വൈദ്യുതി വിച്ഛേദിക്കുമെന്ന് വ്യാജ സന്ദേശം; വ്യാജന്മാര്‍ക്ക് മുട്ടന്‍ പണിയൊരുക്കി കെഎസ്ഇബി, പരാതി
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ വ്യാജ സന്ദേശവും വ്യാജ വാര്‍ത്തയും പരക്കുന്നതിന് കയ്യും കണക്കുമില്ല. തീ ആളിക്കത്തുന്നതിന്റെ വേഗത്തിലാണ് ഇത്തരം വാര്‍ത്തകള്‍ ഫേസ്ബുക്ക്, വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ പരക്കുന്നത്.
ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് പൊലീസ് അടക്കമുള്ള അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എന്നാല്‍ ഇപ്പോഴിതാ കെ എസ് ഇബിയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശമാണ് എസ് എം എസ് വഴി പ്രചരിക്കുന്നത്.

ഉപഭോക്താക്കളുടെ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ വ്യാജ എസ് എം എസ് സന്ദേശമാണ് പരക്കുന്നത്. ഇങ്ങനെയുള്ള സന്ദേശങ്ങള്‍ ലഭിച്ചതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കെ എസ് ഇ ബി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി കേരള പൊലീസിന്റെ സൈബര്‍ വിഭാഗം കെ എസ് ഇ ബിയെ അറിയിച്ചു. കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെ എസ് ഇ ബി ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്ന പശ്ചാത്തലം മുതലെടുത്താണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കെ എസ് ഇ ബിയുടെ നിരവധി ഉപഭോക്താക്കള്‍ക്ക് വ്യാജ മൊബൈല്‍ സന്ദേശം ലഭിക്കുകയുണ്ടായി. കെ എസ് ഇ ബിയില്‍ നിന്ന് ലഭിക്കാറുള്ള സന്ദേശത്തിന്റെ ശൈലിക്ക് വിരുദ്ധമായി ഒരു മൊബൈല്‍ നമ്പരില്‍ നിന്ന് വൈദ്യുതി വിച്ഛേദന സന്ദേശം ലഭിച്ചതാണ് ഉപഭോക്താക്കള്‍ക്ക് സംശയത്തിനിട നല്‍കിയത്. തുടര്‍ന്ന് പലരും കെ എസ് ഇ ബിയുടെ ഉപഭോക്തൃ സേവനകേന്ദ്രത്തെ പരാതി അറിയിച്ചതോടെയാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്.
കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, കുടിശ്ശിക തുക, സെക്ഷന്റെ പേര്, പണമടയ്ക്കാനുള്ള വെബ്‌സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി തുടങ്ങിയവയുള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലേക്ക് കടന്നു കയറുവാന്‍ അനുവദിക്കുന്ന യാതൊരു വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുത്.
Recommended Video
ബഹുമാന്യ ഉപഭോക്താക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം എന്ന് അഭ്യര്‍ഥിക്കുന്നു. ഇത്തരം വ്യാജ സന്ദേശങ്ങളോ ഫോണ്‍ കോളുകളോ ലഭിക്കുന്നപക്ഷം കെ എസ് ഇ ബിയുടെ കസ്റ്റമര്‍കെയര്‍ നമ്പരായ 1912 ല്‍ വിളിച്ചോ 94960 01912 എന്ന നമ്പരില്‍ വാട്‌സാപ് സന്ദേശമയച്ചോ അറിയിക്കാവുന്നതാണെന്ന് കെ എസ് ഇ ബി പത്രക്കുറിപ്പിലൂടെ അറിയിച്ചു.












Click it and Unblock the Notifications