'ഒരു ഡിഐജി വന്നാൽ വനിതാ എസ്ഐയെ വിളിപ്പിക്കും', പോലീസിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് ആർ ശ്രീലേഖ
കൊച്ചി: കേരളത്തില്‍ വനിതാ പോലീസുകാര്‍ ലൈംഗിക ചൂഷണത്തിന് വരെ ഇരയാകുന്നുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ഒരു വനിതാ എസ്‌ഐക്ക് ഒരു ഡിഐജിയില്‍ നിന്നും നേരിടേണ്ട വന്ന അക്രമത്തെ കുറിച്ചും ആര്‍ ശ്രീലേഖ വെളിപ്പെടുത്തി. മനോരമ ന്യൂസ് ചാനലില്‍ നേരെ ചൊവ്വേ അഭിമുഖത്തിലാണ് ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.

ആര്‍ ശ്രീലേഖയുടെ വാക്കുകള്‍ ഇങ്ങനെ: ''ഒരു വനിതാ എസ്‌ഐ എന്നോട് ഓടി വന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു, ഡിഐജി പോലീസ് ക്ലബ്ബില്‍ വന്നിട്ടുണ്ട്, എന്നെ വിളിപ്പിക്കുന്നു. മാഡം ഒന്ന് എന്നെ രക്ഷിക്കണേ എന്ന്. ഒരു ഡിഐജി പോലീസ് ക്ലബ്ബില്‍ വന്നാല്‍ അവരെ വിളിപ്പിക്കും. കാരണം അവരുടെ തൊലി വെളുത്തതാണ്. കാണാന്‍ ഭംഗിയുണ്ട്''.
ഏത് കോളേജിലാ പഠിക്കുന്നത്? ഗൾഫിൽ നിന്ന് ഫ്രീക്ക് ലുക്കിൽ മഞ്ജു വാര്യർ, ചിത്രങ്ങൾ വൈറൽ

''അവരെ മുന്‍പ് വിളിപ്പിച്ചുണ്ടെന്നും അവരെ മുന്‍പും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുമുളള വസ്തുത അവര്‍ തന്റെയടുത്ത് വന്ന് പറയുകയാണ്. അക്കാരും മറ്റൊരു സീനിയര്‍ ഓഫീസറോടോ പുരുഷ മേധാവിയോടൊ അവര്‍ക്ക് പറയാന്‍ പറ്റില്ല. തന്നോടായത് കൊണ്ട് അവര്‍ക്ക് പറയാന്‍ പറ്റി. താന്‍ ഡിഐജിയെ വിളിച്ച് പറയും സര്‍ ഈ ലേഡി എന്റെ കൂടെ ഇരിക്കുകയാണ്, ഞാനൊരു കാര്യത്തിന് വിളിപ്പിച്ചതാണ്. സര്‍ വിളിപ്പിച്ചു എന്ന് അറിഞ്ഞു. പക്ഷേ അവര്‍ ഇന്ന് വരില്ലെന്ന് സാറിനെ അറിയിക്കുകയാണ്''.

''അപ്പോള്‍ അയാള്‍ക്ക് മനസ്സിലാകും കാര്യങ്ങള്‍ തനിക്ക് അറിയാമെന്ന്. പിന്നെ ശല്യമുണ്ടായിട്ടില്ല. ഇത്തരത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ സാധിച്ചിട്ടുണ്ട്. ആദ്യത്തെ വനിതാ പോലീസ് ഓഫീസര്‍ എന്നത് കൊണ്ട് തന്റെ കാലില്‍ കല്ലും മുള്ളും എല്ലാം തറച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് പിറകെ വരുന്ന വനിതാ ഓഫീസര്‍മാര്‍ക്ക് അത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സര്‍വ്വീസില്‍ ആദ്യത്തെ പത്ത് വര്‍ഷം വളരെ ബുദ്ധിമുട്ട് ഉളളതായിരുന്നു''.

സീനിയേഴ്‌സില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും താഴേത്തട്ടിലുളളവരില്‍ നിന്നുമെല്ലാം വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റില്‍ നെറ്റി ചുളിക്കലും അവഗണനയും ഉണ്ടായിരുന്നു. പിന്നീട് ഇവരുടെ അവഗണന സഹിക്കേണ്ട ആവശ്യം തനിക്കില്ലെന്ന മനോഭാവത്തിലേക്ക് മാറി. ഡിപ്പാര്‍ട്ട്‌മെന്റിനുളളിലെ ദുഷിപ്പുകള്‍ തന്നെ എല്ലാ കാലത്തും അലോസരപ്പെടുത്തിയിരുന്നു. വിരമിച്ചതിന് ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ ഇത്രയും കാലം ഇതെങ്ങനെ സഹിച്ചു എന്നാണ് തനിക്ക് തോന്നുന്നത്.

മദ്യപിച്ചതിന് ശേഷം പോലീസ് ഓഫീസര്‍മാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് എന്ന വ്യാജേനെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞിരുന്നു. രാഷ്ട്രീയ പിന്തുണയുളള പോലീസുകാര്‍ക്ക് ഡിജിപി ഉള്‍പ്പെടെ ആരെയും തെറി വിളിക്കാം. ഒരിക്കല്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അന്നത്തെ മുഖ്യമന്ത്രി അഴിമതിക്കാരനായ ഒരു ഓഫീസറുടെ അനുസരണയെ കുറിച്ച് പറയുന്നത് കേട്ട് ഞെട്ടിയിട്ടുണ്ട്. ഇയാള്‍ അഴിമതിക്കാരനാണ് എന്ന് അറിയാമെന്നും എന്നാല്‍ നല്ല അനുസരണയുളള ആളാണ് എന്നുമാണ് പറഞ്ഞത്. പറയുന്നത് എന്തും ചെയ്ത് കൊള്ളും, അതുകൊണ്ട് അഴിമതി ഞാനങ്ങ് കണ്ണടയ്ക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വളരെ അധികം അപവാദങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എഎസ്പി ആയപ്പോള്‍ തുടങ്ങിയതാണ്. അസിസ്റ്റന്‍ഡ് കളക്ടറും താനും തമ്മില്‍ അവിഹിത ബന്ധമുണ്ട് എന്ന് ഒരു പ്രമുഖ പത്രത്തിലെ ഒന്നാം പേജില്‍ വാര്‍ത്ത വന്നു. കുമരകത്ത് കാമകേളി എന്നൊക്കെ പറഞ്ഞ് പേര് വെച്ച് എഴുതിയിട്ടുണ്ട്. പിന്നീട് അങ്ങോട്ട് ഒരു അവസരം കിട്ടിയാല്‍ നിരന്തരം കഥകളുണ്ടാക്കി. തന്റെ കുട്ടിക്കാല സുഹൃത്തിനെ ആണ് വിവാഹം കഴിച്ചിരിക്കുന്നത് എന്നത് കൊണ്ട് മാത്രമാണ് ഇതൊന്നും സ്വകാര്യ ജീവിതത്തെ ബാധിക്കാതിരുന്നത്.''












Click it and Unblock the Notifications