ഒറ്റരാത്രിയില്‍ 331 മില്ലി മീറ്റര്‍ അതിതീവ്ര മഴ; 2018ലെ അനുഭവം മറക്കരുത്, ഗൗരവം വേണമെന്ന് പിണറായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം മഴ ശക്തമാണ്. പത്തനംതിട്ടയിലെ റാന്നിയില്‍ അതിതീവ്ര മഴയാണ് പെയ്തത്. കഴിഞ്ഞ രാത്രി മാത്രം 331 മില്ലിമീറ്റര്‍ മഴ പെയ്തത് നിസാര കാര്യമല്ല. 2018ലെ പ്രളയത്തിലും അതിതീവ്ര മഴയും മേഘവിസ്‌ഫോടനത്തിന് സമാനമായ മഴയും മൂലം ചുരുങ്ങിയ സമയത്തിനിടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടയിലായിരുന്നു.
അതുകൊണ്ടുതന്നെ ഇപ്പോഴുള്ള മഴ മുന്നറിയിപ്പുകളെ ഗൗരവത്തോടെ കാണണം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്തണം. നാശനഷ്ടങ്ങള്‍ക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെ അഞ്ച് പേര്‍ മരിച്ചു എന്നത് വേദനാജനകമാണ് എന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

മഴക്കെടുതി സംബന്ധിച്ച പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''കാലവര്‍ഷക്കെടുതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇതുവരെ 5 പേര്‍ മരണപ്പെട്ടു എന്നത് അത്യന്തികം വേദനാജനകമാണ്. വീടുകളും കൃഷിയും ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെട്ട് ജനങ്ങള്‍ വലിയ ദുരിതത്തെ അഭിമുഖീകരിക്കുകയാണ്.
റാന്നിയില്‍ ഒറ്റരാത്രികൊണ്ട് 331 മില്ലിമീറ്ററിലധികം അതിതീവ്ര മഴ രേഖപ്പെടുത്തിയതും വയനാട്ടിലും ഇടുക്കിയിലും കോട്ടയത്തും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നതും അതീവ ജാഗ്രത ആവശ്യപ്പെടുന്ന സാഹചര്യമാണിതെന്ന താക്കീതാണ് നല്‍കുന്നത്. 2018-ലും 2019-ലും അതിതീവ്ര മഴയും മേഘവിസ്‌ഫോടനത്തിന് സമാനമായ മഴയും മൂലം നിരവധി പ്രദേശങ്ങള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വെള്ളത്തിനടിയിലായ ദുരനുഭവങ്ങള്‍ നമുക്കെല്ലാവര്‍ക്കും ഓര്‍മ്മയിലുണ്ട്.
അതുകൊണ്ടുതന്നെ നിലവിലെ മുന്നറിയിപ്പുകളെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ദുരിതബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരവും ഫലപ്രദവുമായ ഇടപെടല്‍ നടത്തണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും നാശനഷ്ടങ്ങള്‍ക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്‍കുകയും വേണം. അതോടൊപ്പം, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, കാലാവസ്ഥാ വകുപ്പും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും നല്‍കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങള്‍ ഒരു കാരണവശാലും അവഗണിക്കരുത്.
ഈ പ്രതിസന്ധിഘട്ടത്തില്‍ ദുരിതപ്രദേശത്തെ ജനങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകുകയും അധികാരികളുമായി സഹകരിച്ച് പരമാവധി സഹായം ഉറപ്പാക്കുകയും ചെയ്യണം. ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാന്‍ നമുക്ക് ഒന്നിച്ചിറങ്ങാം. ജാഗ്രതയും ഐക്യദാര്‍ഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം.''





Click it and Unblock the Notifications