അരിപ്പറ്റയില്‍ സംഘര്‍ഷം, ആത്മഹത്യാഭീഷണി
കല്‍പറ്റ: അരിപ്പറ്റയില്‍ കുടിയിറക്കലിനെതിരെ സിപിഎമ്മിന്റേയും ആദിവാസി ക്ഷേമ സമിതിയുടേയും നേതൃത്വത്തില്‍ നടക്കുന്ന സമരം സംഘര്‍ഷത്തിലേക്ക്. കുടിയൊഴിപ്പിക്കലിനെതിരെ ആത്മഹത്യാശ്രമവുമായി ആദിവാസി ക്ഷേമ സമിതി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു.
വയനാട്ടിലെ ഹാരിസണ്‍സ് പ്ലാന്റേഷന്റെ ഭൂമി കയ്യേറി കുടില്‍ കെട്ടി താമസിച്ചവരാണ് പ്രതിഷേധക്കാര്‍. ഇവരെ ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ കുടിയൊഴിപ്പിച്ചിരുന്നു. പിന്നീട് അരിപ്പറ്റയിലെ ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുകയായിരുന്നവരെയാണ് ഇപ്പോള്‍ വീണ്ടും കുടിയിറക്കുന്നത്.

ആദിവാസികെളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്. കുടില്‍ കെട്ടി താമസിച്ചവര്‍ക്ക് വീടുണ്ടെന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. വില്ലേജ് ഓഫീസര്‍ നല്‍കിയത് തെറ്റായ റിപ്പോര്‍ട്ട് ആണെന്നാണ് ആരോപണം.
രണ്ട് പേരാണ് ആത്മഹത്യാശ്രമവുമായി രംഗത്തെത്തിയത്. കയ്യില്‍ കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ശരീരത്തിലൊഴിച്ച് രണ്ട് സ്ത്രീകള്‍ തീ കൊളുത്താന്‍ ശ്രമിച്ചു. ഇവരെ സമരക്കാര്‍ തന്നെ തടഞ്ഞു. അല്‍പസമയത്തിനുളളില്‍ മരത്തിന് മുകളില്‍ കയറുമായി കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി.
കോടതി ഉത്തരവിന്റെ ഭാഗമായാണ് ഒഴിപ്പിക്കലെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാനാണ് പോലീസ് എത്തിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വയനാട്ടിലെ പ്രശ്‌നം ഇത്രയും രൂക്ഷമാക്കിയത് റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന് കല്‍പറ്റ എംഎല്‍എ എംവി ശ്രേയാംസ് കുമാര്‍ ആരോപിച്ചു.












Click it and Unblock the Notifications