'എന്റെ മരണശേഷവും എല്ലാ കൊല്ലവും നിങ്ങള്‍ക്ക് ഒരുകോടി രൂപ ലഭിക്കും'; വമ്പന്‍ പ്രഖ്യാപനവുമായി യൂസഫലി, കൈയടി
തിരുവനന്തപുരം: മജീഷ്യനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാടിന്റെ ഭിന്നശേഷിക്കാര്‍ക്ക് ആശുപത്രി എന്ന പദ്ധതിക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. കാസര്‍ഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനായി കഴക്കൂട്ടത്തെ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയതായിരുന്നു യൂസഫലി. ഇവിടെ വെച്ചായിരുന്നു യൂസഫലി സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.
83 കോടി രൂപ ചെലവില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി എന്നതാണ് ഗോപിനാഥ് മുതുകാടിന്റെ സ്വപ്നം. ഇതിലേക്കായി ഒന്നരക്കോടി രൂപയാണ് എം എ യൂസഫലി വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്ലാ വര്‍ഷവും ഒരു കോടി രൂപ വീതം പദ്ധതിയിലേക്കായി എത്തുമെന്നും തന്റെ കാലശേഷവും ഇത് തുടരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. യൂസഫലിയുടെ പ്രഖ്യാപനത്തെ കൈയടികളോടെയാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചത്.

ഭിന്നശേഷിക്കാര്‍ക്കായി ആശുപത്രി എന്നതിനൊപ്പം കാസര്‍കോട് നിന്നും ഭിന്നശേഷിക്കാരായ ആയിരം കുട്ടികളെ ഏറ്റെടുക്കാനും ഗോപിനാഥ് മുതുകാട്ൃ തയ്യാറെടുക്കുകയാണ്. ഈ ചടങ്ങിലാണ് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി എം എ യൂസഫലി രംഗത്തെത്തിയത്. അതേസമയം ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള വിവിധ പഠനകേന്ദ്രങ്ങള്‍ യൂസഫലി സന്ദര്‍ശിച്ചു.
കുട്ടികളുടെ ചിത്രരചനകള്‍ കാണാനെത്തിയ യൂസഫലിയെം ക്യാന്‍വാസില്‍ പകര്‍ത്തിയ ഫൈന്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥി രാഹുല്‍ എല്ലാവരുടേയും കൈയടി ഏറ്റുവാങ്ങി. സംഗീത പഠന കേന്ദ്രമായ ബീഥോവന്‍ ബംഗ്ലാവില്‍ പാട്ടുകള്‍ പാടി തന്നെ സ്വീകരിച്ച കുട്ടികള്‍ക്കൊപ്പമിരിക്കാനും യൂസഫലി മറന്നില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റുമാണ് ഗോപിനാഥ് മുതുകാടിന്റെ ലക്ഷ്യം.
ഇതിനൊപ്പം ഗവേഷണ കേന്ദ്രവും കാസര്‍കോട് കാഞ്ഞങ്ങാട് ആരംഭിക്കാനിരിക്കുന്ന കേന്ദ്രത്തിലുണ്ടാകും. അതേസമയം എന്‍ഡോസള്‍ഫാന്‍ ദുരിതമേഖല കൂടിയായ കാസര്‍ഗോഡ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് വ്യക്തമാക്കി. മലബാര്‍ മേഖലയിലെ നിരവധി കുട്ടികള്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്.
അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ക്ലാസ് മുറികള്‍, പ്രത്യേകം തയ്യാറാക്കിയ സിലബസിനെ അധികരിച്ചുള്ള പഠനരീതികള്‍, ആനിമല്‍ തെറാപ്പി, വാട്ടര്‍ തെറാപ്പി, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികള്‍, തെറാപ്പി സെന്ററുകള്‍, റിസര്‍ച്ച് ലാബുകള്‍, ആശുപത്രി സൗകര്യം, സ്‌പോര്‍ട്‌സ് സെന്റര്‍, വൊക്കേഷണല്‍, കമ്പ്യൂട്ടര്‍ പരിശീലനങ്ങള്‍, ടോയ്‌ലെറ്റുകള്‍ തുടങ്ങിയവ ഈ കേന്ദ്രത്തിലുണ്ടാകും.


Click it and Unblock the Notifications