കല്യാണ്‍ കുടുംബത്തിന് നന്ദി; ഇരിക്കല്‍ സമരം അവഗണിച്ച മഞ്ജുവിനെതിരെ പ്രതിഷേധം
കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായ മഞ്ജു വാര്യര്‍ കല്യാണ്‍ കുടുംബത്തിന് നന്ദി പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് വന്‍ വിമര്‍ശനം. കല്യാണ്‍ സാരീസിന് മുന്‍പില്‍ തൊഴിലാളികള്‍ ഇരിക്കല്‍ സമരം നടത്തുമ്പോഴാണ് മഞ്ജു ഇതുപോലുള്ള പോസ്റ്റുകളുമായി രംഗത്തെത്തിയതെന്ന് ചിലര്‍ വിമര്‍ശിച്ചു.
കല്യാണിന്റെ മറ്റൊരു അംബാസിഡറായ അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്ത ചിത്രം മഞ്ജു ഷെയര്‍ ചെയ്യുകയായിരുന്നു. ബ്രാന്‍ഡ് അംബാസിഡേഴ്‌സായ അമിതാഭ് ബച്ചന്‍, പ്രഭു, വെങ്കട് പ്രഭു, നാഗാര്‍ജുന, ശിവരാജ് കുമാര്‍ എന്നിവര്‍ക്കൊപ്പം മഞ്ജു നില്‍ക്കുന്നൊരു ചിത്രമാണിത്. കല്യാണ്‍ കുടുംബത്തിന് നന്ദി എന്ന് മഞ്ജു പോസ്റ്റില്‍ പറയുന്നുണ്ട്.

എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് പറയുന്ന മഞ്ജു ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടരുതായിരുന്നെന്ന് ഭൂരിപക്ഷം പേരും കമന്റ് ചെയ്തു. പാവപ്പെട്ട തൊഴിലാളികള്‍ക്കുവേണ്ടി ഒരു വാക്കുപോലും പറയാതിരുന്ന മഞ്ജു ജ്വല്ലറി ഉടമ നല്‍കുന്ന വന്‍ പ്രതിഫലത്തില്‍ കണ്ണുവെച്ചാണ് ഇത്തരത്തില്‍ പോസ്റ്റുകളിടുന്നതെന്ന് ചിലര്‍ വിമര്‍ശിച്ചു. അതേസമയം, കല്യാണ്‍ സാരീസും കല്യാണ്‍ ജ്വല്ലറിയും രണ്ട് ഗ്രൂപ്പുകളിടേതാണെന്ന് കാട്ടി മഞ്ജുവിന് ചിലര്‍ പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്.
കല്യാണ്‍ സാരീസ് തൃശൂര്‍ ഷോറൂമിലെ ആറു വനിതാ ജീവനക്കാര്‍ 70 ദിവസത്തോളമായി ഇരിക്കല്‍ സമരം നടത്തിവരികയാണ്. കല്യാണ്‍ സാരീസിലെ തൊഴില്‍ ചൂഷണത്തിന് എതിരെയും അന്യായമായി സ്ഥലം മാറ്റിയതിനെതിരെയുമാണ് സമരം. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച സമരത്തിന് സോഷ്യല്‍ മീഡിയ മികച്ച പിന്തുണയാണ് നല്‍കിവരുന്നത്.


Click it and Unblock the Notifications