ചമ്പല്‍ കൊള്ളക്കാര്‍ പോലും സ്വന്തം അമ്പലങ്ങളില്‍നിന്ന് മോഷ്ടിക്കില്ല; ഹൈക്കോടതിയാണ് യഥാര്‍ത്ഥ ഹീറോ
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍ തൃപ്തികരവും ആശ്വാസകരവും ആണെന്ന് രാഹുല്‍ ഈശ്വര്‍. ചമ്പല്‍ കൊള്ളക്കാര്‍ പോലും സ്വന്തം അമ്പലങ്ങളില്‍ നിന്ന് മോഷ്ടിക്കില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡുകാര്‍ മോഷ്ടിച്ചു. ഇന്ത്യയില്‍ ഏറ്റവും ഭീകരന്മാരായ കൊള്ളക്കാരാണ് ചമ്പല്‍ കാടുകളിലെ കൊള്ളക്കാര്‍. അവര്‍ പോലും സ്വന്തം അമ്പലങ്ങളില്‍ നിന്നോ ക്ഷേത്രങ്ങളില്‍ നിന്നോ സ്വര്‍ണമോ സ്വത്തോ മോഷ്ടിക്കില്ലെന്നും ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വണ്‍ ഇന്ത്യയോട് പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നയപരമായ കൊള്ളയാണ് നടത്തിയത്. നയം ഉണ്ടാക്കി കൊള്ളയടിക്കുകയായിരുന്നു. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളികളെ സ്വര്‍ണം പൂശിയതാക്കി മാറ്റി. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് വാസു അടക്കമുള്ളവര്‍ അറസ്റ്റിലായി. കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തണം. ഹൈക്കോടതിയില്‍ വിശ്വാസമുണ്ട്. ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് ജയകുമാര്‍ എന്നിവരാണ് യഥാര്‍ത്ഥ ഹീറോസ്. അവര് കഴിഞ്ഞാല്‍ മാധ്യമങ്ങളും. ഇവരുള്ളതു കൊണ്ട് മാത്രമാണ് സത്യം പുറത്തുവന്നത്. ഹൈക്കോടതിയും മാധ്യമങ്ങളും പോരാടി സത്യം വെളിയില്‍ കൊണ്ടുവന്നു.

ശബരിമലയില്‍ ഇപ്പോള്‍ ഇരിക്കുന്നത് ദ്വാരപാലക ശില്‍പങ്ങളും വാതിലിലെ കട്ടിളപ്പടിയും ഡ്യൂപ്ലിക്കേറ്റ് ആണ്. രണ്ടര കിലോഗ്രാമുള്ള സ്വര്‍ണം മാറ്റി 360 ഗ്രാം സ്വര്‍ണം പൂശിയാണ് വെച്ചിരിക്കുന്നത്. ഒറിജിനല്‍ സാധനം നഷ്ടപ്പെട്ടു.
വിജയ് മല്യ തന്ന തനി തങ്കം പൊതിഞ്ഞ 24 കാരറ്റ് സ്വര്‍ണമുള്ള പാളികള്‍ മാറ്റി വ്യാജ ചെമ്പുണ്ടാക്കി അതില്‍ സ്വര്‍ണം പൂശിയാണ് വെച്ചിരിക്കുന്നത്. ഇത് തട്ടിപ്പാണ്. ഇതില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണം ജയിലിലേക്ക് അയയ്ക്കണം. ദേവസ്വം
ബോര്‍ഡിനാണ് ഇതിന്റെ ഉത്തരവാദിത്വം.
എന്റെ വീട്ടില്‍ കള്ളന്‍ കയറിയാല്‍ അത് കള്ളന്റെ വീഴ്ചയാണെന്ന് ആരെങ്കിലും പറയുമോ? നമ്മുടെ വീട്ടില്‍ നിന്ന് 100 പവന്‍ സ്വര്‍ണം കൊണ്ടുപോയാല്‍ അത് കള്ളന്റെ ജാഗ്രത കുറവാണെന്ന് പറയാറുണ്ടോ? ഇത് കള്ളന്റെ മിടുക്കാണ്. അതു പോലെ ദേവസ്വം ബോര്‍ഡിന്റെ മിടുക്കാണിത്. കണ്‍മുന്നിലിരുന്ന് സ്വര്‍ണമാണ് അടിച്ചുമാറ്റിയത്. എന്നാല്‍ അതിനപ്പുറം ബുദ്ധിയുള്ളവരാണ് ഹൈക്കോടതി. അതുകൊണ്ടാണ് പലരും ജയിലില്‍ പോയത്. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ചു എന്ന് ഹൈക്കോടതി വിധിന്യായത്തില്‍ എഴുതി വച്ചിട്ടുണ്ട്. ആ കൊള്ളക്കാരെ പിടിക്കണം, ജയിലില്‍ ഇടണം - രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ള പുറത്ത് എത്തിച്ചതില്‍ ക്രെഡിറ്റ് ഹൈക്കോടതിക്ക് മാത്രമാണുള്ളത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ക്രെഡിറ്റില്ലെന്നും ഒരു പാര്‍ട്ടിയും ഇത് മുതലെടുക്കാന്‍ വരേണ്ടതില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.












Click it and Unblock the Notifications