സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; ഫേസ്‌ക്രീമിലും ലിപ്‌സ്റ്റിക്കിലും അമിതമായി മെര്‍ക്കുറി; മുന്നറിയപ്പുമായി മന്ത്രി
തിരുവനന്തപുരം: വിപണിയിലെത്തുന്ന വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് ഏഴ് ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പന്നങ്ങള്‍. 'ഓപ്പറേഷന്‍ സൗന്ദര്യ' എന്ന പേരില്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ശരീരത്തിന് ഹാനീകരമാകുന്ന രാസവസ്തുക്കള്‍ സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് കണ്ടെത്താനും വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വിപണിയില്‍ നിന്നു പിടിച്ചെടുക്കാനുമായിട്ടായിരുന്നു പരിശോധന. റെയ്ഡിലൂടെ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നത്.

ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകള്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറിയാണ് പല സാമ്പിളുകളിലും കണ്ടെത്തിയ്. ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണിവ. ഈ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഏഴ് ലക്ഷത്തിലധികം രൂപയുടെ വ്യാജ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുത്തു. 2023 മുതല്‍ രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഓപ്പറേഷന്‍ സൗന്ദര്യ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.
ലൈസന്‍സ് എടുക്കാതെയും കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെയുമാണ് ഈ മേക്കപ്പ് ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്.
സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണം. ലേബല്‍ പരിശോധിച്ചു മാത്രമേ വാങ്ങാവൂ. പരാതിയുള്ളവര്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications