നടന്‍ ഇന്നസെന്‍റ് കുഴഞ്ഞ് വീണ് മരിച്ചു... കേരളത്തെ ഞെട്ടിച്ച വ്യാജവാര്‍ത്ത
തൊടുപുഴ:സിനിമ താരങ്ങളുടേയും സെലിബ്രിറ്റികളുടേയും വ്യാജ മരമ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത് ഇപ്പോള്‍ പതിവ് സംഭവം ആയിക്കൊണ്ടിരിയ്ക്കുകയാണ്. അതിന്‍റെ ഒടുവിലത്തെ ഇരയാണ് സിനിമ താരവും എംപിയും ആയ ഇന്നസെന്റ്.
തൊടുപുഴയിലെ ഷൂട്ടിങ്ങിനിടെ ഇന്നസെന്റ് കുഴഞ്ഞുവീണു എന്നും ആശുപത്രിയില്‍ വച്ച് മരിച്ചു എന്നുമൊക്കെ ആയിരുന്നു പ്രചാരണം. വാട്സ് ആപ്പില്‍ തുടങ്ങിയ പ്രചാരണം ഫോണ്‍വിളികളിലൂടെ കൂടി പ്രചരിച്ചപ്പോള്‍ സംഗതി ശരിയ്ക്കും ചൂടായി. ഈ സമയത്ത് ഇന്നസെന്റിനെ ഫോണില്‍ കിട്ടാതിരിയ്ക്കുക കൂടി ചെയ്തതോടെ പലരും വാര്‍ത്ത തന്നെ സ്ഥിരീകരിച്ചു.
വാര്‍ത്ത പ്രചരിച്ചതോടെ ജില്ലാ ഭരണകൂടം പോലും സംശയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കളക്ടറേറ്റില്‍ നിന്ന് തൊടുപുഴ തഹസില്‍ദാരോട് റിപ്പോര്‍ട്ട് തേടിയത്രെ. എന്തായാലും ഉച്ചയ്ക്ക് മുന്പായി ഇന്നസെന്റിനെ ഫോണില്‍ കിട്ടിയതോടെ സത്യം വെളിപ്പെട്ടു.വ്യാജ വാര്‍ത്തയോടുള്ള താരത്തിന്റെ പ്രതികരണവും രസകരമായിരുന്നു.

മരണക്കഥ
ചാലക്കുടി എംപികൂടിയായ നടന്‍ ഇന്നസന്റ് ഏതോ കുബുദ്ധികള്‍ സൃഷ്ടിച്ച മരണക്കഥയിലെ നായകനായി. ഇന്നസെന്റിനെ സംബന്ധിച്ച് ഇത് ആദ്യത്തെ അനുഭവമാകാന്‍ ഇടയില്ല!!!

കുഴഞ്ഞുവീണ് മരിച്ചു?
ഇന്നസന്റ് തൊടുപുഴയില്‍ ഷൂട്ടിംഗിനിടെ കുഴഞ്ഞ് വീണു ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയിലായെന്നും മരിച്ചെന്നുമുള്ള വ്യാജ വാര്‍ത്ത കാട്ടുതീ പോലെയാണ് പരന്നത്. മെയ് 25 ന് രാവിലെ രാവിലെ 9 മണിയോടെ ഫോണ്‍ വിളികളിലൂടെയും വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലുമാണ് വാര്‍ത്ത പരന്നത്.

കേരളം മുഴുവന്‍
ഉച്ചയോടെ അത് കേരളം മുഴുവന്‍ പടര്‍ന്നു. തൊടുപുഴയില്‍ വച്ചാണ് സംഭവം എന്നതിനാല്‍ എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടായി.

തൊടുപുഴയില്‍
തൊടുപുഴയിലെ പ്രധാന സ്വകാര്യ ആശുപത്രികളിലേയ്ക്ക് ഈ വാര്‍ത്ത അന്വേഷിച്ച് ഫോണ്‍ വിളികളുടെ ബഹളമായിരുന്നു.

പത്രക്കാരും പോലീസും
ഇത്തരം ഒരു സംഗതി നടന്നാല്‍ ആദ്യം അറിയേണ്ട രണ്ട് കൂട്ടരാണല്ലോ പത്രപ്രവര്‍ത്തരും പോലീസുകാരും. വാര്‍ത്ത പരന്നതോടെ പോലീസ് അധികാരികളുടേയും മാദ്ധ്യമ പ്രവര്‍ത്തകരുടേയും മൊബൈല്‍ ഫോണുകളിലേയ്ക്ക് കോളുകള്‍ ഒഴുകിയെത്താന്‍ തുടങ്ങി.

നേരിട്ടിറങ്ങി
സത്യാവസ്ഥ അറിയാന്‍ ചിലര്‍ മുണ്ടും മടക്കിക്കുത്തി നേരിട്ട് രംഗത്തിറങ്ങി. നഗരത്തിലെ ആശുപത്രികളില്‍ ചെന്ന് വിവരം തിരക്കിയവര്‍ ഇഷ്ടം പോലെ ഉണ്ടായിരുന്നത്രെ.

ജില്ലാ ഭരണകൂടം
വാര്‍ത്ത വൈറല്‍ ആയപ്പോള്‍ ജില്ലാ ഭരണകൂടം വരെ സംശയിച്ചു!!!! കലക്ടറേറ്റില്‍ നിന്ന് തൊടുപുഴ തഹസില്‍ദാരോട് റിപ്പോര്‍ട്ട് തേടിയിരുന്നതായാണ് വിവരം.

രഹസ്യമാക്കിയതോ
ആശുപത്രി അധികൃതര്‍ വിവരം രഹസ്യമാക്കി വച്ചിരിക്കുന്നതായാണ് പിന്നീട് അഭ്യൂഹം പരന്നത്. ഇതോടെ സംഗതി ആകെ ദുരൂഹമായി.

മാധ്യമ പ്രവര്‍ത്തകര്‍ ഇറങ്ങി
കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുന്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നത്. ഉടന്‍ തന്നെ സിനിമാ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു.

വീണ്ടും ആശങ്ക
തൊടുപുഴയിലെ സെറ്റില്‍ നിന്ന് ഇന്നസെന്റ് രാവിലെ തന്നെ പുറപ്പെട്ടതായാണ് ലഭിച്ച വിവരം. പക്ഷേ ഇന്നസെന്റിനെ ഫോണില്‍ കിട്ടുന്നില്ല.

ആശങ്ക തീര്‍ത്തു
ഒടുവില്‍ 11.30 ഓടെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്നസന്റിനെ ഫോണില്‍ കിട്ടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു ഇന്നസന്റ് .

ചരമവാര്‍ത്തയറിഞ്ഞപ്പോള്‍
സ്വന്തം 'ചരമവാര്‍ത്ത' അറിയാനുള്ള ഭാഗ്യമുണ്ടായി ഇന്നസെന്റിന്... അതും പത്രപ്രവര്‍ത്തകരുടെ വായില്‍ നിന്ന് തന്നെ!!!

സ്വതസിദ്ധമായ പ്രതികരണം
'ഞാന്‍ മരിച്ച് പോയില്ലേ, അതുകൊണ്ട് ഇനിയെന്ത് പറയാന്‍'. സ്വതസിദ്ധ ശൈലിയില്‍ ഇന്നസന്റിന്‍റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

വെള്ളക്കടുവ
ജോസ് തോമസ് സംവിധാനം ചെയ്ത് ബിജുമേനോന്‍ നായകനായി അഭിനയിക്കുന്ന 'വെള്ളക്കടുവ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നാല് ദിവസമായി തൊടുപുഴയിലായിരുന്നു ഇന്നസന്റ്.












Click it and Unblock the Notifications