'EX-MP' ബോര്‍ഡ്, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ, പരിഹസാവുമായി വിടിയും!! സമ്പത്തിന്‍റേതോ?
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ് 'EX MP'ബോര്‍ഡ് വെച്ച കാറ്. KL-01, BR-657 എന്ന നമ്പരിലുള്ള കാറിലാണ് 'Ex.MP' എന്ന് പതിപ്പിച്ചിരിക്കുന്നത്. എംപി സ്ഥാനം നഷ്ടമായെങ്കിലും അധികാരം നഷ്ടപ്പെട്ടതിന്‍റെ വിഷമം സഹിക്കവയ്യാത്ത 'ഒരു എംപി' എന്ന കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. കാറ് ആറ്റിങ്ങലിലെ മുന്‍ എംപിയായ എ സമ്പത്തിന്‍റേതാണെന്ന പ്രചരണങ്ങളും ഉയരുന്നുണ്ട്. അതേസമയം ചിത്രം വ്യാജമാണെന്ന കമന്‍റുകളും ഉണ്ട്.

ഇതിനിടെ ചിത്രം പങ്കുവെച്ച് വിമര്‍ശമവുമായി വിടി ബല്‍റാം എംഎല്‍എ രംഗത്തെത്തി. 'കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയിൽപ്പെട്ടവർ, എത്രത്തോളം "പാർലമെന്ററി വ്യാമോഹ"ങ്ങൾക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും' എന്ന കുറിപ്പോടെയാണ് വിടി ബല്‍റാം ചിത്രം പങ്കുവെച്ചത്.
വിടിയുടെ പോസ്റ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുണ്ട്.ബിജെപി പ്രവര്‍ത്തകരും ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കുന്നുണ്ട്. സമ്പത്ത് കാലത്ത് MP ആയാൽ, ആപത്ത് കാലത്ത് ExMP ആവാം എന്നതടക്കമുള്ള പരിഹാസ കമന്‍റുകള്‍ വിടി ബല്‍റാമിന്‍റെ കുറിപ്പിന് താഴെ ഉയരുന്നുണ്ട്.
അതേസമയം മുന്‍ എംപി സമ്പത്തിന്‍റേതാണ് വാഹനം എന്ന പ്രചരണം ശക്തമായതോടെ വിഷയത്തില്‍ പ്രതികരിച്ച് സമ്പത്ത് രംഗത്തെത്തി. എക്സ് എംപി എന്ന ബോര്‍ഡ് വെച്ച് താന്‍ യാത്ര ചെയ്തിട്ടില്ലെന്നും പ്രചരണങ്ങളെക്കുറിച്ച് അറിയില്ലെന്നും സമ്പത്ത് പ്രതികരിച്ചു. പ്രചരിക്കുന്നത് വ്യാജ ചിത്രം ആയിരിക്കാമെന്നും സമ്പത്ത് പറഞ്ഞു.












Click it and Unblock the Notifications