
എല്ലാം സമവായത്തിലൊതുക്കും: കേരളത്തില്‍ സംഘടന തിരഞ്ഞെടുപ്പ് ചടങ്ങ് മാത്രമായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് പ്രസിഡന്റിനെയും മറ്റ് ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതിനുള്ള സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിടയില്ല. കെ പി സി സി പ്രസിഡന്റ് ഉള്‍പ്പടേയുള്ള കെ പി സി സി ഭാരവാഹികളേയും ഡി സി സി അധ്യക്ഷന്മാരേയും ഇതിനോടകം തന്നെ തിരഞ്ഞെടുത്തിരുന്നു. അതോടൊപ്പം തന്നെ ഡി സി സി ഭാരവാഹികളേയും ബ്ലോക്ക് ഭാരവാഹികളേയും പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.
ഈ സാഹചര്യത്തില്‍ സംഘടന തിരഞ്ഞെടുപ്പില്‍ എല്ലാ തലങ്ങളിലും സമവായ സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാൻ താൽപര്യമുണ്ടെങ്കിലും സമവായ വഴിയാണോ തിരഞ്ഞെടുപ്പ് വഴിയാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര കോൺഗ്രസ് നേതൃത്വത്തിനായിരിക്കുമെന്നാണ് വെള്ളിയാഴ്ച ചേർന്ന കെപിസിസി നിർവാഹക സമിതി യോഗത്തിന് ശേഷം പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കിയത്.
ദിലീപിന്റെ വാട്സാപ്പ് ചാറ്റുകളും ഫോൺകോൾ വിവരങ്ങളും വന്നു: ഉടന്‍ അന്വേഷണ സംഘത്തിലേക്ക്

സംസ്ഥാന കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറായി നിയമിതനായ കർണാടക മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര സംസ്ഥാന നേതൃത്വവുമായി പ്രാഥമിക ചർച്ചകൾക്കായി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കേരളത്തില്‍ സംഘടന തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. 1993ൽ വയലാർ രവി സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായതാണ് സംസ്ഥാനത്ത് അവസാനമായി സംഘടനാ തിരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു കേന്ദ്ര കമ്മിറ്റി സംഘടനാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിച്ചിരുന്നത്. ജൂലൈ 21 മുതൽ ഓഗസ്റ്റ് 22 വരെയാണ് സംസ്ഥാന കോൺഗ്രസ് കമ്മിറ്റി തിരഞ്ഞെടുപ്പ്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ആദ്യം തിരഞ്ഞെടുപ്പ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതത് ഗ്രൂപ്പുകളുടെ ശക്തി കുറഞ്ഞ സാഹചര്യത്തില്‍ അവർ മുന്‍ നിലപാടില്‍ ഇപ്പോള്‍ ഉറച്ച് നില്ക്കുന്നില്ല.

''മാർച്ച് 1 മുതൽ മെമ്പർഷിപ്പ് കാമ്പെയ്ൻ ആരംഭിക്കുന്നതിനായി ഞങ്ങൾ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുകയാണ്. സമവായത്തിലൂടെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാമെന്ന് കേന്ദ്രനേതൃത്വം തീരുമാനിച്ചാൽ സംഘടനാ തെരഞ്ഞെടുപ്പിൽ നിന്ന് ഞങ്ങൾ പിന്മാറും," എന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പുതിയ നേതൃത്വം വരണമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

നിലവിൽ ഈ മാസം തന്നെ ജില്ലാ കമ്മിറ്റികളുടെ അഴിച്ചുപണി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. എൽ ഡി എഫ് സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്കെതിരെ ദീർഘകാലം സമരം നടത്താത്തതില്‍ നിലവിലെ നേതൃത്വത്തെ എക്സിക്യൂട്ടീവ് യോഗത്തിൽ ചെന്നിത്തല വിമർശിച്ചിരുന്നു. അതേസമയം ചരിത്രപരമായ കർഷകരുടെ പ്രതിഷേധത്തിൽ സമാനമായ പ്രതിഷേധം കെ-റെയിലിനെതിരെ സംഘടിപ്പിക്കുമെന്നായിരുന്നു നിർവാഹക സമിതി യോഗത്തിന് ശേഷം സുധാകരൻ ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

'നോ ടു കെ-റെയിൽ, യെസ് ടു കേരള' എന്ന മുദ്രാവാക്യങ്ങളാൽ സംസ്ഥാനം വരും ദിവസങ്ങളിൽ അലയടിക്കും, ഇത് സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രക്ഷോഭമായിരിക്കും. അതിവേഗ റെയിൽ ഇടനാഴിക്കെതിരെ യുഡിഎഫ് തയ്യാറാക്കിയ ലഘുലേഖകൾ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തും. തുടർന്ന് ജില്ലാ, ബ്ലോക്ക് കമ്മിറ്റി, മണ്ഡലം കമ്മിറ്റി യോഗങ്ങൾ മുതൽ ജില്ലാ കളക്ടറേറ്റ് മാർച്ചുകൾ വരെ വിവിധ തലത്തിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കും, "സുധാകരൻ പറഞ്ഞു. കെ-റെയിലിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സുധാകരനും ജില്ലാതല കൺവെൻഷനുകൾ വിളിച്ചുകൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.