പെട്ടിയില്‍ ഹൃദയം, കരള്‍, നാക്ക്; മന്ത്രവാദത്തിലൂടെ പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം; 3 പേര്‍ അറസ്റ്റില്‍
തിരുവല്ല: മനുഷ്യാവയവങ്ങള്‍ ഉപയോഗിച്ചുള്ള ദുര്‍മന്ത്രവാദത്തിലൂടെ പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തമപാളയം സ്വദേശി ജയിംസ് സ്വാമി എന്ന ജയിംസ് (55), ബാബാ ഫക്രുദീന്‍(38), പാണ്ടി(30) എന്നിവരാണ് അറസ്റ്റിലായത്. മധുര സ്വദേശിയെ കബളിപ്പിച്ച് മൂവരും രണ്ടര ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. തേനി ഉത്തമപാളയം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരുടെ സംഘാംഗമായ പരുമല നാക്കട കാട്ടില്‍പറമ്പില്‍ ചെല്ലപ്പന്‍ (57) തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ട് എന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഉത്തമപാളയത്ത് വാഹനപരിശോധനക്കിടെ ഒരു പെട്ടിയില്‍ ഹൃദയം, കരള്‍, നാക്ക് തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് മന്ത്രവാദത്തട്ടിപ്പിന്റെ ചുരുളഴിച്ചത്.

വാഹനത്തിലുണ്ടായിരുന്നത് തമിഴ്‌നാട് സ്വദേശികളായ അലക്‌സ് പാണ്ഡ്യന്‍, ഡേവിഡ് പ്രതാപ് സിങ്, മുരുകന്‍ എന്നിവരായിരുന്നു. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് ഇവര്‍ പരസ്പരവിരുദ്ധമായാണ് മറുപടി നല്‍കിയത്. കേരളത്തിലെ പൂജയ്ക്കു ശേഷം എത്തിച്ച മനുഷ്യന്റെ അവയവഭാഗങ്ങളാണിവ എന്ന് ഇവര്‍ മൊഴി നല്‍കി. ഇത് വീട്ടില്‍ വെച്ചാല്‍ സമ്പത്ത് കൈവരുമെന്നാണ് ജയിംസ് സ്വാമി എന്നയാള്‍ പറഞ്ഞതെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു.
വണ്ടിപ്പെരിയാറിലാണ് അവയവങ്ങള്‍ കൈമാറിയത്. തുടര്‍ന്ന് തമിഴ്‌നാട് പൊലീസ് സംഘം വണ്ടിപ്പെരിയാറില്‍ എത്തി നടത്തിയ അന്വേഷണത്തിലാണ് പെട്ടി കൈമാറിയത് പത്തനംതിട്ട പരുമല സ്വദേശി ചെല്ലപ്പനാണ് എന്ന് മനസിലായത്. വാഹനത്തില്‍ നിന്ന് കണ്ടെടുത്ത ആന്തരികാവയവങ്ങള്‍ ആടിന്റേതാണെന്ന് പ്രാഥമിക ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തു.
ജയിംസ് സ്വാമിയാണ് തട്ടിപ്പിന്റെ തലവന്‍ എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ തമിഴ്‌നാട്ടില്‍ മന്ത്രവാദങ്ങളൊക്കെ നടത്തുന്ന ആളാണ്. മനുഷ്യാവയവങ്ങള്‍ ഉപയോഗിച്ചാണ് തന്റെ മന്ത്രവാദമെന്നും ഇതു കേരളത്തില്‍ മാത്രമേ കിട്ടുകയുള്ളൂവെന്നുമാണ് തന്നെ സമീപിക്കുന്നവരോട് ഇയാള്‍ പറയുന്നത്. ഇതിനായി സുഹൃത്തായ വക്കീലിനെ കാണണമെന്നും നിര്‍ദേശിക്കും. പിന്നീട് വക്കീലാണ് കേരളത്തിലെ ദുര്‍മന്ത്രവാദിയെന്ന് പരിചയപ്പെടുത്തി ചെല്ലപ്പന്റെ അടുത്തേക്ക് ആളുകളെ എത്തിക്കുന്നത്.
ജയിംസ് ആണ് ഇറച്ചിക്കടയില്‍ നിന്നു വാങ്ങുന്ന മൃഗങ്ങളുടെ അവയവങ്ങള്‍ സ്പിരിറ്റിലിട്ട് ചെല്ലപ്പനെ ഏല്‍പ്പിക്കുന്നത്. കക്ഷികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി ചെല്ലപ്പന്‍ ഇത് വില്‍ക്കുകയും ചെയ്യും. അവയവങ്ങള്‍ വാങ്ങി പോകുന്ന കക്ഷികളെ സംബന്ധിച്ച് പൊലീസിന് വിവരം നല്‍കുന്നതും ഇവര്‍ തന്നെയാണ്. അവയവങ്ങളുമായി കക്ഷികള്‍ തിരികെ മന്ത്രവാദത്തിന് വരാതിരിക്കാനാണ് ഇത്.
തട്ടിപ്പില്‍ നിന്ന് ലഭിക്കുന്ന പണം ജയിംസും ചെല്ലപ്പനും വീതിച്ചെടുക്കും. ഇത്തരത്തില്‍ കഴിഞ്ഞ ദിവസത്തെ തട്ടിപ്പില്‍ ചെല്ലപ്പന് 50000 രൂപ നല്‍കിയിരുന്നു. നേരത്തെ കള്ളനോട്ട് തട്ടിപ്പ് കേസില്‍ പ്രതിയായിരുന്നു ചെല്ലപ്പന്‍. പന്തളം, മാന്നാര്‍ സ്റ്റേഷനുകളില്‍ ചെല്ലപ്പനെതിരെ കേസുകളുണ്ടായിരുന്നു.












Click it and Unblock the Notifications