എറണാകുളത്തേക്ക് കൂടുതൽ ട്രെയിനുകൾ, വിപുലമായ പദ്ധതി; വൻ ലോട്ടറി, വിശദീകരിച്ച് റെയിൽവെ മന്ത്രി
കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻ്റുള്ള റെയിൽവെ സ്റ്റേഷനുകളിലൊന്നാണ് എറണാകുളം. യാത്രക്കാർ ഏറുമ്പോഴും മതിയായ ട്രെയിൻ സർവ്വീസുകൾ ഇല്ലെന്ന തരത്തിലുള്ള പരാതികൾ പലപ്പോഴും ഉയർന്നിട്ടുണ്ട്. എന്തായാലും ആ പരാതിക്ക് പരിഹാരം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവെ. 20230 ഓടെ എറണാകുളത്തേക്കുള്ള ട്രെയിൻ ശേഷി ഇരട്ടിയാക്കുമെന്നാണ് പ്രഖ്യാപനം. റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം കൂടാതെ ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ട്രെയിൻ ശേഷിയും ഇരട്ടിയാക്കുമെന്ന് മന്ത്രി അറിയിച്ചു.
ദക്ഷിണ റെയിൽവേയുടെ ഭാഗമായ ഈ കേന്ദ്രങ്ങളിൽ കോച്ചിംഗ് ടെർമിനലുകൾ നവീകരിക്കുമെന്നും മന്ത്രി അറിയിച്ചു. "യാത്രാ ആവശ്യകത നിറവേറ്റാനും തിരക്ക് കുറയ്ക്കാനും ടെർമിനലുകൾ വികസിപ്പിക്കുകയാണ്. ഇത് റെയിൽവേ ശൃംഖല നവീകരിച്ച് ദേശീയ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും', ദ മന്ത്രിയെ ഉദ്ധരിച്ചുള്ള പത്രക്കുറിപ്പിൽ ദക്ഷിണ റെയിൽവെ വ്യക്തമാക്കി. അധിക പ്ലാറ്റ്‌ഫോമുകൾ, സ്റ്റേബ്ലിംഗ് ലൈനുകൾ, പുതിയ ടെർമിനലുകൾ, മെയിന്റനൻസ് സൗകര്യങ്ങൾ, മൾട്ടി-ട്രാക്കിംഗ് എന്നിവയും നടപ്പാക്കും.

ചെന്നൈയിലെ എഗ്മോർ സ്റ്റേഷൻ പുനർവികസനത്തിൽ വിമാനത്താവളത്തിന് സമാന യാത്രാവിഭാഗങ്ങൾ, രണ്ട് എസി ടെർമിനൽ കെട്ടിടങ്ങൾ, 44 ലിഫ്റ്റുകൾ, 31 എസ്‌കലേറ്ററുകൾ, 14,000 ചതുരശ്ര മീറ്റർ കോൺകോഴ്‌സ് എന്നിവ വരും.താമ്പരം സ്റ്റേഷന് ഒൻപത് ലിഫ്റ്റുകളും മെച്ചപ്പെട്ട സബർബൻ സേവന സംയോജനവും ലഭിക്കും. പുതിയ പേരമ്പൂർ ടെർമിനൽ സെൻട്രൽ, എഗ്മോർ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കും. ചെന്നൈ ബീച്ച്-എഗ്മോർ നാലാം ലൈൻ, ആട്ടിപ്പട്ട്-ഗമ്മിടിപ്പൂണ്ടി മൂന്ന്-നാല് ലൈനുകൾ പോലുള്ള മൾട്ടി-ട്രാക്കിംഗ് പദ്ധതികൾ സബർബൻ കണക്റ്റിവിറ്റി വർദ്ധിപ്പിക്കും.
കോയമ്പത്തൂരിൽ പോത്തന്നൂർ ജംഗ്ഷൻ 100 കോടി രൂപ നിക്ഷേപത്തിൽ, സ്റ്റേബ്ലിംഗ്, പിറ്റ് ലൈനുകളോടെ രണ്ടാം ടെർമിനലാകും. കോയമ്പത്തൂർ നോർത്തിൽ പുതിയ പ്രവേശന കവാടങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തും. കോയമ്പത്തൂർ ജംഗ്ഷനിലെ പിപിപി പദ്ധതി ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് (ഡിപിആർ) ഘട്ടത്തിലാണെന്നും റെയിൽവെ വ്യക്തമാക്കി.
ദക്ഷിണ റെയിൽവേയ്ക്ക് കീഴിലെ പ്രധാന കേന്ദ്രമാണ് കൊച്ചി. വാണിജ്യം, വ്യവസായം, ടൂറിസം അങ്ങനെ എല്ലാതലത്തിലും പ്രധാന്യമുള്ള ഇടം. അതുകൊണ്ട് തന്നെ എറണാകുളത്തെ റെയിൽവെ വികസനത്തിനും വമ്പൻ പദ്ധതികളാണ് റെയിൽവെ വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ പുനർവികസനം നടപ്പാക്കും. 150.28 കോടി രൂപ ചെലവിൽ രണ്ട് ഘട്ടങ്ങളായാണ് ഇത് ആസൂത്രണം ചെയ്യുന്നത്. നിർമ്മാണത്തിനിടെ യാത്രാ ഗതാഗതത്തിന് തടസ്സമില്ലെന്ന് ഉറപ്പാക്കുന്ന രീതിയിലായിരിക്കും ഓരോ ഘട്ടവും നടപ്പാക്കുക.
കൊച്ചിയിലെ റെയിൽ ശൃംഖലയിൽ എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, തൃപ്പൂണിത്തുറ സ്റ്റേഷനുകൾ ഉൾപ്പെടുന്നുണ്ട്. എറണാകുളം ടൗൺ സ്റ്റേഷൻ്റെ തെക്ക് ഭാഗത്ത് ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ന നിലവിൽ നടക്കുന്നുണ്ട്. ജീവനക്കാരുടെ ക്വാർട്ടേഴ്സ്, പാഴ്സൽ ഓഫീസ്, ഡ്യൂട്ടി എസ്എം റൂം, സബ്സ്റ്റേഷൻ, ഒഎഫ്സി റൂമുകൾ എന്നിവയുൾപ്പെടെയുള്ള നിലവിലുള്ള സൗകര്യങ്ങൾ മാറ്റി സ്ഥാപിക്കാനും റെയിൽവെ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.












Click it and Unblock the Notifications