നഴ്‌സിന് നേരെ ബലാത്സംഗ ശ്രമം; തോക്കിന്റെ ചിത്രം കാണിച്ച് രക്ഷപ്പെടാൻ ശ്രമം, ഇലക്ട്രീഷൻ പിടിയിൽ
കൊച്ചി: തൃപ്പൂണിത്തുറയിൽ നഴ്‌സിനു നേരെ ബലാത്സംഗ ശ്രമം നടത്തിയ ഇലക്ട്രീഷൻ പോലീസ് പിടിയിൽ. പെരുമ്പാവൂർ സ്വദേശി ശ്രീജിത്തിനെയാണ് (38) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ എസ്എൻ ജങ്ഷന് സമീപമുള്ള ആയൂർവേദ ആശുപത്രിയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഈ ആശുപത്രിയിലെ ഇലക്ട്രീഷനായിരുന്നു ശ്രീജിത്ത്. നഴ്‌സ് ഭക്ഷണ ശേഷം വിശ്രമിക്കുമ്പോൾ നഴ്‌സിങ് സ്റ്റേഷനിൽ ശ്രീജിത്ത് എത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ റൂം പുറത്തു നിന്ന് ലോക്ക് ചെയ്ത ശേഷം നഴ്‌സിന് നേരെ അതിക്രമം കാട്ടുകയായിരുന്നു. നഴ്‌സിങ് സ്റ്റേഷനിൽ നിന്നും ബലം പ്രയോഗിച്ച് അടുത്തുള്ള റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയാണ് പ്രതി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.

പ്രതിയുടെ കൈയ്യിൽ നിന്നും കുതറി മാറിയ നഴ്‌സ് ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് പ്രശ്‌നം കൈവിട്ടുവെന്ന് മനസിലായ പ്രതി വെള്ളിയാഴിച രാവിലെ - ഹോസ്പിറ്റലിൽ എത്തി നഴ്‌സിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളുടെ കൈവശമുള്ള മൊബൈൽ ഫോണിൽ തോക്കിന്റെയും വാളിന്റെയും ചിത്രങ്ങൾ കാണിച്ച് അതൊക്കെ തന്റെ കാറിലുണ്ടെന്നും നടന്ന സംഭവങ്ങൾ പുറത്തറിയിച്ചാൽ അതൊക്കെ ഉപയോഗിക്കേണ്ടി വരും എന്നു പറഞ്ഞ് ഇയാൾ നഴ്‌സിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതിന് പിന്നാലെ നഴ്‌സ് വിവരം ഭർത്താവിനോട് പറയുകയും ഭർത്താവ് വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ കുറുപ്പംപടി ഭാഗത്തു നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾ രക്ഷപെടാൻ ഉപയോഗിച്ച കാറും കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന എയർ പിസ്റ്റളും വാളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications