'വിമര്‍ശിക്കുന്നവരെ അമ്മ നോക്കും'; മുഖ്യമന്ത്രിയുടെ ആരോഗ്യത്തിന് പൊങ്കാലയര്‍പ്പിച്ച് ശോഭന ജോര്‍ജ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആയൂരാരോഗ്യ സൗഖ്യത്തിന് വേണ്ടി ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ച് ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്. തിരുവനന്തപുരത്തെ കവടിയാറിലെ ഫ്‌ളാറ്റിനു മുന്നിലാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിച്ചത്. ഈശ്വരാനുഗ്രഹത്താല്‍ ആരോഗ്യം മാത്രമാണ് മുഖ്യമന്ത്രിക്ക് ലഭിക്കേണ്ടത്. ബാക്കി ബുദ്ധിയും സാമര്‍ത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ട്. പൊങ്കാലയടുപ്പ് വെച്ച സമയത്താണ് ഇത്തരമൊരു കാര്യം തോന്നിയത്. ആറ്റുകാല്‍ അമ്മ തോന്നിപ്പിച്ചതാണെന്നും ശോഭന ജോര്‍ജ് പറഞ്ഞു.
ശോഭന ജോര്‍ജിന്റെ വാക്കുകള്‍: 'എല്ലാ വര്‍ഷവും ഇവിടെ തന്നെയാണ് പൊങ്കാലയിടാറുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യത്തിന് വേണ്ടികൂടിയാണ് ഇത്തവണത്തെ പൊങ്കാല. അദ്ദേഹത്തിന് ഈശ്വരാനുഗ്രഹത്താല്‍ കിട്ടേണ്ടതൊന്നുമാത്രമാണ്. അത് ആരോഗ്യമാണ്. ബാക്കിയുള്ള ബുദ്ധിയും സാമര്‍ത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ട്.

താന്‍ പൊങ്കാലയ്ക്ക് വരുന്നതു വരെ അങ്ങനെ ചിന്തിച്ചിരുന്നില്ല. ഇവിടെ വന്നപ്പോഴാണ് മനസിലേക്കു വന്ന കാര്യമാണിത്. അദ്ദേഹത്തിന് ആയൂരാരോഗ്യ സൗഖ്യം ഉണ്ടായാല്‍ അത് കേരളത്തിന് ഗുണകരമാകും എന്ന് എനിക്ക് ഉറച്ച് വിശ്വാസം ഉണ്ട്. അദ്ദേഹം ഈശ്വര വിശ്വാസിയാണോ എന്നൊന്നും എനിക്ക് അറിയില്ല. നമുക്ക് പ്രാര്‍ത്ഥിക്കുമല്ലോ. താന്‍ സഹോദര സ്ഥാനത്ത് കാണുന്ന ആളാണ് പിണറായി. ഒരു അനിയത്തി ചെയ്യുന്ന പൊങ്കാലയാണിതെന്നും ആറ്റുകാല്‍ അമ്മ പൊങ്കാല സ്വീകരിച്ച് അനുഗ്രഹിക്കും. പൊങ്കാലയായി ശര്‍ക്കര പായസമാണ് നിവേദിച്ചിരിക്കുന്നത്'.
നേരത്തെ ക്ഷേത്രത്തിന്റെ ഭാഗത്തായിരുന്നു പൊങ്കാല ഇട്ടിരുന്നത്. ഇപ്പോള്‍ ഓരോ വര്‍ഷവും പൊങ്കാലയ്ക്കുള്ള ഭക്തരുടെ നിര താമസിക്കുന്ന ഫ്‌ളാറ്റിനു മുന്നില്‍ വരെയെത്തി. പ്രാര്‍ത്ഥിക്കുന്നതിന് ആരും വിമര്‍ശനം ഉന്നയിക്കാറില്ലെന്നും ആര് എന്ത് പറഞ്ഞാലും അത് അമ്മ നോക്കിക്കോളുമെന്നും ശോഭന ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണായിരുന്നു ശോഭന ജോര്‍ജ്.












Click it and Unblock the Notifications