വീട്ടുടമ അമേരിക്കയിൽ; സമ്മതമില്ലാതെ നാട്ടിലുള്ള വീട്ടിൽ താമസിക്കുന്നത് ഏതോ ഒരു കുടുംബം! പുറത്തറിഞ്ഞത് ഇങ്ങനെ
കൊച്ചി: പൂട്ടിക്കിടക്കുന്ന വീട്ടിലെ വൈദ്യുതി ബിൽ വന്നത് 5000 രൂപയ്ക്ക് മുകളിൽ. വീടിന്റെ ഉടമസ്ഥൻ അമേരിക്കയിലാണ് താമസിക്കുന്നത്. ആരും താമസിക്കാത്ത വീട്ടിൽ എങ്ങനെയാണ് ഇത്രയധികം കറന്റ് ബിൽ വന്നത് എന്ന് അന്വേഷിച്ചപ്പോഴാണ് പൂട്ടിക്കിടക്കുന്ന വീട്ടിൽ വിദേശത്തുള്ള വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഒരു കുടുംബം താമസിക്കുന്നതായി അറിയുന്നത്. അമേരിക്കയിൽ ഉള്ള വീട്ടുടമ ശനിയാഴ്ച കൊച്ചി പോലീസ് കമ്മീഷണർക്ക് ഇ മെയിലിലൂടെ പരാതി നൽകി.
വൈറ്റില ജനത റോഡിലാണ് വീടുള്ളത്. ഇത് വാടകയ്ക്ക് നൽകിയിരുന്നില്ല. ഗെയ്റ്റ് ഉൾപ്പെടെ പൂട്ടിയിരുന്നതാണ്. 2023 ൽ ഒഴികെ എല്ലാ വർഷവും നാട്ടിൽ വന്നിരുന്നു. ഇക്കഴിഞ്ഞ രണ്ട് തവണകളായി 5000 ന് മുകളിൽ വൈദ്യുതി ബിൽ വന്നപ്പോൾ ഇതേക്കുറിച്ച് അന്വേഷിക്കാൻ കെ എസ് ഇ ബിയ്ക്ക് പരാതി നൽകി. ഇതിന് പിന്നാലെ ബിൽ കൂടാൻ കാരണമെന്താണ് എന്ന് അന്വേഷിക്കാൻ ചെലവന്നൂർ സ്വദേശികളായ രണ്ട് പേരെ വീട്ടിലേക്ക് അയച്ചു. അപ്പോഴാണ് അവിടെ താമസക്കാർ ഉണ്ടെന്ന് മനസ്സിലായത്.

വീട് നോക്കാൻ വന്നവർ ചിത്രങ്ങൾ എടുത്തപ്പോൾ അത് തടയാൻ താമസക്കാർ ശ്രമിച്ചതായും പറയുന്നു. വീടിന് ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കുകയും പെയ്ന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്ന് വീടിന്റെ ഉടമ പരാതിയിൽ പറയുന്നു. ഇദ്ദേഹത്തിന്റെ പരാതി മരട് പോലീസിന് കൈമാറി. സംഭവത്തിൽ ഇന്ന് മുതൽ അന്വേഷണം ആരംഭിക്കുമെന്ന് മരട് പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications