ചെന്നുപെട്ട താവളത്തിന്റെ ദുര്‍ലക്ഷണം; ജോസ് കെ മാണിക്കെതിരെ ഇടി മുഹമ്മദ് ബഷീര്‍, ലൗജിഹാദ് വീണ്ടും
തിരുവനന്തപുരം: ലൗ ജിഹാദ് ആരോപണം ഉയര്‍ത്തിയ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിക്കെതിരെ മുസ്ലിം ലീഗിന്റെ ഇടി മുഹമ്മദ് ബഷീര്‍ എംപി. കേരളത്തെ പോലെ നന്മ നിറഞ്ഞ നാട്ടില്‍ ഇത്തരം പ്രയോഗങ്ങള്‍ അധാര്‍മികമാണ് എന്ന് ഇടി മാധ്യമങ്ങളോട് പറഞ്ഞു. ലൗ ജിഹാദ് ആരോപണം സംബന്ധിച്ച് പരിശോധിക്കണമെന്നും സംശയം ദൂരീകരിക്കണമെന്നുമായിരുന്നു ജോസ് കെ മാണി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ സംഘപരിവാര്‍ സംഘടനകളും തീവ്ര ക്രൈസ്തവ വിഭാഗങ്ങളും മാത്രം ഉന്നയിക്കുന്ന വിഷയം ജോസ് കെ മാണി ഏറ്റെടുത്തതില്‍ വിമര്‍ശനം ശക്തമാണ്.

ജോസ് കെ മാണി പറഞ്ഞത് ഞാന്‍ കേട്ടിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അധാര്‍മികമാണ്. പ്രത്യേകിച്ചും കേരളം പോലുള്ള ഒരു നാട്ടില്‍. എന്തും പറയാന്‍ മടിയില്ലാത്ത താവളത്തിലാണ് അദ്ദേഹം ചെന്നുപെട്ടിട്ടുള്ളത്. അതിന്റെ ദുര്‍ലക്ഷണമാണ് കാണുന്നത്. ഇത്തരം പ്രസ്താവനകള്‍ ഖേദകരമാണ്. ഇടതുപക്ഷം അപചയത്തിലാണ്. നാടിന്റെ നന്മ തകര്‍ക്കുന്ന പ്രസ്താവനകളാണ് ഇടതുപക്ഷത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്. സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ബഹിര്‍സ്ഫുരണമാണ് കാണുന്നത് എന്നും ഇടി പറഞ്ഞു.
ലൗ ജിഹാദ് വിഷയത്തില്‍ ജോസ് കെ മാണി കഴിഞ്ഞ ദിവസമാണ് പ്രതികരിച്ചത്. തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്നും വിഷയം പരിശോധിച്ച് വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. യാഥാര്‍ഥ്യമുണ്ടോ എന്ന് പരിശോധിക്കണം. പൊതുസമൂഹം വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. ഇതടുമുന്നണിയിലെ ഒരു ഘടകകക്ഷി ആദ്യമായിട്ടാണ് ലൗ ജിഹാദ് വിവാദത്തില്‍ പ്രതികരിക്കുന്നത്.
കേരള ഹൈക്കോടതി ഉള്‍പ്പെടെ തള്ളിക്കളഞ്ഞ വിഷയമാണ് ലൗ ജിഹാദ്. ഒന്നിലധികം തവണ പോലീസ് അന്വേഷിക്കുകയും ലൗജിഹാദ് എന്നത് കേരളത്തില്‍ ഇല്ലെന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. മുസ്ലിം യുവാക്കള്‍ സ്‌നേഹം നടിച്ച്് ആസൂത്രിതതമായി പെണ്‍കുട്ടികളെ മതംമാറ്റുന്നു എന്ന് സംഘപരിവാര്‍ സംഘടനകളാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ഇതേ തുടര്‍ന്നാണ് ലൗ ജിഹാദ് വിവാദം ഉയര്‍ന്നത്.












Click it and Unblock the Notifications