ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം
തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമ്പോൾ തന്നെ നമ്മൾ കേൾക്കുന്നതാണ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പാലിക്കേണ്ട മാതൃകാ പെരുമാറ്റച്ചട്ടത്തെക്കുറിച്ച്. എന്നാൽ, അതിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പലർക്കും അറിയില്ല. കേരളത്തിൽ ഇപ്പോൾ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുകയാണ്. എന്തൊക്കെയാണ് ഇതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം.
തെരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും മറ്റുള്ളവരും പിന്തുടരേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ മാർഗനിർദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. ഇത് തയാറാക്കുന്നത് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചിട്ടാണ്. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പു കുറ്റകൃത്യങ്ങൾ, കള്ളവോട്ട്, പണം നൽകി വോട്ടർമാരെ സ്വാധീനിക്കൽ ഇതെല്ലാം തടയുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പ്രഖ്യാപിക്കുന്ന തീയതി മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവരും. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ തുടരുകയും ചെയ്യും.

പുതിയ പദ്ധതികൾ പാടില്ല, തുടങ്ങിയവ നിർത്തേണ്ടതില്ല
പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക സഹായം അനുവദിക്കാൻ ജനപ്രതിനിധികൾക്ക് കഴിയില്ല. സർക്കാർ ഫണ്ട് ഉപയോഗിച്ചു നിർമിക്കാൻ അനുമതി ലഭിച്ച പദ്ധതികളുടെ ജോലികൾ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം ആരംഭിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ, നിർമാണം ആരംഭിച്ച ജോലികൾ നിർത്തി വെക്കേണ്ടതില്ല. എംപിമാരുടെയോ എംഎൽഎമാരുടെയോ പ്രാദേശിക വികസന ഫണ്ടിൽനിന്ന് പുതിയ പദ്ധതികൾക്കു പണം അനുവദിക്കാൻ സാധിക്കില്ല. പുതിയ പദ്ധതികൾക്ക് ശിലാസ്ഥാപനം നടത്തുന്നതിലും ജനപ്രതിനിധികൾക്ക് വിലക്കുണ്ട്. അടിയന്തര പദ്ധതികൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ തുടങ്ങാം. പൂർത്തിയായ പദ്ധതികൾക്കു പണം നൽകുന്നതിന് അനുവാദമുണ്ട്. ഉദ്യോഗസ്ഥർക്ക് മാത്രമായി പദ്ധതികളുടെ ഉദ്ഘാടനം നടത്തുകയും ചെയ്യാം.
തെരരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെങ്കിൽ കമ്മീഷന്റെ അനുമതി വേണം. ജനപ്രതിനിധികൾ ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മന്ത്രിമാരോ ജനപ്രതിനിധികളോ ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ പാടില്ല. നേരത്തേ സ്ഥാപിച്ച പരസ്യ ബോർഡുകൾ നീക്കം ചെയ്യുകയും വേണം. പൊതു ഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ച എല്ലാ ബോർഡുകളും പ്രചാരണ സാമഗ്രികളും നീക്കം ചെയ്യണം.
രക്തസാക്ഷിത്വ ദിനം, സദ്ഭാവനാദിനം, പ്രധാന നേതാക്കളുടെ ജന്മദിനാചരണം പോലുള്ള ചടങ്ങുകളിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്ക് പങ്കെടുക്കാം. പക്ഷേ, അവരുടെ പ്രസംഗത്തിൽ രാഷ്ട്രീയമോ തെരഞ്ഞെടുപ്പോ കടന്നുവരാൻ പാടില്ല. ചടങ്ങിന് അടിസ്ഥാനമായ വിഷയത്തിൽ മാത്രം പ്രസംഗം ഒതുക്കണം. സർവകലാശാലയിലെയോ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയോ ബിരുദസമർപ്പണ ചടങ്ങുകളിൽ ഗവർണർക്കു മാത്രം പങ്കെടുക്കാം. തടവുപുള്ളികൾക്കു പരോൾ അനുവദിക്കുന്നത് അനിവാര്യമാണെന്നു സർക്കാറിനു ബോധ്യമായാൽ തെരഞ്ഞെടുപ്പു കമ്മീഷനുമായി ആലോചിച്ച് തീരുമാനമെടുക്കാം
അതേസമയം, പൾസ് പോളിയോ പോലുള്ളവയുടെ ബോധവത്കരണ പ്രചാരണം, കോടതി നിർദേശമുണ്ടെങ്കിൽ ആശ്രിത നിയമനം, ഒരു ഉദ്യോഗസ്ഥന് മറ്റൊരു ഉദ്യോഗസ്ഥന്റെ അധിക ചുമതല നൽകൽ, ദുരന്തമുണ്ടായാൽ പ്രകൃതിദുരന്ത ഫണ്ടിൽനിന്നു പണം എടുക്കുന്നതും ഉദ്യോഗസ്ഥസംഘത്തെ നിയമിക്കുന്നതും, ജീവനക്കാരുടെ വിരമിക്കൽ, ഡപ്യൂട്ടേഷൻ കാരണമുണ്ടായ ഒഴിവുകളിൽ ഡിപിസി യോഗം ചേരൽ, പൊതുസ്ഥാപനങ്ങളുടെ (ജലവിതരണം ഉൾപ്പെടെ) അറ്റകുറ്റപ്പണി, കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്തൽ, ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമനം തുടങ്ങിയവ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ സർക്കാറിന് ചെയ്യാം.












Click it and Unblock the Notifications