എക്സൈസ് മന്ത്രി രാജിവയ്ക്കണം, അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണം; വി മുരളീധരന്‍
തിരുവനന്തപുരം: മദ്യനയം മാറ്റാന്‍ കൈക്കൂലി നല്‍കണമെന്ന ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം. കോടികള്‍ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തില്‍ നിന്ന് മനസിലാക്കുന്നത്. ഈ പണം എവിടെപ്പോയെന്ന് വ്യക്തമാക്കണം. എക്സൈസ് മന്ത്രി എം ബി രാജേഷ് രാജിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നയപരമായതീരുമാനങ്ങള്‍ മുഖ്യമന്ത്രി അറിയാതെ നടക്കില്ല. ബാര്‍ ഉടമകളോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി അറിഞ്ഞാണ്. സത്യാവസ്ഥ പുറത്തുവരാന്‍ അന്വേഷിക്കണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണം. കേരള സര്‍ക്കാരിന് കീഴിലുള്ള ഒരു ഏജന്‍സിയും നിഷ്പക്ഷ അന്വേഷണം നടത്തില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
ബാര്‍ കോഴ ആരോപണത്തില്‍പ്പെട്ട കെ എം മാണിയുടെ പാര്‍ട്ടിയെ കൂടെക്കൂട്ടിയവരാണ് സി പി എം. അഴിമതിയില്‍ യു ഡി എഫും എല്‍ ഡി എഫും ഒരു പോലെയാണ് വ്യക്തമാക്കുന്നതാണ് രണ്ടാം ബാര്‍ കോഴ ആരോപണമെന്നും കേന്ദ്രമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പിന് ശേഷം അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിത്തരാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായി ബാറുടമകളുടെ കയ്യില്‍ നിന്നും പണം പിരിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി രാജിവെയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. പണ്ട് കെഎം മാണിക്കെതിരെ ഒരു കോടി രൂപയുടെ ബാര്‍ കോഴയാണ് എല്‍ഡിഎഫ് ഉന്നയിച്ചിരുന്നത്. ഇന്നിപ്പോള്‍ അത് 20 കോടി രൂപയാണ്.ഇനി നോട്ടെണ്ണല്‍ യന്ത്രം എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ കയ്യിലാണോ, അതല്ല മുഖ്യമന്ത്രിയുടെ കയ്യിലാണോ, അതുമല്ലെങ്കില്‍ എകെജി സെന്ററിലാണോ എന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്നും വിഡി സതീശൻ പരിഹസിച്ചു.
എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ സി പി എം തള്ളി. സംസ്ഥാനത്ത് മദ്യനയവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും എന്തോ മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ച നിലയിലാണ് ഇപ്പോൾ പ്രചരണം നടക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. എൽ ഡി എഫിന് നയം രൂപപ്പെടുത്തുന്നതിന് വേണ്ടി ആരുടേയെങ്കിലും കൈയിൽ നിന്ന് പണം വാങ്ങി നിലപാട് സ്വീകരിക്കുന്ന മുന്നണിയല്ല എൽ ഡി എഫ് എന്നും എം വി ഗോവിന്ദൻ പറഞ്ഞു.












Click it and Unblock the Notifications