ഫർഹാസിന്റെ മരണം: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം, കാർ മറിഞ്ഞതിന് ശേഷം മർദിച്ചു
കാസർകോട്: കാർ മറിഞ്ഞ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥിയുടെ കുടുംബം. പൊലീസുകാരുടെ സ്ഥലംമാറ്റ നടപടിയില്‍ തൃപ്തരല്ലെന്നാണ് മരണപ്പെട്ട വിദ്യാർത്ഥി ഫർഹാസിന്റെ കുടുംബം വ്യക്തമാക്കുന്നത്. പൊലീസുകാരെ എത്രയും പെട്ടെന്ന് സസ്പെന്‍ഡ് ചെയ്ത് കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
കുറ്റാരോപിതരായവരെ പൊലീസ് സംരക്ഷിക്കുകയാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. അപകടത്തിന് ശേഷവും പൊലീസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു. പൊലീസില്‍ പരാതി നല്‍കാന്‍ പോയപ്പോഴും ഡിവൈഎസ്പി അവഹേളിച്ചു. പൊലീസ് മദ്യ ലഹരിയിലായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.

മംഗളൂരുവിലെ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ഹാസ് മരിച്ചത്. കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ പൊലീസ് പിന്തുടരുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. എന്നാല്‍ പൊലീസ് വാഹനം കാറിനെ അകാരണമായി പിന്തുടരുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്ത് വന്നു. ആധുനിക സംവിധാനങ്ങൾ ഏറെയുള്ള ഇക്കാലത്ത് കാർ ചെയ്‌സ് ചെയ്ത് ഭീകരത സൃഷ്ടിക്കുന്ന പ്രാകൃത പോലീസ് മനോഭാവത്തിന്റെ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണെന്ന് അദ്ദേഹം ആരോപിച്ചു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഈ സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് മറുപടി പറയണമെന്നും ലീഗ് നേതാവ് ആവശ്യപ്പെടുന്നു.
കിലോമീറ്ററുകളോളം പോലീസ് പിന്തുടർന്നതിനെ തുടർന്നാണ് ഫർഹാസ് സഞ്ചരിച്ച കാർ അപകടത്തിൽപെടുകയും ആ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. ഈ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം പോലീസിനാണ്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം.
ഇനിയൊരാൾക്കും ഇങ്ങനെയൊരു ആപത്ത് സംഭവിക്കാതിരിക്കാൻ ഇനിയെങ്കിലും സർക്കാർ പോലീസ് വകുപ്പിൽ ഇടപെടണം. പോലീസുകാരെ തന്നിഷ്ടത്തിന് കയറൂരി വിടുന്നത് അവസാനിപ്പിക്കണം. സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം കുറ്റക്കാർക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്താൻ മുസ്ലിം ലീഗ് രംഗത്തുണ്ടാവുമെന്ന് ഓർമപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ പൊലീസിന്റെ വീഴ്ച കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന അറിയിച്ചു. കുട്ടിയുടെ മാതാവിന്റെ പരാതി ലഭിച്ചിട്ടുണ്ട്. അത് അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൽ പൊലീസിന്റെ വീഴ്ച കണ്ടെത്തിയാല്‍ ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications