പ്രശസ്ത നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു, വിട പറഞ്ഞത് സീരിയല്‍ സിനിമ രംഗത്തെ നിറ സാന്നിദ്ധ്യം
തിരുവനന്തപുരം: പ്രശസ്ത നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രൊഫഷണല്‍ നാടക വേദികളില്‍ സജീവമായ ഫിലിപ്പ് മികച്ച പ്രകടനങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. കാളിദാസ കലാകേന്ദ്രത്തിന്‍ഖെയും കെ പി എ സിയുടെയും നാടകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. കോട്ടയം കുഞ്ഞച്ഛന്‍, വെട്ടം, അര്‍ത്ഥം, പഴശ്ശിരാജ, ടൈം അടക്കം അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

വിദേശത്തുള്ള മകള്‍ എത്തിയശേഷം സംസ്‌കാര ചടങ്ങുകളുടെ സമയം തീരുമാനിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. കാളിദാസ കലാകേന്ദ്രത്തിന്റെ റെയിന്‍ബോ എന്ന നാടകത്തിലെ അഭിനയത്തിന് 1986ല്‍ സംസ്ഥാന പുരസ്‌കാരം നേടി. പി.ജെ.ആന്റണിയുടെ ശിഷ്യനായാണ് ഡി.ഫിലിപ്പ് അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്.
പി.ജെ.ആന്റണിയുടെ നാടക പരീക്ഷണ ശാലയില്‍ ആയിരിക്കുമ്പോള്‍ നാഷനല്‍ തിയറ്ററില്‍ അഭിനയിച്ചു. പിന്നീട് കെ പി എ സി, ചങ്ങനാശേരി ഗീത, കൊല്ലം കാളിദാസ കലാകേന്ദ്രം എന്നിങ്ങനെയുള്ള നാടക സമിതികളിലും സജീവമായി. സ്ത്രീ, മാളൂട്ടി, സ്വാമി അയ്യപ്പന്‍, ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്, വാവ, കടമറ്റത്ത് കത്തനാര്‍ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു.
ഡി ഫിലിപ്പിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി സീമ ജി നായര്‍ രംഗത്തെത്തി. ഫിലിപ്പ് എന്ന് പറയുമ്പോള്‍ നാടകരംഗത്തെ അതികായകനെയാണ് ഓര്‍മ വരുന്നതെന്ന് സീമ ജി നായര്‍ പറഞ്ഞു.
എന്റെ അമ്മയുടെ കൂടെ എത്രയോ നാടകങ്ങള്‍ ചെയ്തിട്ടുണ്ട്.. ഇപ്പോള്‍ എനിക്കോര്‍മ്മ വരുന്നത്, കൊല്ലം യൂണിവേഴ്‌സല്‍ തീയറ്ററിന്റെ 'കുഞ്ഞാലി മരക്കാര്‍'എന്ന നാടകം സി ഐ പോള്‍, ചേര്‍ത്തല സുമതി, ഡി ഫിലിപ്പ് കോമ്പിനേഷന്‍.. കലാകര്‍ക്ക് മരണം ഇല്ലല്ലോ.. കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ അവരെ ഓര്‍ത്തു വെക്കാന്‍ ഒരുപിടി കഥാപാത്രങ്ങള്‍.. എന്റെ കൂടെയും പിന്നീട് വര്‍ക്ക് ചെയ്തു.. സുമതിയുടെ മകളല്ലേ എന്ന സ്‌നേഹവാത്സല്യം ഇപ്പോളും ഓര്‍ക്കുന്നു.. ഓരോ വിടപറയലും ഒരു വേദനയാണ്.. ആദരാഞ്ജലികള്‍- സീമ ജി നായര്‍ ഫേസ്ബുക്കുല്‍ കുറിച്ചു.












Click it and Unblock the Notifications