ഇരട്ട ചക്രവാതച്ചുഴി..വീണ്ടും റെഡ് അലർട്ട്.. 8 ജില്ലകളിൽ അതീവ ജാഗ്രത നിർദേശം
തെക്കൻ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങളിലും മുകളിലായി 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്കും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് എട്ട് വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 6 വരെ കേരളം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് അലർട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിയോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
നാലു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് യെല്ലോ അലർട്ടാണ്.

5 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, 6ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 5 ന് തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, 6 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 7 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.
നദികളിൽ ജലനിരപ്പ് ഉയരുന്നു: ജാഗ്രത നിർദേശം
ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ താഴെ പറയുന്ന നദികളിൽ ഓറഞ്ച്/മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കമെന്നാണ് മുന്നറിയിപ്പ്.
ഓറഞ്ച് അലർട്ട്
പത്തനംതിട്ട: അച്ചൻകോവിൽ (തുംപമൺ സ്റ്റേഷൻ); മണിമല (കല്ലൂപ്പാറ സ്റ്റേഷൻ)
കോട്ടയം : മീനച്ചിൽ (കിടങ്ങൂർ സ്റ്റേഷൻ)
മഞ്ഞ അലർട്ട്
തിരുവനന്തപുരം : കരമന (വെള്ളൈകടവ് സ്റ്റേഷൻ)
പത്തനംതിട്ട : പമ്പ (മലക്കര സ്റ്റേഷൻ)
തൃശ്ശൂർ : കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ)
യാതൊരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അധികൃതർ അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് 6 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സോമാലിയ - ഒമാൻ തീരങ്ങൾ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പിൽ പറഞ്ഞു.


Click it and Unblock the Notifications