ആശുപത്രിയില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍: മകനെയും കത്തിക്കാന്‍ ശ്രമിച്ചു
കോഴിക്കോട്: ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ മുന്‍ ഭാര്യയ്ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. കോഴിക്കോട് ബാലുശേരി കൂട്ടാലിട സ്വദേശി പ്രബിഷയാണ് ആക്രമണത്തിന് ഇരയായത്. മുന്‍ ഭര്‍ത്താവ് പ്രശാന്താണ് പൊലീസിന്റെ പിടിയിലായത്.
ചെറുവണ്ണൂരില്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഇവര്‍ പിരിഞ്ഞു കഴിയുകയായിരുന്നു.
പുറം വേദനയ്ക്ക് ചെറുവണ്ണൂരില്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രബിഷ. ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു.

ഗുരുതരമായി പൊള്ളലേറ്റ പ്രബിഷയെ ആദ്യം ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
അമിത മദ്യപാനിയും ലഹരി മരുന്ന് ഉപയോഗിക്കുന്നയാളുമാണ് പ്രശാന്തെന്ന് പ്രബിഷയുടെ അമ്മ് പറഞ്ഞു. പ്രശാന്തിന്റെ ഉപദ്രവം സഹിക്കാനാകാതെ വന്നതോടെ വിവാഹമോചനം നേടി. സ്വന്തം മകനെയും കൊല്ലാന്‍ ശ്രമിച്ചതായി അമ്മ ആരോപിച്ചു. ഒരിക്കല്‍ മദ്യപിച്ച് വന്നതിന് ശേഷം മൂത്ത മകന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീയിടാന്‍ നോക്കി. അയല്‍ക്കാരാണ് അന്നു രക്ഷിച്ചത്. കുട്ടിയുടെ സ്‌കൂളില്‍ പോയി കെട്ടിടം മുഴുവന്‍ തീയിട്ട് നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
വിവാഹത്തിന് ശേഷം പതിമൂന്ന് വര്‍ഷമാണ് പ്രബിഷയും പ്രശാന്തും ഒരുമിച്ച് ജീവിച്ചത്. പ്രബിഷയെ പ്രശാന്ത് നിരന്തരം മര്‍ദിക്കുമായിരുന്നു. പീഡനം സഹിക്കാനാകാതെ വരുമ്പോള്‍ പ്രബിഷ സ്വന്തം വീട്ടിലേക്ക് പോരും. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രശാന്ത് അവിടെ എത്തുകയും അനുനയിപ്പിച്ച് തിരികെ കൊണ്ടുപോവുകയും ചെയ്യുകയാണ് പതിവെന്ന് അമ്മ പറഞ്ഞു.
നേരത്തെ പ്രശാന്തിന്റെ പീഡനത്തില്‍ പ്രബിഷയുടെ കണ്ണിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിരുന്നു. ഭീഷണി കൂടി വന്നപ്പോള്‍ രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രബിഷ ഇയാളില്‍നിന്ന് വിവാഹമോചനം നേടിയത്. മാതാപിതാക്കളെയും പ്രശാന്ത് ഉപദ്രവിക്കുന്ന ഘട്ടത്തിലെത്തിയിരുന്നതായി അമ്മ പറയുന്നു.
വിവാഹമോചനത്തിന് ശേഷം കുറച്ചുനാള്‍ പ്രശാന്തിന്റെ ശല്യം കുറഞ്ഞിരുന്നു. പിന്നീട് വീണ്ടും ഉപദ്രവം തുടങ്ങി. കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹെല്‍മറ്റുകൊണ്ട് പ്രശാന്ത് പുറത്ത് അടിച്ചതിനെ തുടര്‍ന്നാണ് പ്രബിഷയുടെ നട്ടെല്ലിന് പരിക്കേറ്റത്. ഇതിന്റെ ചികിത്സക്കായാണ് ആയുര്‍വേദ ആശുപത്രിയിലെത്തിയത്. പ്രശാന്ത് അവിടെയെത്തുകയും പ്രബിഷയെ കാണുകയുമായിരുന്നു. എല്ലാം മറന്ന് തനിക്കൊപ്പം ജീവിക്കണം എന്നായിരുന്നു ആവശ്യം. അതിന് വിസമ്മതിച്ചപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.












Click it and Unblock the Notifications