെ ബിസിനസിന്റെ അടുത്ത ഒരു ബ്രാഞ്ച് പാലാരിവട്ടത്ത് അടുത്ത ദിവസം തന്നെ തുടങ്ങും. ഈ സംരഭം അന്താരാഷ്ട്ര തലത്തില്‍ തന്നെ വളരട്ടേയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുലപ്പെരിയാർ വിഷയത്തില്‍ വേദിയില്‍ വെച്ച് തന്നെ ഇപി ജയരാജന്‍ റോബിന്‍ രാധാകൃഷ്ണന് മറുപടി നല്‍കി. "ഒരു ടെന്‍ഷനും വേണ്ട. കേരളം സുരക്ഷിതമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഇവിടെയുണ്ട്. പൂര്‍ണ്ണമായും നിങ്ങള്‍ക്ക് വിശ്വസിക്കാം. ഒരു കുഴപ്പവും കേരളത്തില്‍ ഉണ്ടാവില്ല. ഐശ്വര്യമായി ഇരിക്കും" എന്നായിരുന്നു ഇപി ജയരാജന്റെ മറുപടി.












Click it and Unblock the Notifications