ലൈംഗിക ആവശ്യവുമായി ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സമീപിച്ച് എസ്ഐ; അന്വേഷണം
കൊച്ചി∙ ക്യാംപിൽ പോലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സബ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണു സംഭവം.
ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥൻ ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനെ സമീപിക്കുകയായിരുന്നു. എന്നാൽ ഇയാൾ ആവശ്യം നിരസിച്ചപ്പോൾ മേലുദ്യോഗസ്ഥൻ കയ്യേറ്റം നടത്തിയെന്നും പരാതിയിൽ പറയുന്നു.

പരാതി സംബന്ധിച്ച അന്വേഷണത്തിന് കമാൻഡന്റ് ജോസ് വി.ജോർജാണ് ഉത്തരവിട്ടിരിക്കുന്നത്. ആക്രമണത്തിന് ഇരയായ പൊലീസുകാരൻ കഴിഞ്ഞ 24നു നൽകിയ പരാതിയിലാണ് നടപടി. കമാൻഡന്റിന്റെ ഉത്തരവിൽ പ്രതിസ്ഥാനത്തുള്ള സബ് ഇൻസ്പെക്ടർക്കെതിരെ നേരത്തെയും സമാന ആരോപണം വന്നെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് ഒതുക്കി തീർക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃശൂരിൽ മധ്യവയസ്‌കന് 27 വർഷം കഠിന തടവും 25,000രൂപ പിഴയും ശിക്ഷ കോടതി വിധിച്ചിരുന്നു. കുന്നംകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പോർക്കുളം സ്വദേശി സുധീറാണ് കേസിലെ പ്രതി.
2017 ഡിസംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുധിർ വീടിന്റെ പുറകുവശത്തെ ശുചിമുറിയിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇത് പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കുട്ടി മാതാപിതാക്കളോട് പീഡന വിവരം പറഞ്ഞു. ഇതിനു പിന്നാലെ കുട്ടിയും മാതാപിതാക്കളും ചേർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി.
20 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും, തൊണ്ടിമുതലുകളും, ശാസ്ത്രീയ തെളിവുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പോക്‌സോ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെഎസ് ബിനോയിയും അഡ്വ. അമൃതയുമാണ് ഹാജരായത്.












Click it and Unblock the Notifications