കാസര്‍കോട്; ഒരു കുടുംബത്തിലെ 6 പേര്‍ വാഹനാപകടത്തില്‍ മരിച്ചു
കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കാസര്‍കോട് ഒരു കുടുംബത്തിലെ 6 പേര്‍ മരിച്ചു. കാസര്‍കോട് ചേറ്റുകുണ്ട് മുക്കോട് സ്വദേശി ഉപ്പു ഹമീദിന്റെ ഭാര്യ സക്കീന (39), സക്കീനയുടെ മക്കളായ സജീര്‍(18), സാനിറ (16) സക്കീനയുടെ സഹോദരന്റെ ഭാര്യ ഖൈറുന്നിസ (24), ഖൈറുന്നിസയുടെ മകള്‍ ഫാത്തിമ (രണ്ട് വയസ്), സക്കീനയുടെ മകന്‍ ഇര്‍ഫാന്റെ ഭാര്യ റംസീന (25) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ സക്കീനയുടെ മകന്‍ അജ്മല്‍ (നാല്), ഇര്‍ഫാന്റെ എട്ടു മാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വാഹനത്തില്‍ ഇവരോടൊപ്പമുണ്ടായിരുന്ന സജീറിന്റെ സുഹൃത്ത് ചേറ്റുകുണ്ടിലെ ഇര്‍ഷാദ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടം നടന്നത്. ചേറ്റുകുണ്ടിലെ വീട്ടില്‍ നിന്നും കാസര്‍കോട്ടെ ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. കെഎസ്ടിപി റോഡില്‍ നിര്‍മാണം നടക്കുന്ന ഭാഗത്തേക്ക് കയറുന്നതിനിടെ നിയന്ത്രണം തെറ്റുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ഉടന്‍ ഓടിക്കൂടിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കാറിലുള്ളവരെ പുറത്തെടുത്തത്. കാര്‍ വെട്ടിപ്പൊളിക്കേണ്ടിവന്നതിനാല്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകി. പരിക്കേറ്റ സക്കീന, അര്‍ഷാദ് എന്നിവരെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരിച്ചത്. ഖൈറുന്നിസ, വാഹനമോടിച്ചിരുന്ന സജീര്‍, എന്നിവര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഉദുമ ആശുപത്രിയിലും രണ്ട് പേരുടേത് കാഞ്ഞങ്ങാട് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.












Click it and Unblock the Notifications