വിവാദ ഭൂമി ഇടപാട്; എറണാകുളം-അങ്കമാലി അതിരൂപതയിൽ അടിമുടി മാറ്റം... ഞായറാഴ്ച സർക്കുലർ...
സെബാസ്റ്റ്യൻ എടയന്ത്രത്തിന് കനോനിക സമിതികൾ വിളിച്ചുചേർക്കാനും സമിതിയിൽ അദ്ധ്യക്ഷത വഹിക്കാനും അധികാരമുണ്ടായിരിക്കും.
കൊച്ചി: വിവാദ ഭൂമി ഇടപാടിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ എറണാകുളം-അങ്കമാലി അതിരൂപതയിൽ അധികാരമാറ്റം. അതിരൂപതയുടെ ഭരണചുമതല മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽ നിന്ന് സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന് നൽകി. അധികാരമാറ്റം സംബന്ധിച്ചുള്ള സർക്കുലർ ഞായറാഴ്ച പള്ളികളിൽ വായിക്കും.
സെബാസ്റ്റ്യൻ എടയന്ത്രത്തിന് കനോനിക സമിതികൾ വിളിച്ചുചേർക്കാനും സമിതിയിൽ അദ്ധ്യക്ഷത വഹിക്കാനും അധികാരമുണ്ടായിരിക്കും. ഭൂമി സംബന്ധമായ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. എന്നാൽ പ്രധാനതീരുമാനങ്ങളെല്ലാം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അറിവോടെയായിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.

വിവാദ ഭൂമി ഇടപാടിൽ ആരോപണവിധേയരായ വൈദികർക്കും സ്ഥലംമാറ്റം നിർദേശിച്ചിട്ടുണ്ട്. സാമ്പത്തിക വിഭാഗം ചുമതലയുള്ള ഫാദർ ജോഷി പുതുവയെ തൽസ്ഥാനത്ത് നിന്നു മാറ്റി. അതേസമയം, ഭൂമി ഇടപാടിൽ കർദ്ദിനാളിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയ വൈദികനെയും സ്ഥലംമാറ്റിയിട്ടുണ്ട്. അതിരൂപതയിലെ അധികാരമാറ്റങ്ങൾ സംബന്ധിച്ച സർക്കുലർ ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കും. ഭൂമി ഇടപാടിൽ നേരത്തെ നടന്ന ചർച്ചകളെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.












Click it and Unblock the Notifications