'ശബരിമലയിൽ ദേവസ്വത്തിന്റേയും പോലീസിന്റേയും മികച്ച പ്രവർത്തനം'; പ്രശംസിച്ച് വി മുരളീധരൻ
ശബരിമലയിലെ പ്രവർത്തനത്തിന് ദേവസ്വം ബോർഡിനേയും പോലീസിനേയും പ്രശംസിച്ച് ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. തുടക്കത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടായെങ്കിലും ഇപ്പോൾ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാകുന്നുവെന്നത് ആശ്വാസമാണ്. ഭക്തർക്ക് വേണ്ടി മികച്ച നിലയിൽ പ്രവർത്തിക്കുന്ന ദേവസ്വം ബോർഡ് ജീവനക്കാരേയും പോലീസുകാരേയും എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
'തീർത്ഥാടന കാലത്തിന്റെ തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നുവെങ്കിലും അതെല്ലാം പരിഹരിച്ച് തീർത്ഥാടനം മുന്നോട്ട് പോകുന്നുണ്ട്. ഇതുവരെ ഒരുതരത്തിലുള്ള പ്രശ്നങ്ങളുമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുന്നുവെന്നത് ഭക്തര സംബന്ധിച്ച് ആശ്വാസകരമാണ്. സുരക്ഷാ സംവിധാനങ്ങളിൽ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥർ ഉണ്ടെന്നത് ഭക്തർക്ക് പ്രയോജനപ്രദമാണ്. ദേവസ്വം ജീവനക്കാരേയും പോലീസ് അയ്യപ്പൻമാരേയും അവർ നടത്തുന്ന സേവനത്തിന് എത്ര പ്രശംസിച്ചാലും മതിയാകില്ല', വി മുരളീധരൻ പറഞ്ഞു.

അതേസമയം കോൺഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'കോൺഗ്രസുകാർ ഇവിടെ അധികാരത്തിൽ വരാൻ പോകുന്നില്ല. എത്രകാലം അവർ ഇവിടെ ഭരിച്ചിട്ടുണ്ട്. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാകാൻ കാരണം കോൺഗ്രസുകാരൊക്കെ തന്നെയല്ലേ. 17 വർഷമായി ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കാതിരുന്നത് കോൺഗ്രസ് അല്ലേ.
വിഡി സതീശന് പകരം രമേശ് ചെന്നിത്തല വന്നാൽ ഇടതുകാലിലെ മന്ത് വലത് കാലിൽ ആകുമെന്നതിന് അപ്പുറത്ത് എന്തെങ്കിലും വ്യത്യാസമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. കോൺഗ്രസ് ഭരണത്തിലേറിയാൽ രമേശ് ചെന്നിത്തലയ്ക്ക് സാധ്യതയുണ്ടെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. എന്നാൽ കോൺഗ്രസ് ഭരണത്തിലേറാനുള്ളൊരു സാധ്യത ഞാൻ കാണുന്നില്ല. കോൺഗ്രസ് തകർച്ച നേരിട്ടുകൊണ്ടിരിക്കുകാണ്. സമുദായ നേതാക്കളെ തള്ളിപ്പറഞ്ഞവർ ആ നിലപാട് മാറ്റിയെങ്കിൽ അത് സ്വാഗതാർഹമാണ്', മുരളീധരൻ പറഞ്ഞു.
'രമേശ് ചെന്നിത്തല എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നയാളാണെന്നും തമ്മില്‍ ഭേദം തൊമ്മന്‍ എന്നതാണ് അവസ്ഥയെന്നുമായിരുന്നു കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുടെ പരിപാടിയിലേക്കും ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം വെള്ളാപ്പള്ളിയുടെ പ്രതികരണം പരിശോധിക്കുമെന്നായിരുന്നു ഇന്ന് വിഡി സതീശൻ പ്രതികരിച്ചത്.അദ്ദേഹം പറഞ്ഞത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണോ അതോ താൻ തിരുത്തുന്നതിനായാണോ ശ്രദ്ധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.












Click it and Unblock the Notifications