Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വകാര്യ കുത്തകകൾക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടി ജനങ്ങളെ കവർച്ച ചെയ്യുന്നു', ബിജെപിക്കെതിരെ ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റ വാക്സിൻ നയത്തെ രൂക്ഷമായി വിമർശിച്ച് മുൻ രാജ്യസഭാ എംപി കെഎൻ ബാലഗോപാൽ. തങ്ങളുടെ ഇഷ്ടക്കാരായ കോർപ്പറേറ്റുകൾക്ക് സഹസ്രകോടികൾ ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള അവസരമായി ബിജെപി സർക്കാർ ഈ മഹാമാരിയെ ഉപയോഗിക്കുകയാണെന്ന് കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി. അതേസമയം പണം കൊടുത്ത് വാക്സിൻ വാങ്ങിയാലും സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച കേരള സർക്കാരിനുളള ഐക്യദാർഢ്യമായി മുൻ രാജ്യസഭാ എംപി എന്ന നിലയിലുള്ള തന്റെ ഒരു മാസത്തെ പെൻഷൻ കോവിഡ് വാക്സിൻ വാങ്ങുന്നതിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുകയാണെന്ന് കെഎൻ ബാലഗോപാൽ വ്യക്തമാക്കി.

കെഎൻ ബാലഗോപാലിന്റെ കുറിപ്പ് വായിക്കാം: ' കോവിഡിന്റെ രൂക്ഷമായ ആക്രമണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് രാഷ്ട്രം. രോഗികൾക്ക് ചികിത്സയും പരിചരണവും നിഷേധിക്കപ്പെടുന്നു. മനുഷ്യ ജീവനുകൾക്ക് വിലയില്ലാതാകുന്നു. മൃതശരീരങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നു. പ്രിയപ്പെട്ടവരുടെ ജീവനു വേണ്ടി നിസ്സഹായരായ മനുഷ്യർ ഗവൺമെന്റുകളോട് യാചിക്കുകയും വിലപിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് മാധ്യമങ്ങളിലാകെ. അങ്ങേയറ്റം ദുഃഖകരവും അപമാനകരവുമായ ഈ സ്ഥിതിയിലേക്ക് രാജ്യത്തെ എത്തിച്ചത് കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ തീരുമാനങ്ങളാണ്. തങ്ങളുടെ ഇഷ്ടക്കാരായ കോർപ്പറേറ്റുകൾക്ക് സഹസ്രകോടികൾ ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള അവസരമായി ബിജെപി സർക്കാർ ഈ മഹാമാരിയെ ഉപയോഗിക്കുന്നു.

knb

രണ്ടു കമ്പനികൾ മാത്രമാണ് ഇന്ന് രാജ്യത്ത് കോവിഡ് വാക്സിൻ ഉൽപാദിപ്പിക്കുന്നത്. ഒന്ന് ഭാരത് ബയോടെക്കും, മറ്റൊന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടും. രണ്ടും സ്വകാര്യ കമ്പനികളാണ്. ലോകത്ത് വാക്സിനുകൾ ഉൽപാദിപ്പിക്കാൻ ഏറ്റവും ശേഷിയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വാക്സിൻ നിർമ്മാതാക്കളായ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെ തകർത്തത് കോൺഗ്രസിന്റെയും ബിജെപിയുടെയും ഗവൺമെന്റുകളാണ്. വിദേശത്തെ മരുന്നുകമ്പനികൾ കണ്ടുപിടിച്ച് ഇന്ത്യയ്ക്ക് നൽകിയ വാക്സിൻ ഫോർമുല ഗവൺമെന്റ് കൈമാറിയത് ഇപ്പോഴും രാജ്യത്ത് അവശേഷിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്കല്ല, സ്വകാര്യ കമ്പനികൾക്കാണ്.

സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ഉൽപ്പാദിപ്പിക്കുന്ന വാക്സിനുകളുടെ ഒരു ഭാഗം വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ കേന്ദ്ര ഗവൺമെന്റ് അനുവാദം കൊടുത്തിരുന്നു. ബാക്കിവരുന്ന വാക്സിനുകളിൽ ഒരുഭാഗം 150 രൂപയ്ക്ക് കേന്ദ്ര ഗവൺമെന്റിനും 400 രൂപക്ക് സംസ്ഥാന ഗവൺമെന്റുകൾക്കും 600 രൂപയ്ക്ക് പൊതുവിപണിയിലും ലഭ്യമാക്കാനാണ് ഇപ്പോൾ തീരുമാനം വന്നിരിക്കുന്നത്. ഇതിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ ലാഭമാണ് സ്വകാര്യ വാക്സിൻ നിർമ്മാതാക്കൾക്ക് ലഭിക്കുന്നത്. ജനങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും പണം പിഴിഞ്ഞെടുത്ത് കോർപ്പറേറ്റുകളെ സമ്പന്നരാക്കുക എന്ന ബിജെപിയുടെ നയമാണ് കോവിഡ് മഹാമാരിയുടെ കാലത്തും നടപ്പിലാകുന്നത്.

ലോകത്തിലെതന്നെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനികളിലൊന്നായ ഫൈസർ കഴിഞ്ഞ ദിവസം അവരുടെ വാക്സിൻ നയം വ്യക്തമാക്കിയിട്ടുണ്ട്. ഫൈസറിന്റെ കോവിഡ് വാക്സിൻ സ്വകാര്യമേഖലയിലൂടെ നൽകുകയില്ലെന്നും അത് ഗവണ്മെന്റ് മേഖലയിലൂടെ മാത്രമേ വിതരണം ചെയ്യുകയുള്ളൂ എന്നും അവർ പ്രഖ്യാപിച്ചു . ലക്ഷക്കണക്കിന് കോടി രൂപയുടെ വില്പന വരുമാനം ഉള്ള ഫൈസർ പോലെയുള്ള മരുന്നുകമ്പനികൾക്കുള്ള മര്യാദയുടെ ഒരംശം പോലും ഇന്ത്യ ഭരിക്കുന്ന ഗവൺമെന്റിനില്ല എന്നുള്ളത് അത്ഭുതപ്പെടുത്തുന്നതാണ്. സ്വകാര്യ കുത്തകകൾക്ക് ലാഭം ഉണ്ടാക്കി കൊടുക്കാൻ വേണ്ടി ജനങ്ങളെ കവർച്ച ചെയ്യുന്ന ബിജെപിയുടെ നയം തിരിച്ചറിയപ്പെടേണ്ടതും അതിശക്തമായി എതിർക്കപ്പെടേണ്ടതുമാണ് .

വിദേശ രാജ്യങ്ങളിലുള്ളതിനേക്കാൾ വില നൽകി വാക്സിൻ വാങ്ങേണ്ടി വരുന്ന ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ഗതികേടിനെ കുറിച്ച് ലോക മാധ്യമങ്ങൾ തന്നെ വാർത്തകൾ നൽകുന്നു. ഇന്ത്യയിലെ ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയിലാണെന്നും സഹായം നൽകാൻ തങ്ങൾ സന്നദ്ധരാണെന്നും ലോകരാഷ്ട്രങ്ങൾ തന്നെ അറിയിക്കുകയാണ്. ചൂഷകരും ലാഭക്കൊതിയന്മാരും ഹൃദയശൂന്യരുമായ ഭരണാധികാരികളുടെ തീരുമാനങ്ങൾ ഇന്ത്യ എന്ന മഹാരാജ്യത്തെ അവിശ്വസനീയമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

എന്നാൽ ഒരു കേരളീയൻ എന്ന നിലയിൽ സംസ്ഥാന ഗവൺമെന്റ് എടുത്ത അതിശക്തമായ തീരുമാനത്തിൽ അഭിമാനം കൊള്ളാതിരിക്കാൻ കഴിയില്ല. വില കൊടുത്തു വാങ്ങേണ്ടി വന്നാലും മുഴുവനാളുകൾക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് കേരള മുഖ്യമന്ത്രി അസന്നിഗ്ധമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. രാജ്യമൊന്നാകെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഒരു മലയാളി എന്ന നിലയിൽ സർക്കാരിന്റെ ഈ ഈ തീരുമാനത്തെ സഹായിക്കാൻ ഞാനും ബാധ്യസ്ഥനാണ്.

Recommended Video

cmsvideo
    Keralites donating huge amount to CMDRF for vaccine

    കോവിഡ് ബാധിതൻ ആയി 16 ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർക്കാരിന്റെ സൗജന്യ ചികിത്സ ലഭിച്ചയാളാണ് ഞാൻ. കോവിഡും തുടർന്ന് ന്യൂമോണിയയും ബാധിച്ച എനിക്ക് മികച്ച ചികിത്സ നൽകിയത് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനമാണ്. സൗജന്യ കോവിഡ് വാക്സിനും സർക്കാർ നൽകുകയുണ്ടായി. പതിനായിരക്കണക്കിന് രൂപ ചെലവഴിച്ച് പൗരന്മാരെ സംരക്ഷിക്കുന്ന ഈ സർക്കാരിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഉള്ള ഒരു അവസരം ഞാനും അഭിമാനപൂർവ്വം ഉപയോഗിക്കുകയാണ്. മുൻ രാജ്യസഭാ എംപി എന്ന നിലയിലുള്ള എന്റെ ഒരു മാസത്തെ പെൻഷൻ കോവിഡ് വാക്സിൻ വാങ്ങുന്നതിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുകയാണ്. നമുക്ക് കൈകൾ കോർത്ത് പിടിച്ച് ഈ മഹാമാരിയെ ചെറുക്കാം.
    മലയാളി ഒരു തോറ്റ ജനതയല്ല എന്ന് ഉറക്കെ പറയാം'.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+