യൂത്ത് കോണ്‍ഗ്രസുകാരുടെ വ്യാജ തിരിച്ചറിയല്‍ കാർഡ്: ഗുരുതരമെന്ന് പൊലീസ്, അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാർഡ് നിർമ്മിതിയിലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടേക്കും. സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ ഇതുവരെയുള്ള കണ്ടെത്തല്‍. തിരഞ്ഞെടുപ്പിന് വേണ്ടി വിവിധ ജില്ലകളില്‍ പ്രാദേശികമായ തന്നെ വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാർഡ് നിർമ്മിച്ചിട്ടുണ്ട്. ഇത് ഗുരുതരമായ കുറ്റമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
കേസിലെ ഒന്നും രണ്ടും സ്ഥാനത്തുള്ള പ്രതികൾ പിടിയിലാകുമ്പോൾ സഞ്ചരിച്ചിരുന്നത് നിയുക്ത സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിന്റെ കാറിൽ ആയിരുന്നു എന്ന വിവരവും പുറത്തു വന്നു. സംഘടന തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് വേണ്ടി വ്യാപകമായി വ്യാജ തിരിച്ചറിയില്‍ കാർഡ് നിർമ്മിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പത്തനംതിട്ടയിലെ അടൂർ കേന്ദ്രീകരിച്ച് മാത്രം 2000 വ്യാജ ഐഡി കാർഡ് തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി പലവിധത്തിലുള്ള എഡിറ്റിങ് ആപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

കൂടുതല്‍ വിശദാംശങ്ങള്‍ തേടി മെറ്റ അധികൃതർക്ക് കോടതിയുടെ അനുമതിയുടെ അന്വേഷണ സംഘം കത്ത് അയക്കും. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച വ്യാജ ഐ ഡി കാർഡ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അറസ്റ്റിലായ പ്രതികളുടെ റിമാന്‍ഡ് റിപ്പോർട്ടില്‍ പൊലീസ് വ്യക്തമാക്കുന്നത്. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് വ്യാജ കാർഡുകൾ നിർമിച്ചത്. എന്നാൽ കാർഡുകൾ ആദ്യം പ്രചരിച്ചത് കാസർഗോഡ് സ്വദേശി ടോമിൻ മാത്യുവിന്റെ ഫോണിൽ നിന്നാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം, അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ കൂടി ഉപയോഗിക്കാൻ വേണ്ടിയാണ് ഈ ഐഡി കാർഡ് നിർമ്മിച്ചത് ആരോപിച്ച് ഡി വൈ എഫ് ഐ രംഗത്ത് വന്നു. രവതരമായ രാജ്യദ്രോഹ കുറ്റം ആണിത്. കോൺഗ്രസ് നേതൃത്വത്തിൽ നടന്നിട്ടുള്ള സംഘടിത രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഡി വൈ എഫ് ഐ പ്രസ്താവനയിലൂടെ പറയുന്നു. സംഘടനയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ച സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ അബി വിക്രം, ബിനിൽ ബിനു, ഫെന്നി,വികാസ് കൃഷ്ണ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലാവുകയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയുമാണ്.
അറസ്റ്റിലായവർ രാഹുൽ മാങ്കൂട്ടത്തിന്റെ വിശ്വസ്തരാണ്.
രാഹുൽ മാങ്കൂട്ടത്തിന് വേണ്ടിയാണ് ഈ സംഘം ലക്ഷക്കണക്കിന് വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഈ വ്യാജ കാർഡുകൾ ഇനിയും പല ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയും എന്നത് ആശങ്കാജനകമാണ്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ കൂടി ഉപയോഗിക്കാൻ വേണ്ടിയാണ് ഈ ഐഡി കാർഡ് നിർമ്മിച്ചത്. ഗൗരവതരമായ രാജ്യദ്രോഹ കുറ്റം ആണിത്.
കോൺഗ്രസ് നേതൃത്വത്തിൽ നടന്നിട്ടുള്ള സംഘടിത രാഷ്ട്രീയ ഗൂഢാലോചനയാണ്. വ്യാജ വോട്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ട വ്യാജ പ്രസിഡന്റാണ് യൂത്ത് കോൺഗ്രസിന്റേതെന്ന് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നത് ശരി വെക്കുന്ന രീതിയിലാണ് കേസ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പത്രസമ്മേളനത്തിൽ പറഞ്ഞു.












Click it and Unblock the Notifications