'മതനിരപേക്ഷ കേരളത്തെ വാരിപ്പുണർന്ന ഫാറൂഖ് അബ്ദുള്ള; ഇതാണ് റിയൽ കേരള സ്റ്റോറി';കെടി ജലീൽ
സർക്കാരിന്റെ 'വിഷൻ 2031' വേദിയിലെത്തിയ ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ജമ്മു കശ്മീരിന്റെ നിലവിലെ അവസ്ഥയേക്കുറിച്ച് പറയുന്നതിനിടെ വികാരീനനായി തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കുന്നതായിരുന്നു ചിത്രം.
സമീപകാലത്തൊന്നും ഇത്രയും നല്ലൊരു സ്നേഹപ്രകടനത്തിലൂടെ ഇന്ത്യൻ രാഷ്ട്രീയം കടന്നു പോയത് ഓർമ്മിച്ചെടുക്കാൻ പ്രയാസമാണെന്നാണ് ഈ ചിത്രത്തെ കുറിച്ച് കെടി ജലീൽ കുറിച്ചത്.ഇന്ത്യയിലെ തല മുതിർന്ന രാഷ്ട്രീയ നേതാവിനെ അത്യന്തം സ്നേഹത്തോടെ തൻ്റെ കൈകൾ കൊണ്ട് നെഞ്ചോടു ചേർക്കുമ്പോൾ പിണറായിയുടെ മുഖത്ത് വിരിഞ്ഞ ബഹുമാനം നൽകിയ മൈത്രിയുടെ സന്ദേശം അനിർവചനീയമാണെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം

' ഹൃദയം തൊട്ട കാഴ്ച! ഷേറെ കാശ്മീർ ഷേക്ക് അബ്ദുല്ലയുടെ മകനും കാശ്മീരിൻ്റെ മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രചുരപ്രചാരകനും, കാശ്മീരികളുടെ കണ്ണീരിലും ദു:ഖത്തിലും ഇഴുകിച്ചേർന്ന പൊതുപ്രവർത്തകനുമായ ഫറൂഖ് അബ്ദുല്ലക്ക് പ്രായം 88. ആരോഗ്യം തൃണവൽക്കരിച്ച് ഫറൂഖ് അബ്ദുല്ല വിശ്രമരഹിതമായ യാത്രയിലാണ്. നാടിൻ്റെ നഷ്ട പ്രതാപവും മതേതര പൈതൃകവും വീണ്ടെടുക്കലാണ് ലക്ഷ്യം. തിരക്കുപിടിച്ച സഞ്ചാരത്തിനിടയിൽ കേരളത്തിൻ്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്തും അദ്ദേഹമെത്തി. വിഷൻ 2031 അന്താരാഷ്ട്ര സമ്മേളനത്തിൻ്റെ ഭാഗമായി.
അപ്രഖ്യാപിത അസ്വാതന്ത്ര്യത്തിൻ്റെ കുരുക്കിൽ പെട്ട് ഞെരിഞ്ഞമരുന്ന കാശ്മീരിൻ്റെ മുഴുവൻ വേദനകളും ഫറൂഖ് സാഹിബിൻ്റെ മുഖത്ത് പ്രകടമാണ്. ചിരിമാഞ്ഞ ഫറൂഖ് അബ്ദുല്ലയുടെ മുഖം നാം കാണാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. തൻ്റെ പിതാവിൻ്റെ ആവശ്യപ്രകാരം ഒരു ചരിത്ര സന്ധിയിൽ കാശ്മീരിന് ഭാരതം നൽകിയ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോൾ കാശ്മീർ സിംഹത്തിൻ്റെ പുത്രൻ അതിനെതിരെ ഗർജ്ജിച്ചു. ഫറൂഖും യൂസുഫ് തരിഗാമിയും മെഹബൂബയുമടക്കം കാശ്മീരിയ്യത്ത് ഒന്നാകെ വീട്ടുതടങ്കലിലാക്കപ്പെട്ടപ്പോഴും ഫറൂഖിൻ്റെ ഇടറിയ ശബ്ദം നാം കേട്ടു. ഇപ്പോഴിതാ കാശ്മീരികളുടെ കൂട്ടിലടക്കപ്പെട്ട ജീവിതത്തെ കുറിച്ച അദ്ദേഹത്തിൻ്റെ കണ്ണീരു വീണു നനഞ്ഞ വാക്കുകളാൽ കേരള നിയമസഭാ സമുച്ചയം പ്രകമ്പനം കൊണ്ടിരിക്കുന്നു.
സ്വന്തം അനുഭവങ്ങളുടെ തീക്ഷ്ണതയിൽ ചാലിച്ച അദ്ദേഹത്തിൻ്റെ പ്രതികരണങ്ങൾ കേൾക്കുന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിയിക്കും. ഇന്ത്യയിൽ ജീവിക്കാൻ കേരളം പോലെ ഒരു സംസ്ഥാനമുള്ളത് വലിയ അനുഗ്രഹമാണെന്ന് പറഞ്ഞ ഫറൂഖ് സാഹിബ്, കാശ്മീരിൻ്റെ വർത്തമാന ജീവിതത്തിൻ്റെ വിഹ്വലതകളെല്ലാം പറയാതെ പറഞ്ഞു. അദ്ദേഹത്തിൻ്റെ തേങ്ങൽ കേട്ടവർ നെഞ്ചത്ത് കൈവെച്ചു. ഈ മലയാളത്തുരുത്തിനെ ചിറ കെട്ടി പ്രതിരോധിക്കുന്ന പിണറായി വിജയൻ്റെ അസാമാന്യ നേതൃപാടവത്തെ ഫറൂഖ് അബ്ദുല്ല അഭിനന്ദിച്ചു. ഇന്ത്യ വേദനയുടെ താഴ്വാരത്താണെന്ന തോന്നലാണ് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിഴലിച്ചത്. ഒരു വയോധികൻ്റെ നിസ്സഹായത അദ്ദേഹത്തെ അലട്ടുന്നതായി തോന്നി.
വരാനിരിക്കുന്ന വർഷങ്ങൾക്കായി ദീർഘവീക്ഷണത്തോടെ പ്രതീക്ഷകളുടെ തേരിലേറി കുതിക്കാൻ വെമ്പുന്ന കേരളത്തെ അട്ടിനന്ദിച്ച ഫറൂഖ്, പ്രസംഗശേഷം പിണറായി വിജയനെ ആലിംഗനം ചെയ്തു. സാധാരണ ഒരാശ്ലേഷണമായിരുന്നില്ല അത്. അഭിനയ മറിയാത്ത രണ്ടു മനുഷ്യരുടെ അകളങ്കമായ സ്നേഹപ്രകടനത്തിൽ കേരളം അലിഞ്ഞു. പിന്നിട്ട പത്തു വർഷം ഉണ്ടായ നേട്ടങ്ങൾ അപഗ്രഥിച്ച വിഷൻ 2031 വരാനിരിക്കുന്ന അഞ്ചു വർഷത്തേക്കുള്ള മാസ്റ്റർ പ്ലാനും ചർച്ചകളിലൂടെ സംഗ്രഹിച്ചു. രണ്ടാമൂഴം ചുവപ്പിന് നൽകിയ മലയാളികൾക്ക് തെറ്റിയില്ല. ഇന്ത്യയിൽ നമ്പർ വൺ ആയി കേരളം. മൂന്നാമൂഴവും ഇടതിന് നൽകിയാൽ ലോക മാതൃകയിലേക്ക് കേരളം വളരുമെന്ന സന്ദേശമാണ് അമർത്യാ സെന്നും മണിശങ്കരയ്യരും സുഹാസിനിയും ഫറൂഖ് അബ്ദുല്ലയും പങ്കുവെച്ചത്.
മതഭ്രാന്തൻമാരെയും വർഗ്ഗീയ വാദികളെയും നിലക്കു നിർത്തിയ പിന്നിട്ട ശതകം ഭാവിയിലും തുടരാൻ പിണറായിക്ക് കഴിയട്ടെ എന്ന് ഫറൂഖ് അബ്ദുല്ല ആലിംഗനത്തിലൂടെ മനസ്സു കൊണ്ട് ആശംസിച്ചത് ആ രംഗത്തിന് സാക്ഷിയായവരെ ആവേശഭരിതമാക്കിയത് സ്വാഭാവികം. സമീപകാലത്തൊന്നും ഇത്രയും നല്ലൊരു സ്നേഹപ്രകടനത്തിലൂടെ ഇന്ത്യൻ രാഷ്ട്രീയം കടന്നു പോയത് ഓർമ്മിച്ചെടുക്കാൻ പ്രയാസമാണ്. ജനാധിപത്യത്തെ തടവിലാക്കി മോദിയും കൂട്ടരും കാട്ടുന്ന ധ്വംസനങ്ങൾ വിവരിക്കവെ ഫറൂഖ് എന്ന അതികായൻ്റെ കണ്ണുകൾ കലങ്ങിമറിഞ്ഞിരുന്നു. കവിളുകളിലെ പേശികൾ വരിഞ്ഞ് മുറുകിയിരുന്നു. ഇന്ത്യയിലെ തല മുതിർന്ന രാഷ്ട്രീയ നേതാവിനെ അത്യന്തം സ്നേഹത്തോടെ തൻ്റെ കൈകൾ കൊണ്ട് നെഞ്ചോടു ചേർക്കുമ്പോൾ പിണറായിയുടെ മുഖത്ത് വിരിഞ്ഞ ബഹുമാനം നൽകിയ മൈത്രിയുടെ സന്ദേശം അനിർവചനീയമാണ്. വല്ലാത്തൊരു ഫീൽ. ഞാനാ ചിത്രത്തിലേക്ക് ഒരുപാട് നേരം നോക്കിയിരുന്നു. ഹൃദയം തൊട്ട ഒരു കാഴ്ച'.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications