ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ വീഴ്ച പറ്റി, പെന്‍ഷന്‍ നല്‍കാനാകാത്തത് ബാധിച്ചു; എംവി ഗോവിന്ദന്‍
തിരുവനന്തപുരം: ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ വീഴ്ച പറ്റിയതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദേശീയ തലത്തില്‍ ഇടതുപക്ഷം സര്‍ക്കാരുണ്ടാക്കില്ലെന്ന തോന്നല്‍ തിരിച്ചടിയായി. മുസ്ലിം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാ അത്തെ ഇസ്ലാമി അടക്കം യു ഡി എഫിനൊപ്പം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചു.
എസ്എന്‍ഡിപി അടക്കമുള്ള ജാതി സംഘടനകള്‍ സംഘപരിവാറിന് കീഴ്‌പ്പെട്ടതും ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണമായി എന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം നേതൃയോഗങ്ങള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല.

നല്ല പരാജയമാണ് ഉണ്ടായത്. യു ഡി എഫ് 18 സീറ്റ് നേടി. എന്നാല്‍ ഒരു സീറ്റ് ബിജെപിക്ക് നേടാന്‍ കഴിഞ്ഞു എന്നത് ഏറ്റവും അപകടകരമായ കാര്യമാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് പോലെ ഒരു സീറ്റ് മാത്രമേ എല്‍ഡിഎഫിന് നേടാന്‍ സാധിച്ചിട്ടുള്ളു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ എല്ലാം ഒരു മുന്നണി പോലെയാണ് പ്രവര്‍ത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചത് മതനിരപേക്ഷ കേരളത്തെസംബന്ധിച്ച് ദൂരവ്യാപക പ്രശ്‌നങ്ങളുണ്ടാക്കും എന്നും മതനിരപേക്ഷ മനസുള്ള ഭൂരിപക്ഷ ന്യൂനപക്ഷ മതങ്ങളില്‍പ്പെട്ടവര്‍ അതിനെ രാഷ്ട്രീയമായി അംഗീകരിക്കില്ല എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എസ്എന്‍ഡിപി അടക്കമുള്ള വിവിധ ജാതീയ സംഘടനകള്‍ പല കാരണങ്ങള്‍ കൊണ്ട് വര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പ്പെട്ടു.
ക്രൈസ്തവ വിഭാഗത്തിലെ ഒരു വിഭാഗവും ബിജെപിക്ക് അനുകൂലമായി നിലപാടെടുത്തു. തൃശൂരില്‍ കോണ്‍ഗ്രസ് വോട്ട് ചോര്‍ന്നത് ഇക്കാരണം കൊണ്ടാണ് എന്നും അദ്ദേഹം നിരീക്ഷിച്ചു. തോല്‍വിയില്‍ പാഠം ഉള്‍ക്കൊണ്ട് ജനങ്ങളിലേക്ക് പോകണം എന്നാണ് സിപിഎം തീരുമാനം എന്നും നല്ല ജാഗ്രതയോടെ തന്നെ ജനങ്ങളെ സമീപിക്കും എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ പ്രവര്‍ത്തിക്കും.
തോല്‍വിയില്‍ സിപിഎം സമഗ്ര പരിശോധന നടത്തിയിട്ടുണ്ട് എന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. പെന്‍ഷന്‍ അടക്കമുള്ളവ കൃത്യതയോടെ നല്‍കാനാകാത്തത് വോട്ടില്‍ പ്രതിഫലിച്ചു. ജനങ്ങളുടെ മനസ് മനസിലാക്കി പ്രവര്‍ത്തനം കാര്യക്ഷമമാക്കും എന്നും അദ്ദേഹം പറഞ്ഞു. 'മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകര്‍ക്കാന്‍ ശ്രമം ഉണ്ടായിരുന്നു. പിണറായിയെയും കുടുംബത്തെയും ടാര്‍ഗറ്റ് ചെയ്ത് ആക്രമിച്ചു,' ഗോവിന്ദന്‍ പറഞ്ഞു.
അത്തരം പ്രചാരണം ജനങ്ങളെ സ്വാധീനിച്ചെന്നും വലത് മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തി എന്നും അദ്ദേഹം ആരോപിച്ചു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നടക്കം പരിശോധിക്കും എന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം ഇടതുപക്ഷം ഇന്ത്യയിലുടനീളം ഉയര്‍ത്തിയ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യം ബിജെപി സര്‍ക്കാരിനെ താഴെയിറക്കണം എന്നതായിരുന്നു.
ജനാധിപത്യ മതനിരപേക്ഷ ഫെഡറല്‍ സംവിധാനത്തെയും ഭരണഘടനയെയും തകര്‍ത്ത് ഹിന്ദുത്വ ഫാസിസ്റ്റ് രീതിയിലുള്ള ഭരണം നടത്താനുള്ള ഭൂരിപക്ഷം ഇത്തവണ നേടാനാകും എന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് 370 മുതല്‍ 430 സീറ്റ് ബിജെപി നേടും എന്ന് പധാനമന്ത്രി ഉള്‍പ്പെടെയെുള്ള ബിജെപിക്കാര്‍ പറഞ്ഞത്. എന്നാല്‍, അത് സാധിച്ചില്ലെന്ന് മാത്രമല്ല വെറും മുപ്പതോ മുപ്പത്തേഴോ സീറ്റ് കൂടി ലഭിച്ചിരുന്നെങ്കില്‍ ഭൂരിപക്ഷത്തോടെ ഇന്ത്യ സഖ്യത്തിന് ഭരണത്തിലേറാമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications