'സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണം'; ഹൈക്കോടതി
കൊച്ചി: സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങള്‍ നിർമിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഏത് മതത്തിന്റെയായാലും അത്തരം ആരാധനാലയങ്ങൾ ഒഴിപ്പിക്കണമെന്നും ഹൈക്കോടതിവ്യക്തമാക്കി. സംസ്ഥാന സർക്കാരില്‍ നിന്ന് സ്ഥാവര വസ്തു പാട്ടത്തിനെടുത്ത പ്ലാന്റേഷന്‍ കോർപ്പറേഷന്‍ ഓഫ് കേരള കൊടുത്ത റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
'സർക്കാർ ഭൂമികള്‍ മതപരമായ കാര്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത് സംസ്ഥാനത്ത് മതസ്പർദ്ധ ഉണ്ടാക്കും. ഏതെങ്കിലും ഒരു മതവിഭാഗം ഇത്തരം പ്രവൃത്തികള്‍ ചെയ്താല്‍ മറ്റുള്ളവരും ഇത് പിന്തുടരും. ഇത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം സർക്കാർ ഭൂമി കയ്യേറി ആരാധാനാലയങ്ങള്‍ നിർമിക്കാനും മതസൗഹാർദം തകർക്കാനുമുള്ളതല്ല', ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

പ്ലാന്റേഷന്‍ കോർപ്പറേഷന്റെ കീഴിലുള്ള വസ്തുവില്‍ ആരാധനാലയം പണിയാനും വിഗ്രഹ പ്രതിഷ്ഠ നടത്താനും ശ്രമം നടന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്ലാന്റേഷന്‍ കോർപ്പറേഷന്റെ കീഴിലുള്ള തൊഴിലാളികളില്‍ കൂടുതലും ഹിന്ദു വിഭാഗത്തില്‍നിന്നുള്ളവരാണെന്നും ഇവർ ആരാധനയ്ക്കായി ചെറി കെട്ടിടം പണിഞ്ഞുവെന്നുമാണ് ഹർജിയിൽ പറയുന്നത്. ഇത് ഒഴിപ്പിക്കാൻ ശ്രമമുണ്ടായപ്പോൾ ക്രമസമാധാന പ്രശ്നം ഉണ്ടായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഇത്തരം വാദങ്ങൾ അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാർ ഭൂമി കയ്യേറി ആരാധനാലയങ്ങൾ നിർമിച്ചത് കണ്ടെത്താൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കണമെന്നും കോടതി നിർദ്ദേശിച്ചു. ആറുമാസത്തിനുള്ളിൽ ജില്ലാ കളക്ടർമാർ മറുപടി റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശം. പൊളിച്ചു നീക്കൽ ഉൾപ്പെടെയുള്ള നടപടി ഒരു വർഷത്തിനുള്ളിൽ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച കോടതി ഇതിനായി സ്വീകരിച്ച നടപടികൾ എന്താണെന്നത് സംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും വ്യക്തമാക്കി.












Click it and Unblock the Notifications