പഴയ സ്വർണം കൊടുത്ത് പുത്തൻ പുതിയത് വാങ്ങാം, പണിക്കൂലിയോ കിഴിവുകളോ ഇല്ലാതെ, വമ്പൻ ഓഫറുകൾ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പിടിവിട്ട് മുകളിലേക്ക് തന്നെ കുതിക്കുകയാണ്. ഇന്ന് പവന് 2120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 111720 രൂപയില്‍ നിന്നും 114840 രൂപയായി ഉയര്‍ന്നു. അടുത്ത കാലത്തൊന്നും സ്വര്‍ണവിലയില്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്വര്‍ണം വാങ്ങാനായി ജ്വല്ലറികളിലേക്ക് പോകുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് വന്നിരിക്കുന്നതെന്ന് വ്യാപാരികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പോകുന്നവര്‍ തന്നെ കുറഞ്ഞ അളവിലാണ് സ്വര്‍ണം വാങ്ങുന്നത്. ഭൂരിപക്ഷം പേരും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും 22 കാരറ്റിനേക്കാള്‍ വില കുറഞ്ഞ 18 കാരറ്റ് ആഭരണങ്ങളുമൊക്കെയാണ് വാങ്ങാന്‍ കൂടുതലും താല്‍പര്യപ്പെടുന്നത്.
അതേസമയം സ്വര്‍ണ വില ഒരു ലക്ഷം കടന്നതോടെ കയ്യിലുളള പഴയ സ്വര്‍ണം വിറ്റ് പണമാക്കി ആവശ്യങ്ങള്‍ നടത്താനായി ആളുകള്‍ ജ്വല്ലറികളിലേക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്കും എത്തുന്നുണ്ട്. എന്നാല്‍ സ്വര്‍ണം ഇങ്ങോട്ട് വാങ്ങി പണം നല്‍കുന്നത് പല ജ്വല്ലറികളും ഇപ്പോള്‍ അത്ര കണ്ട് പ്രോത്സാഹിപ്പിക്കുന്നില്ല. സ്വര്‍ണം വാങ്ങി പണം നല്‍കുന്ന മറ്റ് സ്ഥാപനങ്ങളേയും ആളുകള്‍ ആശ്രയിക്കുന്നുണ്ട്.

അതേസമയം പഴയ സ്വര്‍ണം കൊടുത്ത് പുതിയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് ഇപ്പോള്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്കും അല്ലാതെയും ഇത്തരത്തില്‍ ആളുകള്‍ സ്വര്‍ണാഭരണങ്ങള്‍ മാറ്റി വാങ്ങുന്നുണ്ട്. ഇത്തരക്കാരെ ജ്വല്ലറികളിലേക്ക് ആകര്‍ഷിക്കാന്‍ വ്യാപാരികള്‍ പല ഓഫറുകളും മുന്നോട്ട് വെച്ച് ശ്രമം നടത്തുന്നുണ്ട്.
പഴയ 22 കാരറ്റ്, 24 സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ വിലയിലോ തൂക്കത്തിലോ കിഴിവ് ഈടാക്കാതിരിക്കുകയാണ് ചില വ്യാപാരികള്‍. 916 ഹാള്‍മാര്‍ക്കുളള സ്വര്‍ണാഭരണങ്ങള്‍ക്ക് ഒരു കിഴിവും ഇല്ലാതെയാണ് മാറ്റി പുതിയത് നല്‍കാന്‍ ജ്വല്ലറികള്‍ തയ്യാറാകുന്നത്. ഇനി ഹാള്‍മാര്‍ക്ക് ഇല്ലാത്ത സ്വര്‍ണമാണ് നിങ്ങള്‍ മാറ്റി വാങ്ങാന്‍ പോകുന്നത് എങ്കില്‍ പരിശുദ്ധി പരിശോധിച്ച് ഉറപ്പാക്കിയ ശേഷം പണിക്കൂലി ഇല്ലാതെ മാറ്റി വാങ്ങാനാകും എന്നൊക്കെയുളള വാഗ്ദാനങ്ങളാണ് ജ്വല്ലറികള്‍ നല്‍കുന്നത്.












Click it and Unblock the Notifications