
'എല്ലാത്തിനും അതിന്റെതായ സമയമുണ്ട് സിഎം', സ്വർണ്ണക്കടത്തിൽ പിണറായിക്ക് അക്കമിട്ട് വി മുരളീധരന്റെ മറുപടി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മറുപടി നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയെ കടന്നാക്രമിച്ചിരുന്നു. ആരോപണങ്ങള്‍ ഉന്നയിച്ച സ്വപ്ന സുരേഷും ബിജെപിയും തമ്മിലുളള ബന്ധമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.
ബിജെപിയും കോണ്‍ഗ്രസും തമ്മിലുളള കൂട്ടുകച്ചവടമാണ് നടക്കുന്നത് എന്നും മുഖ്യമന്ത്രി ആരോപിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വി മുരളീധരന്.

വി മുരളീധരന്റെ കുറിപ്പ്: മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി
1. സ്വർണം പിടിച്ചയുടൻ ഡിപ്ലോമാറ്റിക് ബാഗേജാണെന്ന് ഞാൻ പറഞ്ഞില്ല എന്നത് മഹാ അപരാധമെന്ന് മുഖ്യമന്ത്രി. ഇന്ത്യയുടെ അടുത്ത സുഹൃത്തായ യുഎഇ സർക്കാരിൻ്റെ ഔദ്യോഗിക ചാനലിലൂടെ കള്ളക്കടത്ത് നടത്തി എന്നത് എനിക്ക് അവിശ്വസനീയമായിരുന്നു. താങ്കൾക്ക് ഒരുപക്ഷേ ഉറപ്പുണ്ടായിരുന്നിരിക്കാം. മാത്രമല്ല കോൺസുലേറ്റിനുള്ള ബാഗേജല്ല എന്ന് യുഎഇ സർക്കാരിൻ്റെ പ്രതിനിധിയായ അറ്റാഷെ മൊഴി നൽകുകയും ചെയ്തിരുന്നു.

2. യുഎഇ കോൺസുൽ ജനറലും അറ്റാഷെയും എങ്ങനെ രാജ്യം വിട്ടു ?
സ്വർണം പിടിക്കുമ്പോൾ യുഎഇ കോൺസുൽ ജനറൽ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. അറ്റാഷെയുടെ സ്റ്റേറ്റ്മെൻറ് സ്വർണം പിടിച്ചയുടൻ കസ്റ്റംസ് രേഖപ്പെടുത്തി. തൻ്റെ ബാഗേജ് അല്ലെന്ന് അറ്റാഷെ അവകാശപ്പെട്ടതായി മഹസറിലുണ്ട്. ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധമുള്ള യുഎഇയുടെ, ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള ഉദ്യോഗസ്ഥനെ പിടിച്ചുവയ്ക്കാൻ ചട്ടമില്ല. അത് നയതന്ത്രബന്ധം വഷളാക്കും. ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ നൽകുന്ന ഒരു രാജ്യവുമായുള്ള ബന്ധം വഷളാക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കുമായിരുന്നില്ല. ഈ വിദേശ പൗരൻമാർക്ക് ഇപ്പോൾ കസ്റ്റംസ്, വിദേശകാര്യമന്ത്രാലയം വഴി നോട്ടീസ് നൽകിയിരിക്കുന്നു.

3. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബാഗേജ് വിട്ടുകിട്ടാൻ വിളിച്ചില്ലന്ന് തെളിഞ്ഞില്ലേ ? കള്ളം . താങ്കളുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചിരുന്നു എന്ന് കണ്ടെത്തി, അദ്ദേഹം കേസിൽ പ്രതിയായി.
4. പ്രോട്ടോക്കോൾ ഓഫീസറെ അന്വേഷണ ഏജൻസി വിളിപ്പിച്ചില്ലേ ?
എങ്ങനെയാണ്, എന്തിനാണ് മുഖ്യമന്ത്രീ, കോൺസുലേറ്റിലെ അക്കൗണ്ടൻ്റിന് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതിയില്ലാതെ ഡിപ്ലോമാറ്റിക് ഐഡി കാർഡ് നൽകിയത്? അയാളല്ലേ കള്ളക്കടത്തിലെ മുഖ്യപ്രതി ?

5. സ്വർണം അയച്ച ഫൈസൽ ഫരീദിനെ ഒന്നും ചെയ്തില്ല?
തെറ്റ്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ അഭ്യർഥന പ്രകാരം യുഎഇ പോലീസ് ഫൈസൽ ഫരീദിനെ അറസ്റ്റ് ചെയ്തു. അവരുടെ ചോദ്യം ചെയ്യലിൽ റബിൻസ് ഹമീദാണ് ഇയാളെക്കൊണ്ട് സ്വർണം അയപ്പിച്ചതെന്ന് തെളിഞ്ഞു. റബിൻസ് ഹമീദിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിച്ചു. ഫൈസൽ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടി പുരോഗമിക്കുന്നു. ഇക്കാര്യം NIA കോടതിയെ അറിയിച്ചിട്ടുണ്ട്.

6. കേന്ദ്ര അന്വേഷണ ഏജൻസികൾ ഒന്നും കണ്ടെത്തിയില്ല ?
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കിടന്നത് കള്ളക്കടത്ത് കേസിലാണ്. കേസിലെ പ്രതിയായ ഈ ഉദ്യോഗസ്ഥൻ ഇന്നും സർവീസിൽ തുടരുന്നുണ്ട്. വിദേശ പൗരൻമാർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നു.ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ കേരളസർക്കാർ സുപ്രീംകോടതി വരെ കേസ് പറഞ്ഞു. രണ്ടു വർഷം അന്വേഷണം വൈകിപ്പിച്ചു. കേസ് സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് ഈ മാർച്ചിൽ സിബിഐ അന്വേഷണം തുടങ്ങി. 164 സ്റ്റേറ്റ്മെൻ്റിൻ്റെ പശ്ചാത്തലത്തിൽ ED പ്രാഥമിക അന്വേഷണം നടത്തുന്നു.

7. പരിശോധനയില്ലാത്ത ബാഗേജ് കൊണ്ടുപോവാൻ മുഖ്യമന്ത്രിക്കാവില്ല.?
ശരിയാണ്. പക്ഷേ താങ്കൾ മറന്നു വച്ച ഒരു ബാഗ് (ഗിഫ്ട് ) എന്തിനാണ് കോൺസുലേറ്റിൽ, ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള ഉദ്യോഗസ്ഥൻ വഴി കൊടുത്തുവിട്ട് പരിശോധന ഒഴിവാക്കിയത്? ദിവസവും നൂറുകണക്കിന് മലയാളികൾ യാത്ര ചെയ്യുന്ന യുഎഇയിലേക്ക് മറ്റാരുടെയെങ്കിലും കൈവശം കൊടുത്തയക്കാമായിരുന്നല്ലോ ? എല്ലാത്തിനും അതിന്റെതായ സമയമുണ്ട് സിഎം.....''
ഗണേഷ് കുമാറിനെ എയറിലാക്കി ഇടവേള ബാബു; 'ബിനീഷ് കൊടിയേരിക്കെതിരെ നടപടി വേണ്ടെന്നായിരുന്നില്ലേ'