'ഷംസീർ മാപ്പ് പറയാൻ ആഗഹിച്ചാൽ പോലും ഞങ്ങൾ സമ്മതിക്കില്ല'; പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് സജിത മഠത്തിൽ
കൊച്ചി: സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി നടി സജിത മഠത്തിൽ. ശാസ്ത്ര സത്യത്തിലൂന്നി ഒരഭിപ്രായം പറയുന്നത് വിശ്വാസിയുടെ വ്യക്തി സ്വതന്ത്രത്തിലുള്ള ഇടപെടൽ ആക്കുന്നതെങ്ങിനെയെന്ന് അവർ ചോദിച്ചു. പ്രതിപക്ഷം ഈ വിഷയത്തിൽ കൂടുതൽ അവധാനതയോടെ പ്രതികരിക്കേണ്ടതുണ്ടെന്നും ഇപ്പോൾ നടത്തുന്നത് അപകടകരമായ ഇടപെടലാണെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
അതെ ! അതെ ! മത വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കരുത്!
എന്റെ അഭിപ്രായവും അതു തന്നെയാണ്! ശാസ്ത്രബോധത്തിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ നിലനിൽക്കുന്നത്. ഇപ്പോഴും. പക്ഷെ ഇക്കണക്കിനു പോയാൽ സയൻസ് പാഠങ്ങളിൽ മിത്തും പുരാണവും ശാസ്ത്രീയമായി പഠിക്കാൻ അധികകാലമൊന്നും വേണ്ടി വരില്ല. പണി തുടങ്ങിക്കഴിഞ്ഞല്ലോ!

കവിഭാവനയിലെ പുഷ്പകവിമാനം എനിക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമല്ല. അത് സയൻസ് കോൺഗ്രസ്സിൽ എത്ര വലിയ പദവിയിലിരിക്കുന്ന ആൾ വന്നു പറഞ്ഞാലും ശാസ്ത്ര സത്യമാവില്ല. ഇതൊന്നും തെളിയിക്കപ്പെടാൻ വിശ്വാസമല്ല കൂട്ട്. അതിന് ശാസ്ത്ര ഗവേഷണത്തിന്റെ ടൂളുകൾ തന്നെ വേണം.ശാസ്ത്ര സത്യം പറയുന്നത് വിശ്വാസത്തെ ഹനിക്കലാണെങ്കിൽ തിരിച്ചു പറയുന്നത് ഞാൻ ഇത്രയും കാലം പഠിച്ചു വളർന്ന ശാസ്ത്രബോധത്തെ കളങ്കപ്പെടുത്തുന്നതുമാണ്.
ആയതിനാൽ ശാസ്ത്ര ബോധത്തെ ഹനിച്ചവർ ആദ്യം ഒന്നൊന്നായി മാപ്പ് പറയൂ. അതുവരെ നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കർ ഷംസീർ മാപ്പുപറയാൻ അദ്ദേഹം ആഗഹിച്ചാൽ പോലും ഞങ്ങൾ സമ്മതിക്കില്ല. കാരണം അത് ശാസ്ത്ര ബോധത്തിൽ ലോകം നോക്കിക്കണ്ടവരെ തള്ളിപ്പറയലാവും. എന്താ ശാസ്ത്രബോധത്തോടെ വളർന്നവരുടെ വികാരങ്ങൾക്ക് മുറിവ് ഏൽക്കില്ലെ? എന്തൊരു കഷ്ടമാണിത്?
ശാസ്ത്ര സത്യത്തിലൂന്നി ഒരഭിപ്രായം പറയുന്നത് വിശ്വാസിയുടെ വ്യക്തി സ്വതന്ത്രത്തിലുള്ള ഇടപെടൽ ആക്കുന്നതെങ്ങിനെ? പ്രതിപക്ഷം ഈ വിഷയത്തിൽ കൂടുതൽ അവധാനതയോടെ പ്രതികരിക്കേണ്ടതുണ്ട്. ഇത് അപകടകരമായ ഇടപെടലാണ്. ശാസ്ത്ര ബോധത്തിനൊപ്പം തന്നെയാണ്! ശാസ്ത്ര സത്യങ്ങൾക്കൊപ്പം നിൽക്കുന്ന ബഹുമാന്യ നിയമസഭാ സ്പീക്കർക്ക്, എ എൻ ഷംസീറിന് അഭിവാദ്യങ്ങൾ', നടി പോസ്റ്റിൽ പറഞ്ഞു.
അതേസമയം വിവാദത്തിൽ താൻ മാപ്പ് പറയില്ലെന്ന നിലപാടാണ് എഎൻ ഷംസീർ ആവർത്തിച്ചത്. താൻ ഒരു മതത്തേയും വ്രണപ്പെടുത്തിയിട്ടില്ലെന്നും
എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ് താനെന്നും ഷംസീർ പറഞ്ഞിരുന്നു.












Click it and Unblock the Notifications