എറണാകുളം–കോട്ടയം–ചെങ്ങന്നൂർ–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ; വേണാട് എക്സ്പ്രസിന് മുൻപ് പുറപ്പെടും

വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസ്സിലെ രൂക്ഷമായ യാത്രക്കാരുടെ തിരക്കിന് പരിഹാരമാകുന്നു. എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് നടത്തും. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഇത് സംബന്ധിച്ച് തത്വത്തിൽ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പുതിയ ട്രെയിനിന്റെ ആദ്യ സർവീസ് പത്തുദിവസത്തിനകം ആരംഭിക്കുമെന്ന് എംപി വ്യക്തമാക്കി.

'ഡൽഹിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് വേണാട് എക്സ്പ്രസ്സിലെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ കാണിച്ച് വിഷയം വിശദമായി ബോധ്യപ്പെടുത്തിയിരുന്നു. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ നിൽക്കാനോ പോലും മതിയായ ഇടമില്ലാത്ത സാഹചര്യത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്ന ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളത്. ഓഫീസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ മേഖലകളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരെയാണ് ഈ ദുരിതം നേരിട്ട് ബാധിക്കുന്നത്.

train2-92081791202951 jp

വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പായി ഒരു പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്നായിരുന്നു റെയിൽവേ മന്ത്രിയോട് പ്രധാനമായും ആവശ്യപ്പെട്ടത്. ഇതിന്റെ തുടർനടപടിയായി മന്ത്രിയുടെ ഓഫീസിൽ നിന്ന് റെയിൽവേ ബോർഡിലേക്ക് നിർദ്ദേശം കൈമാറുകയും, റെയിൽവേ ബോർഡ് സതേൺ റെയിൽവേയിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് (CPTM) ആവശ്യമായ നടപടികൾക്കായി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

വൈകിട്ട് ഏകദേശം 4 മണിയോടെ എറണാകുളം ജംഗ്ഷനിൽ നിന്ന് വേണാട് എക്സ്പ്രസ്സിന് മുമ്പായി പുറപ്പെടുന്ന തരത്തിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനായി MEMU അല്ലെങ്കിൽ ICF കോച്ചുകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യത റെയിൽവേ പരിശോധിച്ചുവരികയാണ്. എറണാകുളത്തുനിന്ന് കോട്ടയം, ചെങ്ങന്നൂർ വഴി കൊല്ലം വരെയുള്ള സർവീസായി ആരംഭിച്ച്, തുടർന്ന് കൊല്ലത്തുനിന്ന് പുനലൂരിലേക്ക് സർവീസ് നീട്ടുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

ഈ പുതിയ സർവീസ് യാഥാർഥ്യമാകുന്നതോടെ എറണാകുളം മുതൽ കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, പുനലൂർ മേഖലകളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാകും. വേണാട് എക്സ്പ്രസ്സിലെ അമിത തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനും ഈ സർവീസ് നിർണായകമാകും.

യാത്രക്കാരുടെ ദീർഘകാല ആവശ്യമായ അധിക ട്രെയിൻ സർവീസിനായി നടത്തിയ ഇടപെടൽ ഇപ്പോൾ പ്രായോഗിക നടപടിയിലേക്ക് കടന്നിരിക്കുകയാണ്. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച തത്വത്തിലുള്ള അംഗീകാരം സമയബന്ധിതമായി സർവീസായി മാറുന്നതുവരെ റെയിൽവേ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് തുടർ ഇടപെടലുകൾ നടത്തുമെന്നും എംപി ഫേസ്ബുക്കിൽ പങ്കുവെച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma