സർക്കാർ ഓഫീസിൽ ജീവനക്കാരിയുടെ തലയിൽ ഫാൻ വീണു,സംഭവം കണ്ട സഹപ്രവർത്തകയുടെ ബോധം പോയി
ഓഫീസിൽ ലോട്ടറികൾ തരംതിരിയ്ക്കുന്ന ജോലി ചെയ്യുന്നതിനിടെയാണ് പ്രീതിയുടെ തലയിലേക്ക് കറങ്ങിക്കൊണ്ടിരുന്ന ഫാൻ വീണത്.
കൊച്ചി: കാക്കനാട് കെബിപിഎസിലെ ജീവനക്കാരിക്ക് തലയിൽ ഫാൻ വീണു പരിക്കേറ്റു. കൊല്ലം സ്വദേശിനിയായ പ്രീതിയ്ക്കാണ് തലയിലും പുറത്തും പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കെബിപിഎസിലെ ലോട്ടറി സെക്ഷനിലെ ജീവനക്കാരിയാണ് പ്രീതി.
ഓഫീസിൽ ലോട്ടറികൾ തരംതിരിയ്ക്കുന്ന ജോലി ചെയ്യുന്നതിനിടെയാണ് പ്രീതിയുടെ തലയിലേക്ക് കറങ്ങിക്കൊണ്ടിരുന്ന ഫാൻ വീണത്. പ്രീതിയുടെ തലയിലും പുറത്തുമായാണ് ഫാൻ പതിച്ചത്. തൊട്ടടുത്ത് ജോലി ചെയ്തിരുന്ന സഹപ്രവർത്തക ആതിര സംഭവം കണ്ട് ബോധം കെട്ട് വീഴുകയും ചെയ്തതോടെ ജീവനക്കാർ പരിഭ്രാന്തരായി.

ഫാൻ വീണ് പ്രീതിയുടെ പുറവും തലയും തടിച്ചുവീർത്തിരുന്നു. ആതിരയുടെ കൈകളിൽ ഫാനിന്റെ ലീഫ് തട്ടിയെങ്കിലും പരിക്കേറ്റിട്ടില്ല. ഓഫീസിലെ മറ്റു ജീവനക്കാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ജോലി സ്ഥലത്തെ സുരക്ഷ ഉറപ്പാക്കാത്ത മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തുകയും ചെയ്തു.
വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് കെബിപിഎസിലെ മിക്ക ഫാനുകളുമെന്നാണ് ജീവനക്കാർ പറയുന്നത്. തുരുമ്പ് പിടിച്ച ഫാനാണ് പ്രീതിയുടെ തലയിലേക്ക് ഒടിഞ്ഞുവീണത്. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു ദിവസത്തിനകം ലോട്ടറി സെക്ഷനിലെ എല്ലാ ഫാനുകളും മാറ്റിസ്ഥാപിക്കാമെന്ന് കെബിപിഎസ് മാനേജ്മെന്റ് അറിയിച്ചു.












Click it and Unblock the Notifications