കർഷക ആത്മഹത്യ;വില്ലേജ് ഓഫീസർ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെന്ന് തഹസിൽദാർ,സ്വന്തം പണമെടുത്ത് സഹായിച്ചു
2010 ജനുവരി എട്ടിന് സർവ്വീസിൽ പ്രവേശിച്ച സിലീഷ് തോമസ് ,ഇതുവരെ ജോലി ചെയ്ത ഓഫീസുകളിലെല്ലാം വളരെ കാര്യക്ഷമമായാണ് പ്രവർത്തിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ വില്ലേജ് ഓഫീസറെ ന്യായീകരിച്ച് തഹസിൽദാറുടെ റിപ്പോർട്ട്. കൂരാച്ചുണ്ട് സ്പെഷ്യൽ വില്ലേജ് ഓഫീസറായ സിലീഷ് തോമസ് കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനാണെന്നാണ് തഹസിൽദാർ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ തയ്യാറാക്കിയ സിലീഷ് തോമസിന്റെ സർവ്വീസ് വിവരങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 2010 ജനുവരി എട്ടിന് സർവ്വീസിൽ പ്രവേശിച്ച സിലീഷ് തോമസ് , ഇതുവരെ ജോലി ചെയ്ത ഓഫീസുകളിലെല്ലാം വളരെ കാര്യക്ഷമമായാണ് പ്രവർത്തിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ആത്മഹത്യ ചെയ്ത കർഷകന്റെ ഭൂമിയുമായി ബന്ധപ്പെട്ട് സിലീഷ് തോമസിനെതിരെ വില്ലേജ് ഓഫീസറുടെയോ തഹസിൽദാരുടെയോ മുമ്പാകെ പരാതി വന്നിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥൻ...
കൂരാച്ചുണ്ട് സ്പെഷ്യൽ വില്ലേജ് ഓഫീസറായ സിലീഷ് തോമസ് കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനാണെന്നാണ് തഹസിൽദാർ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.

2010ൽ സർവ്വീസിൽ പ്രവേശിച്ചു...
2010 ജനുവരി എട്ടിന് കളക്ടറേറ്റിൽ എൽഡിസിയായാണ് സിലീഷ് തോമസ് സർക്കാർ സർവ്വീസിൽ പ്രവേശിക്കുന്നത്. തുടർന്ന് 2013 നവംബർ 23 മുതൽ കൊയിലാണ്ടി തഹസിൽദാരുടെ കീഴിൽ ചങ്ങരാത്ത് വില്ലേജിലും 2013 ഡിസംബർ 16 മുതൽ 2016 ഫെബ്രുവരി എട്ടുവരെ ചെമ്പനോട വില്ലേജിലും പിന്നീട് 2016 ഫെബ്രുവരി ഒമ്പതു മുതൽ 2017 മാർച്ച് 31 വരെ ചങ്ങരോത്ത് വില്ലേജിലും വില്ലേജ് അസിസ്റ്റന്റായി ജോലി ചെയ്തു.

സ്പെഷ്യൽ വില്ലേജ് ഓഫീസർ...
2017 ഏപ്രിൽ ഒന്നിന് സ്പെഷ്യൽ വില്ലേജ് ഓഫീസറായി പ്രമോഷൻ കിട്ടി ചെമ്പനോട വില്ലേജ് ഓഫീസിൽ നിയമിതനായി. 2017 ജൂൺ ഒന്നു മുതൽ കൂരാച്ചുണ്ട് വില്ലേജിൽ സ്പെഷ്യൽ വില്ലേജ് ഓഫീസറായി ജോലി ചെയ്തുവരികയാണ് സിലീഷ് തോമസ്.

കാര്യക്ഷമമായി പ്രവർത്തിച്ചു...
ഏഴു വർഷത്തെ സർവ്വീസിനിടെ ജോലി ചെയ്ത മേൽപ്പറഞ്ഞ ഓഫീസുകളിലെല്ലാം വളരെ കാര്യക്ഷമമായ രീതിയിലാണ് സിലീഷ് തോമസ് ജോലി ചെയ്തതെന്നാണ് തഹസിൽദാറുടെ റിപ്പോർട്ടിലുള്ളത്.

ദുരിതാശ്വാസ ക്യാമ്പിൽ...
ആറുപേർ മരിച്ച പശുക്കടവ് ദുരന്തത്തെ തുടർന്ന് ആരംഭിച്ച പന്നിക്കോട്ടൂർ ദുരിതാശ്വാസ ക്യാമ്പിൽ രാപ്പകൽ ഭേദമന്യേ പ്രവർത്തിച്ച് പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് സിലീഷ് തോമസ്. ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പല സാധനങ്ങളും പെട്ടെന്ന് എത്തിക്കാൻ സ്വന്തം കൈയിൽ നിന്നും പണമെടുത്ത് ചെലവഴിച്ചെന്നും റിപ്പോർട്ടിലുണ്ട്.

ഒരു പരാതിയുമില്ല...
മോളി തോമസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സിലീഷ് തോമസിനെതിരെ ഒരു പരാതിയും ഇതുവരെ വില്ലേജ് ഓഫീസറുടെയോ, തഹസിൽദാറുടെയോ മുമ്പാകെ വന്നിട്ടില്ലെന്നും റിപ്പോർട്ടിൽ
പറയുന്നുണ്ട്.

വിചാരണ നടക്കാനിരിക്കെ...
മോളി തോമസിന്റെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ജൂൺ 28ന് തഹസിൽദാറുടെ കാര്യാലയത്തിൽ വിചാരണ നടക്കാനിരിക്കെ അവരുടെ ഭർത്താവ് വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്തത് ദൗർഭാഗ്യകരമായ സംഭവമാണെന്നുമാണ് റിപ്പോർട്ടിലുള്ളത്.












Click it and Unblock the Notifications