കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റും ഡ്രോണുകള്‍ക്കും ലേസര്‍ രശ്മികള്‍ക്കുംനിരോധനം
കൊച്ചി: അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനം ദുരന്തത്തിനു ശേഷം രാജ്യത്തെ വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷയാണ് നടപ്പാക്കി വരുന്നത്. ഇപ്പോഴും അപകടത്തിന്റെ കാരണം വ്യക്തമാകാത്ത സാഹചര്യത്തില്‍ എല്ലാം രീതിയിലുമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് രാജ്യത്തെ വിമാനത്താവളങ്ങളും വിമാന കമ്പനികളും. ഇതിന്റെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും നിരവധി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്.
എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ (റെഡ് സോണ്‍) ഡ്രോണുകള്‍ക്കും ലേസര്‍ രശ്മികള്‍ക്കും ഉള്‍പ്പെടെ നിരോധനം ഏര്‍പ്പെടുത്തി. ഇതിനു പുറമേ മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ്, എയ്‌റോ മോഡലുകള്‍, പാര ഗ്ലൈഡറുകള്‍, ആളില്ലാ വ്യോമ സംവിധാനങ്ങള്‍, പവര്‍ ഹാന്‍ഡ് ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും നിരോധിച്ചു.

വിമാനത്താവള ഡയറക്ടര്‍, എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി, ആലുവ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ ഉപകരണങ്ങളുടെ അനധികൃത ഉപയോഗം വിമാനങ്ങളുടെ സുരക്ഷയ്ക്കും സുഗമമായ യാത്രയ്ക്കും ഭീഷണിയാണെന്ന് റിപ്പോര്‍ട്ടുകളില്‍ അറിയിച്ചിരുന്നു. റണ്‍വേയുടെ സമീപത്തും ലാന്‍ഡിങ് പാതയിലും ഇവ പറത്തുന്നത് വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിമാനങ്ങളുടെ സുരക്ഷിതമായ ലാന്‍ഡിങ്, ടേക്ക് ഓഫ്, പറക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത-2023 ലെ സെക്ഷന്‍ 163 പ്രകാരമാണ് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റെഡ് സോണില്‍ ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അനുവാദമില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, എയര്‍ ഇന്ത്യ വിമാനാപകടത്തിലേക്ക് നയിച്ച സാങ്കേതിക വശങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ വ്യോമയാന മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതിയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിന് പുറമേ ഭാവിയില്‍ ഇത്തരത്തിലുള്ള ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളും കമ്മിറ്റി ശുപാര്‍ശ ചെയ്യും.
അപകട സ്ഥലത്തുനിന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്ത സാഹചര്യത്തില്‍ അപകടത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ദുരന്തത്തില്‍ 241 യാത്രക്കാരാണ് മരിച്ചത്. ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.












Click it and Unblock the Notifications