'സ്റ്റേജിന്റെ ഗായകൻ', പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു
കൊച്ചി: പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. നാടകഗാനങ്ങളിലൂടെയും ലളിത ഗാനങ്ങളിലൂടേയും ചലച്ചിത്ര ഗാനങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു തോപ്പില്‍ ആന്റോ. ആയിരത്തിലേറെ നാടക ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്.
ഗാനമേള ട്രൂപ്പുകളില്‍ സജീവസാന്നിധ്യമായിരുന്നു തോപ്പില്‍ ആന്റോ. മാള മഹാത്മാ തീയറ്റേഴ്സ്, ചാലക്കുടി സൈമ തീയറ്റേഴ്സ്, എൻ.എൻ. പിള്ളയുടെ നാടക സമിതി, കായംകുളം പീപ്പിൾസ് തീയറ്റേഴ്സ് എന്നിവയുടെയെല്ലാം ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. സി.ജെ. തോമസിന്റെ 'വിഷവൃക്ഷം' എന്ന നാടകത്തിലൂടെയാണ് തോപ്പിൽ ആന്റോ പിന്നണി ഗായകനായത്. വീണപൂവ്, അനുഭവങ്ങളേ നന്ദി, സ്‌നേഹം ഒരു പ്രവാഹം തുടങ്ങി ഏറ്റവും ഒടുവില്‍ ഹണി ബീ 2 എന്ന ചിത്രത്തിലും തോപ്പില്‍ ആന്റോ പാടി.

സ്റ്റേജിന്റെ ഗായകനായിരുന്നു തോപ്പിൽ ആന്റോയെന്ന് മന്ത്രി പി രാജീവ് അനുസ്മരിച്ചു. '' പ്രതിഭാധനനായ ഗായകനായിരുന്നു തോപ്പിൽ ആന്റോ. ആയിരത്തിലേറെ നാടക ഗാനങ്ങളും എക്കാലവും മനസിൽ തങ്ങി നിൽക്കുന്ന മനോഹര ചലച്ചിത്ര ഗാനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. സ്റ്റേജിന്റെ ഗായകനായിരുന്നു തോപ്പിൽ ആന്റോ. പ്രമുഖ ഗാനമേള ട്രൂപ്പുകൾക്ക് വേണ്ടിയെല്ലാം അദ്ദേഹം പാടി. തന്റെ ഗാനങ്ങളിലുടെ ഇനിയും ജനഹൃദയങ്ങളിൽ ആ കലാകാരനുണ്ടാകും. ആദരാഞ്ജലികൾ''.
മന്ത്രി വി ശിവൻകുട്ടിയും തോപ്പിൽ ആന്റോയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. '' ഗായകൻ തോപ്പിൽ ആന്റോക്ക് ആദരാഞ്ജലികൾ. സ്റ്റേജിന്റെ ഗായകൻ ആയിരുന്നു അദ്ദേഹം. നാടക, സിനിമാ ഗാനങ്ങൾ നിരവധി പാടിയിട്ടുണ്ടെങ്കിലും സ്റ്റേജിലെ തോപ്പിൽ ആന്റോ ഒന്ന് വേറെയായിരുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു''.
ഹൈബി ഈഡൻ എംപിയുടെ അനുശോചനക്കുറിപ്പ്: '' തോപ്പിൽ ആന്റോ യാത്രയായി.... ചലച്ചിത്ര ഗാനങ്ങൾ, നാടക ഗാനങ്ങൾ, ലളിത ഗാനങ്ങൾ എന്നീ മേഖലകളിലെല്ലാം പതിറ്റാണ്ടുകളോളം തന്റെ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വം. അദ്ദേഹവുമായി ഏറെ അടുപ്പം കാത്ത് സൂക്ഷിച്ചിരുന്ന വ്യക്തി എന്ന നിലയിൽ, അദ്ദേഹത്തിന്റെ വിട പറയൽ വേദനാജനകമാണ്. തോപ്പിൽ ആന്റോയുടെ വിയോഗത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും നാടിനുമുണ്ടായ ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ.
ഗായകൻ വിടി മുരളിയും തോപ്പിൽ ആന്റോയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് രംഗത്ത് വന്നു. '' പ്രിയപ്പെട്ട തോപ്പിൽ ആന്റോ യാത്രയായി. അദ്ദേഹത്തെ നേരിട്ട് പരിചയമുണ്ടായിരുന്നു. പാട്ട് കേട്ടിട്ടുണ്ട്. ഒരേ വേദിയിൽ പാടിയിട്ടുണ്ട്. സദസ്സിനെ കൈയിലെടുക്കുന്ന രീതിയിൽ പാടാൻ മിടുക്കനായിരുന്നു. ഉണ്ണിയാർച്ചയിലെ
മിടുക്കി മിടുക്കി എന്ന ഗാനം വളരെ ഭംഗിയായി അവതരിപ്പിച്ച കാര്യം ഓർക്കുന്നു.
ആദരാഞ്ജലികൾ''












Click it and Unblock the Notifications