കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കഞ്ചിക്കോട് വ്യവസായ കേന്ദ്രത്തില്‍ പ്രവർത്തിക്കുന്ന കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ ചൊവ്വാഴ്ച രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്.

കത്തിക്കരിഞ്ഞ നിലയിലാണ് അരവിന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം ഫർണസിന് അകത്ത് പെട്ടുപോയെന്നാണ് സൂചന. അപകടത്തെ തുടർന്ന് ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അകത്ത് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ ഫയർ ആന്‍ഡ് റസ്ക്യൂ വിഭാഗം പരിശോധന നടത്തി വരികയാണ്. ഫാക്ടറിയുടെ ഫര്‍ണസ് പൊട്ടിത്തെറിച്ച് തീ പടര്‍ന്നാണ് അപകടമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂർണ്ണമായും അണച്ചിട്ടില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
രാത്രി വൈകിയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കൈരളി സ്റ്റീല്‍സ്. അതേസമയം, അപകടകാരണം എന്തെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാട് പറ്റി. രണ്ട് മാസം മുമ്പായിരുന്നു മരിച്ച അരവിന്ദന്‍ ഫാക്ടറിയില്‍ ജോലിക്ക് എത്തിയത്.












Click it and Unblock the Notifications